കോഴിക്കോട്: സൗദിയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് മാവൂർ ചെറൂപ്പ സ്വദേശി മരണപ്പെട്ടു. ചെറൂപ്പ വൈത്തലക്കുന്നുമ്മൽ അഫസലാണ് മരണപ്പെട്ടത്. 33 വയസ്സുണ്ടായിരുന്നു. ഇന്നലെ രാവിലെയാണ്് അപകടമുണ്ടായത്. ജോലി ആവശ്യത്തിനായി ദമാമിൽ നിന്ന് റിയാദിലേക്ക് പോകുംവഴി റിയാദ് ദമാം ഹൈവേയിൽ ഹുറൈറക്ക് സമീപം വച്ചാണ് അപടകമുണ്ടായത്. എട്ട് വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നയാളാണ് അഫസൽ.

ദമാമിലെ ഒരു ടയർകടയിലെ ജീവനക്കാരനായ അഫ്സൽ കടയിലേക്ക് സാധനങ്ങൾ എടുക്കാൻ പോകുമ്പോഴാണ് അപകടമുണ്ടായത്. കടയിലേക്കുള്ള സാധനങ്ങൾ എടുക്കാനായി പുലർച്ചെ ദമാമിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു. രാവിലെ എട്ട് മണിയോടെ ദമാമിൽ നിന്ന് 145 കിലോമീറ്റർ അകലെയുള്ള ഹുറൈറക്ക് സമീപമുള്ള മിഅതൈൻ പാലം കഴിഞ്ഞ ഉടനെ അഫ്സൽ സഞ്ചരിച്ച വാഹനത്തിന് പിന്നിൽ സൗദി പൗരന്റെ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞ വാഹനത്തിൽ നിന്ന് തെറിച്ചുവീണ അഫ്സലിന് തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. അഫസൽ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു.അഫ്സൽ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഇർഷാദിനെ പരിക്കുകളോടെ ഉറയ്റ പ്രിൻസ് സുൽത്താൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫ്സലിന്റെ മൃതദേഹം പ്രിൻസ് സുൽത്താൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കെ.എം.സി.സി പ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി അനന്തരനടപടികൾ സ്വീകരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എട്ട് വർഷമായി ദമാമിലുള്ള അഫ്‌സൽ അവസാനമായി നാട്ടിലെത്തിയത് നാല് മാസം മുമ്പാണ്. നാട്ടിൽ പുതിയ വീടിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് അഫസലിന്റെ വിയോഗം. പിതാവ് : വി കെ ഹമീദ്, മാതാവ് : സുഹറാബി , ഭാര്യ ഷംന ഓമാനൂർ, മക്കൾ: മുഹമ്മദ് അജ്നാസ് (5), ഫാത്തിമ തൻഹ (3). സഹോദരൻ വി കെ ഫൈസൽ.