കൊച്ചി: കൊച്ചിയിലെ മുട്ടാർ പുഴയിൽ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തിൽ പുതിയ ആരോപണവുമായി സനു മോഹന്റെ മാതാവ് സരള. മരുമകളുടെ ബന്ധുക്കൾ പലതും ഒളിച്ചുവെക്കുന്നതായി കാണാതായ പിതാവ് സനുമോഹന്റെ അമ്മ സരള പറഞ്ഞു. 5 വർഷമായി സനുമോഹനും കുടുംബവും കൊച്ചിയിൽ ഒളിവിൽ കഴിയുന്ന കാര്യം ഭാര്യയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്നും മകനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയെന്നാണ് കരുതുന്നതെന്നും അവർ വ്യക്തമാക്കി.

ദുരൂഹ സാഹര്യത്തിൽ വൈഗ മുങ്ങിമരിച്ചിട്ട് 21 ദിവസങ്ങൾ പിന്നിട്ടെങ്കിലും ഒളിവിൽ പോയ പിതാവ് സനുമോഹനെ കണ്ടെത്താനാവാതെ ഇരുട്ടിൽ തപ്പുകയാണ് അന്വേഷണ സംഘം. ഇതിനിടെയിലാണ് കൂടുതൽ ആരോപണങ്ങളുമായി സനുമോഹന്റെ കുടുംബം രംഗത്തെത്തുന്നത്. പൂണെയിൽ സാമ്പത്തിക ബാധ്യതകളുണ്ടായതിനെ തുടർന്ന് കൊച്ചിയിലെത്തിയ മകനെയും കുടുംബത്തെയും ബന്ധുക്കൾ ചേർന്ന് 5 വർഷമായി അകറ്റി നിർത്തിയെന്നാണ് അമ്മയുടെ പരാതി. മരുമകളുടെ ബന്ധുക്കൾ പറയുന്ന കാര്യങ്ങളിൽ അസ്വഭാവികതയുണ്ടെന്നും സരള പറയുന്നു. എന്നാൽ ആരോപണ വിധേയരായ ബന്ധുക്കൾ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

അതേസമയം കഴിഞ്ഞ ദിവസം വൈഗയുടെ പിതാവ് സനു മോഹന്റെ തിരോധാനത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി സനു മോഹന്റെ സഹോദരൻ രംഗത്തുവന്നിരുന്നു. സംഭവത്തിൽ മറ്റാർക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അതെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സഹോദരൻ ഷിനു മോഹൻ രംഗത്തെത്തിയത്.

വൈഗയുടെ മരണത്തിന് മൂന്നു ദിവസം മുൻപ് സനു മോഹൻ പണം നൽകാനുള്ള ചിലർ കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ എത്തിയിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. ഇക്കാര്യം സനു മോഹന്റെ ഭാര്യയാണ് തന്നോടു പറഞ്ഞത്. ഇവർ ഫ്‌ളാറ്റിന്റെ മുറ്റത്ത് പോയാണ് സംസാരിച്ചത്. അതുകൊണ്ടുതന്നെ ഭീഷണിപ്പെടുത്തിയിരുന്നോ എന്ന കാര്യം വ്യക്തമല്ല. വൈഗയുടെ മരണത്തിൽ സനുവിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സഹോദരൻ പറഞ്ഞു.

അതേസമയം, സനു മോഹൻ ഉപയോഗിച്ചിരുന്ന ഫോൺ മുതൽ ഇദ്ദേഹത്തിന്റെ പഴയ സുഹൃത്തുക്കൾ വരെ പൊലീസ് നിരീക്ഷണത്തിലാണ്. കാണായാതിനു ശേഷം കൈവശമുള്ള ഫോണുകൾ ഉപയോഗിക്കുകയോ മറ്റൊരു സിം ഇട്ട് പ്രവർത്തിപ്പിക്കുകയോ ചെയ്തിട്ടില്ല. മറ്റാരുടെയെങ്കിലും ഫോൺ ഉപയോഗിക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്.

സനു തമിഴ്‌നാട്ടിലാണെന്ന സംശയം ബലപ്പെട്ടിരുന്നെങ്കിലും ഇയാൾ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. നിലവിൽ രണ്ട് സംഘങ്ങൾ തമിഴ്‌നാട്ടിൽ അന്വേഷിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ഇടത്തരം ഹോട്ടലുകളിലാണ് ഇവർ പ്രധാനമായും അന്വേഷണം നടത്തുന്നത്. ഹോട്ടൽ രജിസ്റ്ററുകളിൽ സനു മോഹന്റെ കൈയക്ഷരവുമായി സാമ്യമുള്ള എഴുത്തുണ്ടോയെന്ന പരിശോധനയാണ് മുഖ്യം. ഇതിനിടെ കേരളത്തിൽ മലപ്പുറം ജില്ലയിലേക്ക് ഇയാൾ കടന്നുവെന്ന സംശയത്തിൽ ഇവിടെയും പെരുമ്പാവൂരിലും പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി കങ്ങരപ്പടിയിൽ ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിലുള്ളവരിൽ നിന്ന് വീണ്ടും കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റെ വിവരങ്ങൾ തേടി. ശനിയാഴ്ച ഡി.സി.പി. നേരിട്ടെത്തി പലരിൽ നിന്നും വിവരശേഖരണം നടത്തിയിരുന്നു. ഇതിൽ ചിലരെയാണ് വീണ്ടും ഇവർ ഔദ്യോഗികമായി വിളിപ്പിച്ച് വിവരം തേടുന്നത്. വൈഗയുമായുള്ള സനു മോഹന്റെ അടുപ്പമാണ് പ്രധാനമായും ചോദിച്ചറിയുന്നത്. സംഭവത്തിൽ ദുരൂഹത വർധിച്ചതോടെയാണ് മൂന്നു ദിവസമായി ഡി.സി.പി. നേരിട്ടെത്തി തെളിവെടുപ്പും പരിശോധനയുമെല്ലാം നടത്തുന്നത്. കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ മുട്ടാർപ്പുഴയുടെ പരിസരത്തും ഐശ്വര്യ ഡോങ്റെ പരിശോധന നടത്തിയിരുന്നു.