ഉദയ് പുർ: ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ട അധ്യപികയെ സ്‌കൂൾ അധികൃതർ പിരിച്ചുവിട്ടു. നഫീസ അത്താരി എന്ന അദ്ധ്യാപികയെയാണ് രാജസ്ഥാനിലെ ഉദയ്പൂരിലെ നീരജ് മോദി സ്‌കൂൾ പിരിച്ചുവിട്ടത്. ഞായറാഴ്ചയാണ് ഇന്ത്യ പാക്സ്ഥാനോട് ദുബായിൽ നടന്ന മത്സരത്തിൽ പത്ത് വിക്കറ്റിന് പരാജയപ്പെട്ടത്

ഇതിന് പിന്നാലെയാണ് നഫീസ അത്താരി പാക്കിസ്ഥാന്റെ വിജയ നിമിഷത്തിന്റെ ടെലിവിഷൻ ദൃശ്യം അടക്കം. 'വിജയിച്ചു, നമ്മൾ ജയിച്ചു' എന്ന വാക്കുകളോടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത്. ഇതിനെ തുടർന്ന് അടുത്ത ദിവസം ഒക്ടോബർ 25ന് തന്നെ ഇവരെ പുറത്താക്കി സ്‌കൂൾ നോട്ടീസ് നൽകിയെന്നാണ് ഇന്ത്യടുഡേ റിപ്പോർട്ട് പറയുന്നത്.

റിപ്പോർട്ട് പ്രകാരം നഫീസ അത്താരിയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് കണ്ടയുടൻ ഇവർ പഠിപ്പിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവ് ഇവരോട് വാട്ട്‌സ്ആപ്പിലൂടെ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരുടെ ചോദ്യങ്ങൾക്ക് ഇവർ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നു എന്ന് ഉറച്ചുപറഞ്ഞു. അതിനകം വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വൈറലായി. ഇത് സ്‌കൂൾ മാനേജ്‌മെന്റിന്റെ ശ്രദ്ധയിലും എത്തി.

തുടർന്നാണ് സ്‌കൂൾ നടത്തുന്ന ട്രസ്റ്റ് ഇവരെ എത്രയും വേഗം സ്‌കൂളിൽ നിന്നും നീക്കം ചെയ്തതായി നോട്ടീസ് ഇറക്കിയത്. അതേ സമയം പിന്നീട് പ്രദേശിക ചാനലിൽ തന്റെ വിശദീകരണവുമായി നഫീസ രംഗത്ത് എത്തി.

വീട്ടിനുള്ളിൽ നടന്ന ഒരു പന്തയത്തിന്റെ ഭാഗമായാണ് ആ സ്റ്റാറ്റസ് ഇട്ടത്. ഞാൻ ഇന്ത്യക്കാരിയാണ്. ഇന്ത്യയെ എന്തിലേറെ സ്‌നേഹിക്കുന്നു. ഞാൻ ചെയ്തതിലെ തെറ്റ് മനസിലാക്കി പിന്നീട് സ്റ്റാറ്റസ് ഡിലീറ്റ് ചെയ്തു, നഫീസ പറയുന്നു.

കുട്ടിയുടെ രക്ഷിതാവിന്റെ ചോദ്യം താൻ തമാശയായാണ് എടുത്തതെന്നും അതിനാലാണ് അതിന് അത്തരത്തിൽ മറുപടി നൽകിയതെന്നും. ആ സന്ദേശത്തിന് അടിയിൽ ഇമോജി ഇട്ടിരുന്നുവെന്നും ഈ അദ്ധ്യാപിക പറയുന്നു.