ഇടുക്കി: സിപിഎമ്മും പൊലീസും ചേർന്ന് ഒതുക്കിയ പീഡനക്കേസിന് കോടതിയുടെ ഇടപെടലോടെ പുതുജീവൻ. ഇടുക്കി കുമളിയിലെ വീട്ടമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് റഫറൽ ചെയ്ത് തള്ളിയ കേസിൽ ജനപ്രതിനിധിയായ സിപിഎം നേതാവിനെതിരെ സമൻസയച്ച് കോടതി. കുമളി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, സിപിഎം. പീരുമേട് ഏരിയ കമ്മറ്റി അംഗവുമായ കെഎം സിദ്ദീഖിനെതിരെയാണ് പീരുമേട് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) സമൻസ് അയച്ചത്.

2016 ലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ചെരുപ്പ് കടയിൽ തന്റെ ലോൺ അപേക്ഷ സംബന്ധിച്ച വിവരം തിരക്കാൻ ചെന്ന സ്ത്രീയ്ക്കെതിരെ ലൈഗിംകാതിക്രമം നടത്തിയെന്ന പരാതിയിലാണ് സിദ്ദിഖിനെതിരെ കോടതി സമൻസ് അയച്ചത്. അന്ന് കുമളിയിലെ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു അയാൾ.

ലോണിന്റെ വിശദാംശങ്ങൾ സംസാരിക്കാനെന്ന പേരിൽ കടയുടെ പിൻഭാഗത്തേയ്ക്ക് കൂട്ടികൊണ്ടുപോയതായും സംസാരത്തിനിടെ സിദ്ദിഖ് സ്ത്രീയുടെ ശരീരത്തിൽ കടന്ന് പിടിച്ച് അപമാനിക്കാൻ ശ്രമിച്ചു എന്നുമാണ് പരാതി. കുതറി മാറാൻ ശ്രമിച്ച പരാതിക്കാരിയോട് ''എത്ര രൂപ വേണേലും തരാം ഞാൻ പറയുന്നിടത്ത് വന്ന് എനിക്കാവശ്യമുള്ളത് തന്നാൽ മതി'' എന്ന് പറഞ്ഞെന്നും വീട്ടമ്മയുടെ മൊഴിയിൽ പറയുന്നു.

ഭയന്ന് പോയ യുവതി ഉച്ചത്തിൽ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ ' ഒച്ചവെക്കരുത് എന്ത് വേണേലും തരാം' എന്ന് പറയുകയും അവിടുന്ന് ഇറങ്ങി ഓടിപ്പോവുകയും ചെയ്തെന്നും പരാതിക്കാരി പറയുന്നു. പിന്നീട് പരാതിക്കാരി കുമളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കുമളി പൊലീസ് ക്രൈം നമ്പർ 77/2016 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതിനപ്പുറം അന്വേഷണമൊന്നും നടന്നില്ല.

ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഭരണ സ്വാധീനം ഉപയോഗിച്ച് പൊലീസിനെക്കൊണ്ട് കേസ് റഫർ ചെയ്തു കളയിക്കാനും പ്രതിയായ സിദ്ദീഖിന് കഴിഞ്ഞു. കുമളി പൊലീസിൽ നിന്നും നീതി കിട്ടില്ലെന്ന് ബോധ്യമായതോടെയാണ് വീട്ടമ്മ പരാതിയുമായി പീരുമേട് കോടതിയെ സമീപിച്ചത്.

തുടർന്ന് റഫറൽ ചാർജ്ജിന്മേൽ വാദിക്ക് നോട്ടീസ് അയച്ച കോടതി, വാദിയുടെ മൊഴി രേഖപ്പെടുത്തുകയും, വാദി ഹാജരാക്കിയ സാക്ഷി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പരാതിയിൽ കഴമ്പുണ്ട് എന്ന് ബോധ്യമായ കോടതി പരാതി ഫയലിൽ സ്വീകരിച്ചുകൊണ്ട് സിസി 483/2021 പ്രകാരം കേസെടുക്കുകയും, ഡിസംബർ 18 ന് സിദ്ദിഖിനോട് കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ടുകൊണ്ട് സമൻസ് അയക്കുകയും ചെയ്യുകയുമായിരുന്നു.