മുംബൈ: മാധ്യമങ്ങളെല്ലാം ആഘോഷിച്ച നായകനിൽ നിന്നും വില്ലനിലേക്കുള്ള പരിവേഷത്തിലാണ് സമീർ വാങ്കഡെയുടെ പ്രയാണം. ആര്യൻ ഖാനെ മയക്കുമരുന്നു കേസിൽ കുടുക്കിയത് വാങ്കഡെയുടെ വൈരാഗ്യമാണോ എന്ന വിധത്തിലേക്ക് പോലും ഇപ്പോഴത്തെ ചർച്ചകൾ വളരുന്നു. ആര്യന് കേസിൽ നിന്നും ഒഴിവാക്കാൻ കോടികൾ വാങ്കഡെ ഇടനിലക്കാരൻ വഴി ചോദിച്ചെന്ന ആക്ഷേപത്തിന് പിന്നാലെ ഇപ്പോൾ പുറത്തുവരുന്നത് സമീറും വാങ്കഡെയും തമ്മിലുള്ള പൂർവ്വ വൈരാഗ്യത്തിന്റെ കഥകൾ കൂടിയാണ്.

ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാൻ വാങ്കഡെയുടെ അറിവോടെ ആസൂത്രണം ചെയ്തതാണ് മയക്കുമരുന്ന് കേസെന്നാണ് സാക്ഷിയായ പ്രഭാകർ സെയിൽ എന്നയാൾ ആരോപിച്ചത്. വാങ്കഡെ മുമ്പും ബോളിവുഡ് സെലബ്രിറ്റികളെ വേട്ടയാടിയതായ ആരോപണവും ഇതിന് പിന്നാലെ ഉയർന്നു. സത്യസന്ധനെന്ന വിലയിരുത്തലുണ്ടായിരുന്ന ഉദ്യോഗസ്ഥനായ സമീർ വാങ്കഡെക്കെതിരെ ഉയർന്ന അഴിമതിയാരോപണത്തിൽ എൻ.സി.ബി അന്വേഷണവും തുടങ്ങിയിരിക്കുകയാണ്.

അതേസമയം, ആര്യന്റെ കേസിലല്ല ഷാരൂഖ് ഖാനും സമീർ വാങ്കഡെയും ആദ്യമായി നേർക്കുനേർ വരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 2011ൽ ഷാരൂഖ് ഖാനെ സമീർ വാങ്കഡെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ് ഒന്നരലക്ഷം രൂപ പിഴയിട്ടിരുന്നു. അനുവദനീയമായതിൽ കൂടുതൽ ലഗേജ് കൊണ്ടുവന്നതിനാണ് പിഴയിട്ടത്. ഇക്കാര്യത്തിൽ അടക്കം വാങ്കഡെ പ്രതികാര ബുദ്ധിയോടെ പ്രവർത്തിച്ചു എന്നതാണ് ആരോപണം. ബോളവുഡ് സെലബ്രിറ്റികൾ ആണെങ്കിൽ അവരെ അൽപ്പം ബുദ്ധിമുട്ടിക്കുക എത് വാങ്കഡെയുടെ പതിവു പരിപാടിയാണ്. ഈ ആരോപണം ഇപ്പോൾ എൻസിപി നേതാക്കളും ഉന്നയിക്കുന്നുണ്ട്.

2011ൽ മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം തലവനായിരുന്നു സമീർ വാങ്കഡെ. നിരവധി താരങ്ങളെ വാങ്കഡെ ഇക്കാലയളവിൽ ചോദ്യംചെയ്തിട്ടുണ്ട്. 2011 ജൂലൈയിലാണ് ഷാരൂഖ് ഖാനെ തടഞ്ഞതും മണിക്കൂറുകളോളം ചോദ്യംചെയ്തതും. കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിട്ട ശേഷം ലണ്ടനിൽ നിന്നെത്തിയതായിരുന്നു ഷാരൂഖ്. അനുവദനീയമായതിലും കൂടുതൽ ലഗേജ് കൊണ്ടുവന്നതിന് സമീർ വാങ്കഡെ താരത്തെ തടയുകയായിരുന്നു. പിന്നീട്, ഒന്നര ലക്ഷം പിഴയീടാക്കിയാണ് വിട്ടത്. അന്ന് മണിക്കൂറുകളോളമാണ് ഷാരൂഖിനെയു കുടുംബത്തെയും വിമാനത്താവളത്തിൽ ഇരുത്തിച്ചത്.

ബോളിവുഡ് സെലിബ്രിറ്റികളിൽനിന്ന് വാങ്കഡെ പണം തട്ടിയെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. പേരുവെളിപ്പെടുത്താത്ത നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ നൽകിയ കത്തിലെ വിവരമാണിതെന്നാണ് മാലിക് വിശദീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരമാണ് വാങ്കഡെക്ക് എൻ.സി.ബിയിൽ സോണൽ ഡയറക്ടർ നിയമനം ലഭിച്ചതെന്ന് കത്തിൽ പറയുന്നു.

ഇതിനുപിന്നാലെയാണ് ബോളിവുഡ് താരങ്ങളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അന്വേഷണം തുടങ്ങുന്നതും പണം തട്ടുന്നതും. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, കരീഷ്മ പ്രകാശ്, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിങ്, ഭാരതി സിങ്, ഹർഷ് ലിംബാച്ചിയ, റിയ ചക്രവർത്തി, സൗവിക് ചക്രവർത്തി, അർജുൻ രാംപാൽ എന്നിവരിൽനിന്ന് പണം തട്ടി. ആയാസ് ഖാൻ എന്ന അഭിഭാഷകൻ മുഖേനയാണ് പണം തട്ടിയത്. ആയാസ് സമീർ വാങ്കഡെയുടെ സുഹൃത്താണെന്നും ഇയാൾ യാതൊരു മുന്നറിയിപ്പോ തടസങ്ങളോ ഇല്ലാതെ എൻ.സി.ബി ഓഫിസ് സന്ദർശിക്കാറുണ്ടെന്നും കത്തിൽ പറയുന്നു.

ഒരു ബോളിവുഡ് താരത്തെ കേസുമായി ബന്ധപ്പെടുത്തുമ്പോൾ അഭിഭാഷകനായ ആയാസ് ഇടപെടും. കമൽപ്രീത് സിങ് മൽഹോത്രയും വാങ്കഡെയും പണത്തിന്റെ പങ്ക് രാകേഷ് അസ്താനക്ക് കൈമാറാറുണ്ടെന്നും കത്തിൽ പറയുന്നു. നിരവധി കേസുകൾ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം, ആര്യൻ ഖാനെതിരായ കേസ് സമീർ വാങ്കഡെ തന്നെ അന്വേഷണം തുടരുമെന്ന് എൻ.സി.ബി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വാങ്കഡെക്കെതിരെ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം തുടരും. ഇന്നലെ നാലു മണിക്കൂറോളമാണ് വാങ്കഡെയെ എൻ.സി.ബി ഉദ്യോഗസ്ഥർ ചോദ്യംചെയ്തത്. അതേസമയം ആരോപണങ്ങളെല്ലാം വാങ്കഡെ നിഷേധിക്കുകയായിരുന്നു.