കാബൂൾ : പഞ്ച്ശീർ പിടിച്ചടക്കിയെന്ന താലിബാന്റെ അവകാശ പ്രഖ്യാപനത്തിന് പിന്നാലെ 'വിജയം ആഘോഷിക്കാൻ' താലിബാൻ നടത്തിയ വെടിവെപ്പിൽ നിരവധി മരണം. താലിബാൻ വെടിവെപ്പിൽ കുട്ടികളക്കം നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അഫ്ഗാൻ പ്രാദേശിക മാധ്യമമായ അസ്വകയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

താലിബാന്റെ വെടിയേറ്റ് പരിക്കേറ്റ ബന്ധുക്കളെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. പഞ്ച്ശീറിലെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചശേഷമാണ് പ്രവിശ്യയക്ക് നേരെ താലിബാൻ ആക്രമണം അഴിച്ചുവിട്ടത്. തുടർന്ന് പഞ്ച്ശീർ പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാൻ രംഗത്തെത്തുകയായിരുന്നു.



വെള്ളിയാഴ്ചയാണ് പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാൻ രംഗത്തെത്തിയത്. എന്നാൽ റിപ്പോർട്ട് പാക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും വ്യക്തമാക്കി പ്രതിരോധസേനാ നേതാക്കൾ രംഗത്തെത്തി.

റിപ്പോർട്ട് പാക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും വ്യക്തമാക്കി പ്രതിരോധസേനാ നേതാക്കൾ രംഗത്തെത്തിയിരുന്നു. പഞ്ച്ശീർ പിടിച്ചടക്കിയെന്ന താലിബാന്റെ വാദം നുണയാണെന്ന് പ്രതിരോധ സേനാ നേതാവ് അഹമ്മദ് മസൂദ് അറിയിച്ചു. നുണ പ്രചാരണത്തിന് പിന്നിൽ പാക് മാധ്യമങ്ങളാണെന്നും അദ്ദേഹം അറിയിച്ചു.

അഫ്ഗാനിലെ പഞ്ച്ശീർ പ്രവിശ്യയിൽ താലിബാനും അഫ്ഗാൻ പ്രതിരോധ സേനയും തമ്മിലുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഓഗസ്റ്റ് 15നാണ് അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചടക്കുന്നത്. ഇതിനൊപ്പം പഞ്ച്ശീർ പ്രവിശ്യയും പിടിച്ചടക്കാൻ ശ്രമിച്ചെങ്കിലും പഞ്ച്ശീർ പ്രതിരോധസൈന്യത്തിന്റെ ചെറുത്തുനിൽപ്പിൽ താലിബാൻ തോറ്റു. തുടർന്ന് സർക്കാർ രൂപീകരണത്തിന് മുമ്പായി പഞ്ച്ശീറും പിടിച്ചടക്കാനുള്ള കരുക്കളുമായാണ് താലിബാൻ വീണ്ടും പ്രവിശ്യയിലേക്ക് എത്തിയത്.



പ്രവിശ്യയിലേക്കുള്ള വഴികളെല്ലാം താലിബാന്റെ നിയന്ത്രണത്തിലാണ്. വൈദ്യുതി- ടെലിഫോൺ ബന്ധം താലിബാൻ വിച്ഛേദിച്ചതായി മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ പറഞ്ഞു. മരുന്നും അവശ്യ വസ്തുക്കളുടെ വിതരണവും തടഞ്ഞു. എല്ലാ മാനുഷിക മൂല്യങ്ങളും താലിബാൻ തകർക്കുകയാണ്. യുഎൻ ഇടപെടണമെന്നും സാലെ ആവശ്യപ്പെട്ടു.

താലിബാനുമായുള്ള സേനയുടെ പ്രതിരോധം തുടരുകയാണ്. നിരവധി താലിബാൻ ഭീകരരെ പ്രതിരോധ സേന വധിച്ചുകഴിഞ്ഞു. തന്റെ രാജ്യത്തിന് വേണ്ടി താനിവിടെ തന്നെ ഉണ്ട്. പഞ്ച്ശീർ താലിബാൻ പിടിച്ചടക്കിയെന്ന റിപ്പോർട്ടുകൾ പാക് മാധ്യമങ്ങളുടെ നുണ പ്രചാരണമാണെന്നും സലേ കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് ദിവസമായി മേഖലയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ താലിബാൻ പഞ്ച്ശീർ വളഞ്ഞിരിക്കുകയാണ്. പ്രതിരോധസൈന്യം താലിബാനുമായി കനത്ത പോരാട്ടമാണ് നടത്തി വരുന്നത്. അഫ്ഗാനിസ്ഥാനിൽ ഇതുവരെ താലിബാന് പിടിച്ചടക്കാൻ കഴിയാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീർ. താലിബാനെതിരെയുള്ള പ്രതിരോധ സൈന്യത്തിന്റെ ചെറുത്തുനിൽപ്പിൽ ഇരുപക്ഷത്തും നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം പഞ്ച്ശീറിന്റെ ചെറുത്ത് നിൽപ്പിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്താന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തുവെന്നാണ് താലിബാന്റെ അവകാശവാദം. അഫ്ഗാനിസ്ഥാൻ ഇപ്പോൾ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് താലിബാന്റെ കമാൻഡർ അറിയിച്ചു. പഞ്ച്ഷീറിലെ പ്രതിരോധ സേനയെ തകർത്തിരിക്കുന്നതായി താലിബാൻ കമാൻഡറെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.

മുല്ല ബരാദറായിരിക്കും താലിബാൻ സർക്കാരിനെ നയിക്കുക എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ വിശ്വസ്തനാണ് ബരാദർ. മുല്ല ഒമറിന്റെ സഹോദരിയെയാണ് ബരാദർ വിവാഹം ചെയ്തിരിക്കുന്നത്. പഞ്ച്ശീരിലെ പ്രതിരോധ സൈന്യം താലിബാനെ ശക്തമായി ചെറുക്കുന്നതോടെ അഫ്ഗാനിസ്ഥാനിലെ സർക്കാർ രൂപീകരണവും ചിലപ്പോൾ നീണ്ടപോകുമെന്നാണ് റിപ്പോർട്ടുകൾ.