പാലക്കാട്: ആർഎസ്എസ് നേതാവ് എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസിൽ സഞ്ജിത്തിനെ ഭാര്യയുടെ കൺമുന്നിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ അറസ്റ്റുണ്ടായത് എൻഐഎ അന്വേഷണ ആവശ്യം ബിജെപി ശക്തമാക്കുന്നതിനിടെ. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പു അടക്കം അടുത്ത പശ്ചാത്തലത്തിൽ ദേശീയ തലത്തിൽ അടക്കം ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം സജീവ ചർച്ചയാക്കാൻ ബിജെപി ഒരുങ്ങുന്നുണ്ട്. ഇതിന് വേണ്ടി എൻഐഎ അന്വേഷണ ആവശ്യവും ബിജെപി ശക്തമാക്കുകയാണ്.

സഞ്ജിത്തിന്റെ കൊലപാതകക്കേസിൽ എൻഐഎഅന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. ഡൽഹിയിലെ അമിത് ഷായുടെ വസതിയിലാണ് കൂടിക്കാഴ്‌ച്ച നടന്നത്. കേന്ദ്ര മന്ത്രി വി മുരളീധരനും സുരേന്ദ്രനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരും പൊലീസും ചേർന്ന് സഞ്ജിത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും എൻഐഎ അന്വേഷണം വേണമെന്നും സുരേന്ദ്രൻ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

തൃശൂർ സിപിഎം ഭരിക്കുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിൽ സിബിഐ അന്വേഷണം നടത്തണമെന്നും ബിജെപി അധ്യക്ഷൻ കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു. ബിജെപിയുടെ നീക്കം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഭാരവാഹി അറസ്റ്റിലായെന്നും രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്നും പൊലീസ് വ്യക്തമാക്കിയത്. മുണ്ടക്കയത്തു നിന്നും കസ്റ്റഡിയിൽ എടുത്തയാളാണ് അറസ്റ്റിലായ കൊലയാളിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

തിരിച്ചറിയൽ പരേഡ് ഉൾപ്പെടെ നടത്തേണ്ടതിനാൽ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സഞ്ജിത്തിന്റെ ഭാര്യ അർഷികയ്ക്ക് മുമ്പിലാകും പ്രതികളെ തിരിച്ചറിയൽ പരേഡിനായി ഹാജരാക്കുക. കൊലയാളി സംഘത്തെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അറിയിച്ചു. ഒളിവിൽ കഴിയാൻ പ്രതികൾക്കു സഹായം നൽകിയ ചിലരുൾപ്പെടെ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.

ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് ആയ സഞ്ജിത്തിനെ കഴിഞ്ഞ 15നു രാവിലെ ഒൻപതിനാണു കിണാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ 5 അംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കിൽ വരുന്നതിനിടെയായിരുന്നു ആക്രമണം. പിന്നാലെ കാറിലെത്തിയ കൊലയാളി സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച് സഞ്ജിത്തിനെ വെട്ടിവീഴ്‌ത്തുകയായിരുന്നു. സഞ്ജിത്തിന്റേതു രാഷ്ട്രീയ കൊലപാതകമാണെന്നും മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

മൊബൈൽ ഫോൺ തെളിവുകൾ പോലും ഇല്ലാതിരുന്ന സംഭവത്തിൽ പ്രതികളെത്തിയ വാഹനം തിരിച്ചറിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. കൃത്യത്തിനു ശേഷം പ്രതികൾ കടന്നുകളഞ്ഞ കാർ വഴിയിൽ കേടായി. വാഹനം നന്നാക്കാൻ മറ്റൊരു വാഹനം എത്തി. ഇതിന്റെ നമ്പർ തേടിപ്പിടിച്ചു നടത്തിയ അന്വേഷണമാണു പ്രതികളിലേക്ക് എത്തിച്ചത്.

തലയിലേറ്റ വെട്ടാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക പരിശോധനയിൽ വ്യക്തമാക്കിയിരുന്നു. മുപ്പതിലേറെ വെട്ടുകളാണ് സഞ്ജിത്തിന്റെ ശരീരത്തിലേറ്റത്. ഒരു കൊല്ലം മുമ്പ് സഞ്ജിത്തിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുമായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എസ്ഡിപിഐ നടത്തിയതെന്നാണ് ബിജെപി ആരോപണം.

കരഞ്ഞ് പറഞ്ഞിട്ടും അക്രമികൾ പിന്മാറാൻ തയ്യാറായില്ലെന്ന് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിന്റെ ഭാര്യ അർഷിക നേരത്തെ പറഞ്ഞിരുന്നു. കാറിലെത്തിയ സംഘത്തെ കണ്ടാൽ തിരിച്ചറിയുമെന്നും അർഷിക പറഞ്ഞു. ബൈക്കിൽ കാറിടിച്ച് വീഴ്‌ത്തിയതിന് പിന്നാലെയാണ് വെട്ടിയതെന്ന് സഞ്ജിത്തിനൊപ്പമുണ്ടായിരുന്ന ഭാര്യ അർഷിക. ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു ആക്രമണം. തടയാൻ നോക്കിയെങ്കിലും ഒന്നും ചെയ്യാനായില്ല. ആക്രമിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും അവർ വ്യക്തമാക്കിയിരുന്നു.