കൊച്ചി: സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണം പൂർത്തിയാകാതെ ആർക്കും നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത് രണ്ട് ദിവസം മുമ്പാണ്. മുഖ്യമന്ത്രിക്കും രാഷ്ട്രീയ പ്രമുഖർക്കും എതിരെയാണ് സ്വപ്‌നയുടെ മൊഴികൾ എന്ന് വ്യക്തമാണ്. എന്നിട്ടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടപ്പോൾ ഈ മൊഴികൾ നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. ക്രൈംബ്രാഞ്ചിന് നൽകാനാവില്ലെന്ന് പറഞ്ഞ സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകർപ്പു തേടി സരിത എസ് നായർ രംഗത്തിറങ്ങിയിരിക്കുന്നത്.

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പിനായി സരിത എസ്. നായർ കോടതിയെ സമീപിച്ചിരിക്കയാണ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. സ്വപ്നയുടെ രഹസ്യ മൊഴിയിൽ തനിക്കെതിരേ ആരോപണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്. സ്വപ്നയ്ക്ക് എതിരായ കേസിൽ സരിതയുടെ രഹസ്യമൊഴി ഈ മാസം എടുക്കാൻ നിശ്ചയിച്ചിട്ടുണ്ട്. അതിനിടെയാണ് സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് സരിത ആവശ്യപ്പെട്ടിരിക്കുന്നത്.

സരിതയുടെ നീക്കത്തിന് പിന്നിൽ സർക്കാറും സിപിഎമ്മും ആണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തേണ്ട ആവശ്യം അടക്കം വിമർശന വിധേയമാണ്. മാത്രമല്ല, കെ ടി ജലീൽ നൽകിയ പരാതിയിൽ സരിതയുടെ ആരോപണങ്ങൾ കൂടി ശരിവെച്ചു കൊണ്ടാണ് ഗൂഢാലോചനക്ക് കേസെടുത്തിരിക്കുന്നത്. ഇതെല്ലാം സ്്വപ്നയെ നേരിടാൻ സരിതയെ സർക്കാർ കളത്തിലറക്കുന്നു എന്ന ആരോപണത്തിന്റെ ശക്തി കൂട്ടുന്നതാണ്.

അതേസയം സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണം പൂർത്തിയാകാതെ ആർക്കും നൽകാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയാണ്. മൊഴി പകർപ്പ് അന്വേഷണ ഏജൻസിക്ക് നൽകിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനെ ഈ കേസിലെ അന്വേഷണ ഏജൻസിയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ നിരീക്ഷണം നടത്തിയത്. കൂടാതാ ഈ ഹർതി കോടതി തള്ളുകയും ചെയ്തിരുന്നു.

സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെയും സത്യവാങ്മൂലത്തിന്റെയും പകർപ്പ് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ രഹസ്യമൊഴിയുടെ പകർപ്പ് ലഭിക്കാൻ ക്രൈംബ്രാഞ്ചിന് നിയമപരമായ എന്ത് അവകാശമാണുള്ളതെന്ന് കോടതിയുടെ ചോദിച്ചു. സ്വപ്ന രഹസ്യമൊഴി നൽകിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണത്തിന് മൊഴി പകർപ്പ് അനിവാര്യമാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

അതേസമയം, മൊഴി പകർപ്പ് വാങ്ങാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തെ സ്വപ്നയുടെ അഭിഭാഷകൻ ശക്തമായി എതിർത്തു. ക്രൈംബ്രാഞ്ച് അപേക്ഷയ്ക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും രഹസ്യമൊഴി എങ്ങനെയെങ്കിലും വാങ്ങിയെടുക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചു. ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിലാണ് രഹസ്യമൊഴി നൽകിയിരിക്കുന്നതെന്നും ഈ കേസിലെ അന്വേഷണ ഏജൻസി ഇ.ഡിയാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

ഇതേ വാദം തന്നെയാണ് ഇ.ഡി.യുടെ അഭിഭാഷകനും കോടതിയിൽ ഉന്നയിച്ചത്. കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അതിനാൽ രഹസ്യമൊഴിയുടെ പകർപ്പ് ആർക്കും നൽകാനാവില്ലെന്നും ഇ.ഡി.യുടെ അഭിഭാഷകൻ പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിൽ സർക്കാർ അഭിഭാഷകനും സ്വപ്നയുടെ അഭിഭാഷകനും തമ്മിൽ രൂക്ഷമായ വാദപ്രതിവാദമാണ് അരങ്ങേറിയത്.