ചെന്നൈ: പിറകിലേക്കോടി ക്യാച്ചെടുത്ത കപിൽദേവിനെ ഇന്ത്യക്കാർക്ക് അറിയാം.അത്തരത്തിൽ കാണികളെ വിസ്മയിപ്പിച്ച് ഇതാ ഇന്ത്യൻ താരത്തിന്റെ മറ്റൊരു ക്യാച്ച്. ഐപിഎല്ലിൽ ഇന്ന് നടന്ന ഡൽഹി - രാജസ്ഥാൻ മത്സരത്തിലാണ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് സഞ്ജുവിന്റെ ക്യാച്ച് പിറന്നത്.വിക്കറ്റിന് പിന്നിൽ നിന്ന് പിറകിലേക്ക് പറന്നായിരുന്നു രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ ക്യാച്ച്.

നാലാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. ജയ്ദേവിനെ ഓഫ്സൈഡിലേക്ക് ഇറങ്ങി ബൗണ്ടറി നേടാൻ ശ്രമിച്ച ധവാൻ പിഴച്ചു. സഞ്ജുവിന് ക്യാച്ചെടുക്കാൻ കഴിയില്ലെന്ന് തോന്നിച്ചെങ്കിലും പിറകിലേക്ക് പറന്ന് സഞ്ജു പന്ത് കൈപ്പിടിയിലൊതുക്കി.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഡൽഹിയുടെ വിജയശിൽപ്പിയാണ് ശിഖർ ധവാൻ. 54 പന്ത് നേരിട്ട താരം 85 റൺസാണ് അടിച്ചെടുത്തത്. മത്സരത്തിൽ മാൻ ഓഫ് ദി മാച്ചും ധവാനായിരുന്നു.

പവർ പ്ലേയിൽ ഡൽഹി ക്യാപ്റ്റൽസിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ആറോവറിൽ 36 റൺസിന് മൂന്ന് വിക്കറ്റുകൾ വീണു. കഴിഞ്ഞ മത്സരത്തിൽ മിന്നും ഫോമിൽ കളിച്ച ചേതൻ സകറിയെയാണ് റോയൽസിന് വേണ്ടി ആദ്യം പന്തെറിഞ്ഞത്. ആദ്യ ഓവറിൽ രണ്ട് റൺസ് മാത്രം വഴങ്ങി. സമ്മർദ്ദം രണ്ടാം ഓവറിലേക്ക് നീണ്ടപ്പോൾ ജയ്ദേവ് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.

കഴിഞ്ഞ തവണത്തെ ഹീറോ പൃഥ്വി ഷായാണ് പുറത്തായത്. രണ്ടാം ഓവറിൽ മൂന്ന് റൺസ് മാത്രമാണ് ജയ്ദേവ് വഴങ്ങിയത്. മൂന്നാം ഓവറിൽ രണ്ട് ബൗണ്ടറിയോടെ സകറിയ 11 റൺസ് വിട്ടുനൽകി. നാലാം ഓവറിൽ വീണ്ടും ജയദേവിന്റെ ആക്രമണം ഇത്തവണ ആദ്യ പന്തിൽ ശിഖർ ധവാൻ കൂടാരം കയറി. 9 റൺസാണ് ധവാന്റെ സംഭാവന. ഈ ഓവറിൽ വഴങ്ങിയത് വെറും നാല് റൺസ്.