ഡൽഹി: രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ച് കോൺഗ്രസ്സ് നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതികരണവുമായി ഷമ മുഹമ്മദ്.ഞാൻ ഒന്നും ചെയ്തിട്ടില്ല..മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.അപ്പോഴാണ് എന്നെ ബലമായി പൊലീസ് വാഹനത്തിൽ പിടിച്ചിട്ടതെന്നും ഷമ ആരോപിക്കുന്നു.

ഷമയുടെ വാക്കുകൾ: ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഞാൻ.അപ്പോഴാണ് എന്നെ പിടിച്ച് ബലമായി പൊലീസ് വാഹനത്തിൽ കയറ്റുന്നത്.ഈ രാജ്യത്ത് മറുപടി പറയാനും അവകാശമില്ലെ.. എവിടെയാണ് ജനാധിപത്യംഅതാണ് ഞാൻ ചോദി്ക്കുന്നത് ഷമ പറയുന്നു.

അതേസമയം നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തി. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കാൽനടയായാണ് രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയത്. അതേസമയം കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച രൺദീപ് സിങ് സുർജെവാല, അശോക് ഗെഹ്ലോട്ട്, ഹരീഷ് റാവത്ത്, ഭുപേഷ് ബാഗേൽ അടക്കമുള്ള നേതാക്കളേയും പ്രവർത്തകരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടു പോയത്.

നിരോധനാജ്ഞ ലംഘിച്ചതിനാണ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കെസി വേണു ഗോപാലിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റിഡിയിലിരിക്കെ കെസി വേണുഗോപാലിന് ശാരീരിക അസ്വാസ്ഥ്യമുണ്ടാകുകയും കുഴഞ്ഞു വീഴുകയും ചെയ്തു. കോവിഡ് മുക്തമായതിന് ശേഷം, കഴിഞ്ഞ ദിവസമാണ് പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുത്ത് തുടങ്ങിയത്. പ്രതിഷേധിച്ച നിരവധി കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരും ഡൽഹിയിൽ പ്രതിഷേധിക്കുകയാണ്. എഐസിസി ആസ്ഥാനത്ത് നിന്ന് രാഹുൽ പുറത്തു പോയതിന് ശേഷമായിരുന്നു എംപിമാർ ഉൾപ്പെടെയുള്ളവരെ പുറത്തുവിട്ടത്. അതുവരെ പൊലീസ് ഇവരെ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയങ്കാ ഗാന്ധിക്കൊപ്പമായിരുന്നു രാഹുൽ ഗാന്ധി എഐസിസി ആസ്ഥാനത്തേക്ക് എത്തിയത്.

തുടർന്ന് പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുകയും അവിടെ നിന്ന് കാൽ നടയായി ഇ.ഡി ഓഫീസിലേക്ക് പോവുകയുമായിരുന്നു. ഇന്ന് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യൽ ഉണ്ടാകും എന്നാണ് ഇ.ഡി ഉദ്യോഗസ്ഥ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.ദേശീയ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സത്യം ഏറെക്കാലം മറച്ചുവെക്കാനാകില്ലെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിന്റെ (എ.ജെ.എൽ.) ബാധ്യതകളും ഓഹരികളും സോണിയാഗാന്ധിയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കേസിൽ ഈമാസം 23-ന് ഹാജരാകാനാണ് സോണിയയ്ക്ക് ഇ.ഡി. നോട്ടീസ് അയച്ചിരിക്കുന്നത്.