തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വക്താവ് നിയമന വിവാദത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ രംഗത്തെത്തി. നിയമനം അറിഞ്ഞപ്പോൾ ആദ്യം പ്രതികരിച്ചത് താനാണെന്ന് ഷാഫി വിശദീകരിച്ചു. ഇവിടുത്തെ വികാരം മനസിലാക്കി നിയമനം റദ്ദാക്കണമെന്ന് അറിഞ്ഞയുടൻ ആവശ്യപ്പെട്ടു. നേതാക്കൾ പേരെഴുതിക്കൊടുത്ത് വന്ന നിയമനമല്ലെന്നും ഷാഫി പറമ്പിൽ വിശദീകരിച്ചു.

കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വം ഇതിൽ ഇടപെട്ടിട്ടില്ല. നിയമനം നടത്തിയത് പ്രത്യേക സെല്ലാണ്. തിരഞ്ഞെടുപ്പ് രീതി അറിയില്ല. ഇന്നലത്തെ നിയമനം റദ്ദാക്കിയതിലൂടെ വിവാദങ്ങൾ അവസാനിച്ചു. കെ സി വേണുഗോപാലിന് ഇത്തരം കാര്യങ്ങളിൽ പങ്കുണ്ടെന്ന് പറയുന്നത് ബാലിശമാണ്. നേതാക്കളുടെ മകനായതുകൊണ്ട് പ്രത്യേക യോഗ്യതയോ അയോഗ്യതയോ ഇല്ലെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയ നേതൃത്വം നടത്തിയ ക്യാംപെയിനിൽ പങ്കെടുത്ത് മെറിറ്റ് അടിസ്ഥാനത്തിലായിരുന്നു വക്താവായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് അർജുൻ രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു. അഭിമുഖമുൾപ്പടെ പിന്നിട്ടാണ് താൻ തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആറുമാസത്തോളം നീണ്ട ഒരു പ്രക്രിയയായിരുന്നു ഇത്. പുതിയ വക്താക്കളെ കണ്ടെത്താനായി നാഷണൽ യൂത്ത് കോൺഗ്രസ് 'യങ് ഇന്ത്യാ കാ ബോൽ' എന്ന പേരിൽ ഒരു കോംബറ്റീഷൻ മാതൃകയിലായിരുന്നു ഈ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്.

ഓൺലൈനായി ആപ്ലിക്കേഷൻ നൽകി. പിന്നീട് തുടർച്ചയായി വീഡിയോകൾ അയച്ചു നൽകുകയായിരുന്നു. തുടർന്ന് രണ്ടു ഘട്ടങ്ങളിലായി ട്രെയിനിങ് ലഭിച്ചു. ഓഗസ്റ്റ് പകുതിയോടെയായിരുന്നു അവസാനഘട്ട ട്രെയിനിങ്. അതിനുശേഷം തിരഞ്ഞെടുക്കപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതെന്ന് മാത്രം. വക്താക്കളുടെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സീതാറാം ലാംബ,മനീഷ് ചൗദരി എന്നിവരടങ്ങുന്ന നാഷണൽ ലെവൽ ജ്യൂറിയാണ് താനടങ്ങുന്ന അഞ്ചുപേരെയും ഈ പ്രക്രിയയിലൂടെ തെരഞ്ഞെടുത്തതെന്നും അർജുൻ പറഞ്ഞു.

അതേസമയം, നിയമനം മരവിപ്പിച്ചത് ആരുടെ എതിർപ്പിന്റെ പശ്ചാത്തിലാണെന്ന് അറിയില്ലെന്നും അർജുൻ രാധാകൃഷ്ണൻ പ്രതികരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകനായ അർജുനുൾപ്പടെ അഞ്ചു പേരായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ പട്ടിക പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ ദേശീയ നേതൃത്വം പട്ടിക പിൻവലിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ പ്രതിഷേധത്തെ തുടർന്നായിരുന്നു പിൻവലിക്കൽ നടപടി.

അതേസമയം അർജുൻ രാധാകൃഷ്ണന്റെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ പോർമുഖം തുറക്കാനും ചിലർ ഈ വിവാദത്തെ ഉപയോഗിച്ചിുന്നു. ചോദ്യങ്ങളുടെയെല്ലാം ഉത്തരം അവസാനം കെസി വേണുഗോപാലിലേക്കാണ് എത്തുന്നത് എന്നും നിർണായകമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ, ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസഫ് എന്നിവരാണ് യൂത്ത് കോൺഗ്രസിന്റെ ദേശീയ വക്താക്കളുടെ പട്ടികയിൽ ഇടം നേടിയ മലയാളികൾ. മൊത്തം 72 പേരെ ആണ് ദേശീയ അധ്യക്ഷൻ വിബി ശ്രീനിവാസ് ദേശീയ വക്താക്കളായി നിയമിച്ചിരുന്നത്. എന്നാൽ വിവാദമായതോടെ ഈ നിയമനം മരവിപ്പിക്കുകയായിരുന്നു.

ഷാഫി പറമ്പിൽ അറിയാതെ ഇത്തരമൊരു സംഭവം നടക്കില്ല എന്നാണ് യൂത്ത് കോൺഗ്രസിലെ തന്നെ ഒരു വിഭാഗം പറയുന്നത്. അങ്ങനെയാണ് നടന്നത് എങ്കിൽ, കേരളത്തിലെ യൂത്ത് കോൺഗ്രസ്സുകാരോട് ചെയ്ത ഏറ്റവും വലിയ ചതിയാണെന്നും അവർ ആക്ഷേപിക്കുന്നുണ്ട്. ഷാഫി പറമ്പിൽ അറിയാതെ ആണ് നിയമനം നടന്നിട്ടുള്ളത് എങ്കിൽ, അതിന് ദേശീയ നേതൃത്വമാണ് മറുപടി പറയേണ്ടത് എന്നും ഇവർ പറയുന്നുണ്ട്. സംഘടനാ രംഗത്ത് അത്ര സജീവമായിട്ടുള്ള ആളല്ല അർജുൻ രാധാകൃഷ്ണൻ എന്നത് തന്നെയാണ് വലിയ എതിർപ്പുയരാനുള്ള കാരണം.

കെസി വേണുഗോപാലിന്റെ ഇടപെടലിനെ കുറിച്ചാണ് ഉയരുന്ന മറ്റൊരു ആക്ഷേപം. എ ഗ്രൂപ്പിലെ ശക്തനായിരുന്ന തിരുവഞ്ചൂർ അടുത്തിടെയായി ഗ്രൂപ്പിൽ നിന്ന് അകലം പാലിക്കുകയാണ്. മാത്രമല്ല, പുതിയ നേതൃത്വവുമായി അടുക്കുകയും ചെയ്തിട്ടുണ്ട്. എ ഗ്രൂപ്പിലെ അതൃപ്തികളും അദ്ദേഹം ഭംഗ്യന്തരേണ വ്യക്തമാക്കുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തിൽ തിരുവഞ്ചൂരിന് വേണ്ടി കെസി വേണുഗോപാൽ ഇടപെട്ടാണ് മകനെ യൂത്ത് കോൺഗ്രസ് ദേശീയ വക്താവാക്കിയത് എന്നാണ് എതിർ ഗ്രൂപ്പുകാരുടെ ആക്ഷേപം.

കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കുകൾ യൂത്ത് കോൺഗ്രസിലും പ്രതിഫലിക്കുന്നു എന്ന് വേണം വിലയിരുത്താൻ. എ ഗ്രൂപ്പ് പ്രതിനിധിയായി എംഎൽഎയും കെഎസ് യു, യൂത്ത് കോൺഗ്രസ് ഭാരവാഹി ആയ ആളാണ് ഷാഫി പറമ്പിൽ. അതുകൊണ്ട് തന്നെ എ ഗ്രൂപ്പിൽ ഇടഞ്ഞുനിൽക്കുന്ന തിരുവഞ്ചൂരിനെ അനുനയിപ്പിക്കാനാണ് ഷാഫിയുടെ ഇടപെടൽ എന്ന് ഒരു വിഭാഗം കരുതുന്നുണ്ട്. അതേസമയം ടി സിദ്ദിഖിനെ പോലെ ഷാഫിയും മറുകണ്ടം ചാടുകയാണോ എന്ന സംശയം എ ഗ്രൂപ്പിനുള്ളിലെ പലരും ഉന്നയിക്കുന്നുണ്ട്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ വലിയ എതിർപ്പുണ്ടാക്കാൻ പോന്നതാണ് ഈ നീക്കങ്ങൾ. കോൺഗ്രസിലെ മക്കൾ രാഷ്ട്രീയം അവസാനിച്ചു എന്നൊക്കെ അവകാശപ്പെടുമ്പോഴും അതിപ്പോഴും നിർലോഭം തുടർന്നുവരികയാണ്. ഹൈബി ഈഡന്റേയും കെഎസ് ശബരിനാഥന്റേയും രംഗപ്രവേശനങ്ങൾ ഇതേ വഴിയിലൂടെ തന്നെ ആയിരുന്നു. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എന്നിവരും സംഘടനാ നേതൃസ്ഥാനത്തേക്ക് മുകളിൽ നിന്ന് കെട്ടിയിറക്കപ്പെട്ടവരാണ്. ഇതിനെതിരെ പാർട്ടിക്കുള്ളിൽ വലിയ വികാരവും ഉയർന്നിരുന്നു.

എകെ ആന്റണിയേയോ ഉമ്മൻ ചാണ്ടിയേയോ പോലെ അല്ല തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നതാണ് മറ്റൊരു കാര്യം. മേൽ പറഞ്ഞവരുടെ മക്കൾ കെട്ടിയിറക്കപ്പെട്ടപ്പോൾ പരസ്യ പ്രതികരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ തിരുവഞ്ചൂരിന്റെ മകന്റെ കാര്യത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി അടക്കം പരസ്യ പ്രതികരണം നടത്തി എന്നാണ് പറയുന്നത്. 'മക്കൾ മാഹാത്മ്യം ഒരു സിനിമയുടെ പേരാണ്' എന്നായിരുന്നു റിജിൽ മാക്കുറ്റിയുടെ പ്രതികരണം. എന്തായാലും ഈ വിഷയത്തിൽ പ്രതികരണവുമായി തിരുവഞ്ചൂരും മകനും എത്തിയിട്ടുണ്ട്.

പൂർണമായും മെറിറ്റ് അടിസ്ഥാനത്തിൽ ആയിരുന്നു തന്നെ ദേശീയ വക്താവായി നിയമിച്ചത് എന്നാണ് അർജുൻ രാധാകൃഷ്ണൻ വാദം. ദേശീയ നേതൃത്വം നടത്തിയ കാമ്പനയിന്റെ ഭാഗമായി നിരന്തരം വീഡിയോകൾ അയച്ചുകൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് താൻ തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് വാദം. തനിക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവരുടെ കാര്യവും അർജുൻ രാധാകൃഷ്ണൻ ഉന്നയിക്കുന്നുണ്ട്.

മകന്റെ കാര്യത്തിൽ താൻ ഒരു ഇടപെടലും നടത്തിയിട്ടില്ല എന്നാണ് തിരുവഞ്ചൂരും പറയുന്നത്. തന്നെ കൂടി ഈ വിവാദത്തിൽ നേരിട്ട് ബന്ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നൊരു ആരോപണം തിരുവഞ്ചൂർ ഉന്നയിക്കുന്നുണ്ട്. അതിനർത്ഥം, ഗ്രൂപ്പ് രാഷ്ട്രീയത്തിലെ ചില നീക്കങ്ങളാണ് ഇതിന് പിന്നിൽ എന്ന് തന്നെയാണ്. എ ഗ്രൂപ്പിലെ ചിലരെ ലക്ഷ്യം വച്ചാണ് തിരുവഞ്ചൂർ ഇത്തരം ഒരു പ്രതികരണം നടത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.