മുംബൈ: ഷാരൂഖ് ഖാൻ നായകനായ പത്താൻ സിനിമയുടെ പ്രദർശനത്തിന് ശേഷം സിനിമയെ പ്രശംസിച്ച് നടി കങ്കണ രംഗത്ത് എത്തിയിരുന്നു. പത്താൻ പോലുള്ള സിനിമകൾ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹിന്ദി സിനിമാ ലോകത്തെ തിരികെ കൊണ്ടുവരാൻ തങ്ങളാൽ കഴിയും വിധത്തിൽ പരിശ്രമിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ കങ്കണ വീണ്ടും സിനിമാ ലോകത്തെ ഞെട്ടിക്കുകയാണ്.

പത്താൻ മികച്ച വിജയം നേടി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് കങ്കണയുടെ പുതിയ ട്വീറ്റാണ്. ഇന്ത്യൻ ജനത ഖാന്മാരെ സ്‌നേഹിച്ചിട്ടേയുള്ളൂവെന്നും ഭാരതം പോലൊരു രാജ്യം ലോകത്തെവിടേയുമില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു. പത്താന്റെ വിജയത്തെ കുറിച്ചുള്ള പ്രിയങ്ക ഗുപ്തയുടെ ട്വീറ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.

ഇത് മികച്ച വിശകലനമാണ്. ഈ രാജ്യം എല്ലായിപ്പോഴും ഖാന്മാരെയും ചില സമയങ്ങളിൽ ഖാന്മാരെ മാത്രമേ സ്‌നേഹിക്കുന്നുള്ളൂ. കൂടാതെ മുസ്ലിം താരങ്ങളോട് അഭിനിവേശവുമുണ്ട്, അതിനാൽ ഇന്ത്യയെ വെറുപ്പിന്റെ പേരിലും ഫാഷിസ്റ്റ് രാജ്യമെന്നും ആക്ഷേപിക്കാനാവില്ല. ഈ ലോകത്ത് ഭാരതം പോലൊരു രാജ്യം എവിടേയും ഉണ്ടാകില്ല- കങ്കണ ട്വീറ്റ് ചെയ്തു

പത്താന്റെ വിജയ കാരണം അക്കമിട്ട് പറഞ്ഞു കൊണ്ടായിരുന്നു പ്രിയങ്ക ഗുപ്തയുടെ ട്വീറ്റ്. 'പത്താന്റെ വിജയത്തിൽ ഷാറൂഖ് ഖാനും ദീപിക പദുക്കോണിനും അഭിനന്ദനങ്ങൾ. ഇത് തെളിയിക്കുന്നത്. 1) ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുപോലെ ഷാറൂഖിനെ സ്നേഹിക്കുന്നു, 2) ബഹിഷ്‌കരണാഹ്വാനം വിവാദങ്ങൾ സിനിമയെ ദോഷകരമായി ബാധിച്ചില്ല, പകരം ഗുണം ചെയ്തു, 3) മികച്ച ഇറോട്ടിക് രംഗങ്ങളും സംഗീതവും, 4) ഇന്ത്യയുടെ മതേതരത്വം,' എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. തിയറ്ററിൽ നിന്നുള്ള ആരാധകരുടെ വിഡിയോയും പങ്കുവെച്ചിരുന്നു.