മലപ്പുറം: സമസ്തയും മുസ്ലിം ലീഗും തമ്മിൽ തർക്കമുണ്ടെന്ന വാർത്തകൾ കെട്ടി ചമച്ചതാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫി മുത്തുക്കോയ തങ്ങൾ. തങ്ങൾ എല്ലാ കാലത്തും ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി സമസ്ത നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഭിന്നതയുണ്ടെന്ന വാർത്തകൾ നേതാക്കൾ തള്ളിക്കളഞ്ഞത്.

പ്രഫ.കെ.ആലിക്കുട്ടി മുസ്ലിയാരെ ലീഗ് നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും വിലക്കേർപ്പെടുത്തിയെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനോടായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം. ലീഗും സമസ്തയുമായി അഭിപ്രായഭിന്നതയുണ്ടെന്നത് കെട്ടിചമച്ചതാണ്. തമ്മിൽ ഒരു അകലവുമില്ല. ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. അകലമുണ്ടെങ്കിൽ ഇവിടെ വരില്ലല്ലോ. മിക്ക ദിവസവും ഞങ്ങൾ ഫോൺ വിളിക്കാറുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടിയിൽ കോഴിക്കോട് വെച്ച് ഉമ്മർ ഫൈസി മുക്കം പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഒരു വിവാദവും ഇല്ലെന്നും ആലിക്കുട്ടി മുസ്ലിയാരെ ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം ദേഹാസ്വസ്ഥ്യം മൂലമാണ് മടങ്ങിയതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

നേരത്തെ മലപ്പുറത്ത് എത്തിയ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ജനറൽ സെക്രട്ടറിആലിക്കുട്ടി മുസ്ലിയാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതായി സുന്നിസംഘടനകളുടെ സൈബർ ഗ്രൂപ്പുകളിൽ പ്രചാരണം ശക്തമായിരുന്നു. പാണക്കാട്ടും പട്ടിക്കാട്ടെ മതപഠനകേന്ദ്രമായ ജാമിഅ നൂരിയയിലും ആലിക്കുട്ടി മുസ്ലിയാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. സമസ്ത നേതാക്കളുടെ അസ്തിത്വം ചോദ്യം ചെയ്യുന്ന നിലപാടാണ് ലീഗ് നേതാക്കളിൽ നിന്നും ഉണ്ടാവുന്നതെന്നും സൈബർ മാധ്യമങ്ങളിൽ പ്രചരണമുണ്ട്.

സൈബർ അടങ്ങളിൽ ഈ തർക്കം ശക്തമായി ഉയരുകയാണ്. കോഴിക്കോട് വച്ചു നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത സമസ്ത നേതാവ് മുക്കം ഉമ്മർ ഫൈസിയേയും ലീഗ് ബഹിഷ്‌കരിക്കുകയാണെന്നും പല പദവികളിൽ നിന്നും ഉമ്മർ ഫൈസിയെ ഇതിനോടകം നീക്കിയിട്ടുണ്ടെന്നും സമസ്ത പ്രവർത്തകരിൽ ഒരു വിഭാഗം ആരോപിക്കുന്നു. സുന്നി ലീഗ് തർക്കം വിണ്ടൂം രൂക്ഷമാവുന്നതിന്റെ ഭാഗമാണിതെന്നും സൂചനയുണ്ടായിരുന്നു.