തിരുവനന്തപുരം: ചട്ടങ്ങൾ ലംഘിച്ച് ഭരണാനുകൂല സംഘടനയുടെ താൽപര്യപ്രകാരം സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേയ്ക്ക് സ്ഥലം മാറ്റിയതായി പരാതി. യൂണിയന് എതിർപ്പുള്ളവരെയും പ്രതിപക്ഷ സംഘടനാ നേതാക്കളെയുമാണ് കീഴ്‌വഴക്കങ്ങൾ പാലിക്കാതെ സ്ഥലം മാറ്റിയത്. അണ്ടർ സെക്രട്ടറി മുതൽ അഡിഷനൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥർ സ്ഥലം മാറ്റപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൂട്ടാനുള്ള ശുപാർശകൾ സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച പരിഷ്‌കാര കമ്മിറ്റിയുടെ കൺവീനറായ സന്തോഷ് കുമാറിനെ സെക്രട്ടേറിയറ്റിനു പുറത്തേക്ക് മാറ്റി. അനെർട്ട് ജനറൽ മാനേജരായാണു സ്ഥലം മാറ്റിയത്. സെക്രട്ടേറിയറ്റിൽ ജോലിയില്ലാതിരിക്കുന്ന ജീവനക്കാരെ പുനർവിന്യസിക്കണമെന്നും പഞ്ചിങ് കർശനമായി നടപ്പാക്കണമെന്നും സർക്കാരിനു റിപ്പോർട്ട് നൽകിയത് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരുന്നു. നേരത്തേ സിപിഎം അനുകൂല സംഘടനയിലെ ഒരു വിഭാഗം ഈ കമ്മിറ്റിക്കെതിരെ ശക്തമായി രംഗത്തുവരികയും ഇവർക്കെതിരെ നോട്ടിസ് പതിക്കുകയും ചെയ്തിരുന്നു.

കോൺഗ്രസ് അനുകൂല സംഘടനാ മുൻ ജനറൽ സെക്രട്ടറി കെ. ബിനോദും സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു. തിരുവനന്തപുരത്ത് പോലും നിലനിർത്താതെ കോഴിക്കോട് മെഡിക്കൽ കോളജ് സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസറായാണ് ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റം. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് സമ്മാനമായി നൽകിയ ഐ ഫോൺ ഉപയോഗിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തിയ എ.പി.രാജീവനെയും തൽസ്ഥാനത്ത് നിന്നും മാറ്റിയിട്ടുണ്ട്. അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ സ്ഥാനത്തു നിന്നാണ് രാജീവന്റെ കസേരമാറ്റം. ഇദ്ദേഹത്തെ പ്രോട്ടോക്കോൾ വിഭാഗം ഉൾപ്പെട്ട പൊതുഭരണ വകുപ്പിൽ നിന്നും ആരോഗ്യ വകുപ്പിലേക്കാണു ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിച്ചത്.

സ്വപ്ന കൈമാറിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് രാജീവനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അന്വേഷണം മുറുകിയപ്പോൾ സിം മാറ്റി ഫോൺ ഹൗസ് കീപ്പിങ് വിഭാഗം അഡീഷനൽ സെക്രട്ടറി പി.ഹണിയെ ഏൽപിച്ചു. ഇത് അന്നത്തെ ചീഫ് സെക്രട്ടറിക്ക് കൈമാറിയെങ്കിലും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സ്വീകരിച്ചില്ല. പിന്നീട് ലൈഫ് മിഷൻ വിവാദം അന്വേഷിച്ച വിജിലൻസിനു ഫോൺ കൈമാറുകയായിരുന്നു. അന്നേ സിപിഎം അനുകൂല സംഘടനയിലെ ഒരു വിഭാഗം ഇദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം വനം വകുപ്പിൽ നടന്ന സ്ഥലംമാറ്റങ്ങളും വിവാദമായിരുന്നു. 2017ൽ സർക്കാർ പുതുക്കി നിശ്ചയിച്ച ജീവനക്കാരുടെ സ്ഥലമാറ്റ നിബന്ധനങ്ങൾ കാറ്റിൽപ്പറത്തിയാണ് വനംവകുപ്പിലെ സ്ഥലംമാറ്റങ്ങൾ. ഉദ്യോഗസ്ഥ ലോബിയുടെ ഇഷ്ടപ്രകാരമാണ് ജീവനക്കാരെ മാറ്റുന്നതെന്നാണ് പരാതി. അച്ചടക്ക നടപടി നേരിട്ടവരെ പഴയ സ്ഥലങ്ങളിലേക്ക് വീണ്ടും മാറ്റുന്നതിനെതിരെ കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് അനുകൂല സംഘടനയിൽ നിന്നും ഒരുപറ്റം പ്രവർത്തകർ സിപിഎം സംഘടനയിൽ ചേർന്നത് സ്ഥലംമാറ്റം പോലുള്ള ഭീഷണിയെ തുടർന്നാണെന്ന് ആരോപിച്ച് സംഘടനാ നേതൃത്വം മുന്നോട്ട് വന്നിരുന്നു.