കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ പേരിൽ യുഡിഎഫിനെതിരെ നിലപാട് കർക്കശമാക്കി സമസ്ത. പിണറായി വിജയൻ സർക്കാറിനെ പുകഴ്‌ത്തി ക്കൊണ്ടാണ് സമസ്ത യുഡിഎഫിനെതിരെ നിലപാട് അറിയിച്ചത്. പോരായ്മയുണ്ടെങ്കിലും പിണറായി സർക്കാരിൽ സംതൃപ്തിയെന്ന് സമസ്ത മുശവറ അംഗം ഉമർ ഫൈസി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളപര്യടനത്തിന്റെ ഭാഗമായി മുസ്ലിം സമുദായ സംഘടനകളുമായി നടത്തിയ യോഗത്തിലാണ് സമസ്ത പരസ്യമായി നിലപാട് വ്യക്തമാക്കിയത്. ജമാഅത്തെ ഇസ്ലാമിയുമായി ധാരണയിലെത്താനുള്ള യു.ഡി.എഫ് നീക്കത്തെ സമസ്ത രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

സമസ്താ മുഷാവറ അംഗം ഉമർ ഫൈസിയാണ് യോഗത്തിലെത്തി നിലപാട് വ്യക്തമാക്കിയത്. മതരാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാൽ തെരഞ്ഞെുടപ്പിൽ യു.ഡി.എഫിന് എതിർക്കുമെന്നും ഉമർ ഫൈസി വ്യക്തമാക്കി. സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാരാണ് അധികാരത്തിൽ വരേണ്ടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളപര്യടനത്തിന്റൈ ഭാഗമായി നടന്ന യോഗത്തിൽ നിന്നും ജമാഅത്തെ ഇസ് ലാമിയെ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നടപടിയെയും സമസ്ത പിന്തുണച്ചു. ജമാഅത്തെ ഒഴികെയുള്ള മറ്റെല്ലാ മുസ്ലിം സംഘടനകളെയും യോഗത്തിന് ക്ഷണിച്ചിരുന്നു. അതേസമയം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലെ വെൽഫെയർ പാർട്ടി യു.ഡി.എഫ് മുസ്ലിം ലീഗ് നീക്കുപോക്കിനെതിരെ സമസ്ത രംഗത്തെത്തിയരുന്നു. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ വിഷയത്തിൽ വിമർശനമുന്നയിച്ചിരുന്നു. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണെന്നും അതിനാൽ അക്കാര്യങ്ങളിൽ ഇടപെടില്ലെന്നും പറഞ്ഞ അദ്ദേഹം സഖ്യത്തിന്റെ ഗുണം അനുഭവിക്കുന്ന ലീഗ് തന്നെ അതിന്റെ ദോഷവും അനുഭവിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു.

'വെൽഫെയറുമായുള്ള ലീഗ് കൂട്ടുകെട്ട് തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള നീക്ക്പോക്കായിരിക്കും. ജമാഅത്തിന്റെ നയത്തോട് യോജിക്കില്ലായിരിക്കും. ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം ലീഗിനുണ്ടാകുമെന്ന് കരുതുന്നില്ല. സഖ്യത്തിലെ തകരാർ ജനം ചൂണ്ടിക്കാട്ടിയാൽ മറുപടി പറയാൻ ലീഗിന് കഴിയണം. അതുകൊണ്ടുതന്നെ സഖ്യത്തെക്കുറിച്ച് ആക്ഷേപം ഉയർന്നാൽ തരണം ചെയ്യേണ്ടതും ലീഗ് തന്നെയാണ്. വെൽഫെയറുമായുള്ള സഖ്യത്തിന്റെ ഗുണവും ദോഷവും ലീഗ് തന്നെ അനുഭവിക്കണം,' ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.
മുസ്ലിം രാഷ്ട്രം ഇന്ത്യയിൽ പറ്റില്ല. അതുകൊണ്ടുതന്നെ മതസംഘടന എന്ന നിലയിൽ ജമാഅത്തെയോട് സമസ്തയ്ക്ക് എതിർപ്പുണ്ട്. മതരാഷ്ട്രവാദത്തോടും ദൈവരാജ്യത്തോടും യോജിപ്പില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞിരുന്നു.