കൊല്ലം: മൂന്ന് വർഷം മുമ്പ് കാണാതായ ഷബ്നയ്ക്ക് വേണ്ടിയുള്ള അന്വേഷണം എവിടെയുമെത്തിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ ഇരുട്ടിൽ തപ്പുകയാണ് അവരും. ഈ സാഹചര്യത്തിൽ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഷബ്നയുടെ മാതാപിതാക്കൾ.

2018 ജൂലൈ 17 നാണ് തൃക്കടവൂർ നീരാവിൽ ഷബ്നയെ കാണാതാകുന്നത്. വീട്ടിൽനിന്ന് രാവിലെ 09.30 ന് കടവൂരിൽ പി.എസ്.സി. കോച്ചിങ്ങിനു പോയ ഷബ്ന പിന്നെ തിരിച്ചു വന്നിട്ടില്ല. രാവിലെ 11 മണിയോടെ വിദ്യാർത്ഥിനിയുടെ ബാഗും സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും കൊല്ലം ബീച്ചിൽനിന്ന് പൊലീസ് കണ്ടത്തുകയായിരുന്നു. അഞ്ചാലുംമൂട് ആണിക്കുളത്തുചിറയിൽ ഇബ്രാഹിംകുട്ടി- റജില ദമ്പതികളുടെ മകളാണ് ഷബ്ന.

ഷബ്‌നയെ കൊല്ലം ബീച്ചിനു സമീപം കണ്ടതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണു സ്ഥിരീകരിച്ചത്. ബീച്ച് ഓർക്കിഡ് ഹോട്ടലിന്റെ സിസി ടിവിയിലാണ് ഷബ്നയുടെ ഒടുവിലത്തെ ദ്യശ്യങ്ങൾ പതിഞ്ഞത്. എന്നാൽ പിന്നീട് എന്താണു സംഭവിച്ചതെന്നു മാത്രം ഇനിയും കണ്ടെത്താനായിട്ടില്ല. കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ കടലിലും തിരച്ചിൽ നടത്തിയിരുന്നു. ഷബ്‌നയുമായി അടുപ്പമുണ്ടായിരുന്നുവെന്നു പറയുന്ന ബന്ധുവായ യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇയാൾ വാങ്ങിനൽകിയതായി പറയുന്ന മൊബൈൽ ഫോൺ വീട്ടിലെ ഷെയ്ഡിന്റെ മുകളിൽ നിന്നു ലഭിച്ചിരുന്നു. കാണാതാകുന്ന ദിവസം രാവിലെയും ആ ഫോണിൽ നിന്നു യുവാവിനെ ഷബ്‌ന വിളിച്ചിരുന്നു. ആദ്യം നുണപരിശോധനയ്ക്ക് തയാറാണെന്നു പൊലീസിനോടു പറഞ്ഞ യുവാവ് കോടതിയിലെത്തിയതോടെ നിലപാട് മാറ്റി. യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നെങ്കിലും ഷബ്‌നയുടെ തിരോധാനത്തിൽ യുവാവിന്റെ പങ്ക് തെളിയിക്കാനായിട്ടില്ല.

അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ എന്നിവർക്ക് പരാതികൾ നൽകുകയും ചെയ്തിരുന്നു. മനുഷ്യാവകാശ കമ്മീഷൻ രണ്ടു പ്രാവശ്യം സിറ്റിങ് നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. തുടർന്ന് മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവ് ഇബ്രാഹിംകുട്ടി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

സംസ്ഥാനത്തിനകത്തും പുറത്തും ലുക്ക്ഔട്ട് നോട്ടീസും സോഷ്യൽ മീഡിയയിൽ അടക്കം ഷബ്നയെ കാണാതായ വിവരങ്ങൾ നൽകിയിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ഷബ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ രാജേഷ് തൃക്കാട്ടിൽ പറഞ്ഞു.

കേരള പൊലീസും രണ്ടു ലക്ഷം രൂപ പാരിതോഷികം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഷബ്നയുടെ അച്ഛനും അമ്മയ്ക്കും വേണ്ടി ആക്ഷൻ കൗൺസിലാണ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.