കോയമ്പത്തൂർ: കോയമ്പത്തൂരിൽ പീഡനത്തിന് ഇരയായ പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. പെൺകുട്ടി മുമ്പ് പഠിച്ചിരുന്ന സ്‌കൂളിലെ അദ്ധ്യാപകൻ മിഥുൻ ചക്രവർത്തിയാണ് പിടിയിലായത്. പോക്‌സോ വകുപ്പ്, പീഡനം, ആത്മഹത്യക്ക് പ്രേരിപ്പിച്ചതടക്കമുള്ള വകുപ്പുകൾ അനുസരിച്ചാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് കാരണം അദ്ധ്യാപകന്റെ പീഡനെ ആണെന്ന് പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ അദ്ധ്യാപകന്റെ പേര് എഴുതി വച്ചാണ് ആത്മഹത്യ ചെയ്തതും.കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പൊലീസ് പറയുന്നതനുസരിച്ച് ആറു മാസം മുമ്പ് സ്‌കൂളിനുള്ളിൽ വച്ച് മിഥുൻ ചക്രവർത്തി പ്ലസ് ടു വിദ്യാർത്ഥിയായ പെൺകുട്ടിയെ നിരന്തരം പീഡനത്തിന് വിധേയമാക്കിയിരുന്നു. ലോക്ക്ഡൗൺ സമയമായതിനാൽ സ്‌കൂൾ അടച്ചിട്ടിരുന്നുവെങ്കിലും പഠന സംബന്ധമായ ചില ജോലികളിൽ തന്നെ സഹായിക്കുന്നതിന് വേണ്ടി മിഥുൻ ചക്രവർത്തി പെൺകുട്ടിയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു.

നാലു മാസം മുമ്പ് അദ്ധ്യാപകനെതിരെ വിദ്യാർത്ഥി സ്‌കൂൾ പ്രിൻസിപ്പാളിനോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം അത് കാര്യമായെടുക്കാതെ പെൺകുട്ടിയെ സമാധാനിപ്പിച്ച് വിടുകയായിരുന്നു.തുടർന്ന് തനിക്ക് ആ സ്‌കൂളിൽ പോകാൻ സാധിക്കില്ലെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ടി സി വാങ്ങിക്കാൻ ചെന്ന പെൺകുട്ടിയേയും മാതാപിതാക്കളേയും സ്‌കൂൾ അധികൃതർ മുൻകൈയെടുത്ത് ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണിക്കുകയായിരുന്നു.

രണ്ടു മാസം മുമ്പ് സ്‌കൂൾ മാറിയെങ്കിലും പഴയ സംഭവങ്ങളിൽ നിന്നും വിദ്യാർത്ഥിനി പൂർണമായും മുക്തയായിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.