തിരുവനന്തപുരം: മലയാളം സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി ഷമ്മി തിലകൻ. അമ്മയുടെ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്നും തന്റെ നോമിനേഷൻ തള്ളിയതിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്തുവന്നത്. നോമിനേഷനിൽ ഒപ്പിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഷമ്മിയുടെ നോമിനേഷൻ തള്ളിയത്.

അമ്മ ഒട്ടും സുതാര്യമല്ല. അച്ഛൻ പറഞ്ഞതിന് അപ്പുറമാണ് 'അമ്മയെന്നുമാണ് ഷമ്മിയുടെ ഇപ്പോഴത്തെ വിമർശനം. സംഘടന ജനാധിപത്യപരമായി മാറണം എന്ന ആഗ്രഹത്തോടെയാണ് താൻ നാമനിർദ്ദേശം നൽകിയതെന്നും. തന്റെ നോമിനേഷൻ മനഃപൂർവം തള്ളപ്പെടുകയിരുന്നുവെന്നും ഷമ്മി തിലകൻ ആരോപിച്ചു. തന്റെ നോമിനേഷനിൽ ഒപ്പിടരുതെന്ന് പലരേയും ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ പേരിൽ തന്നെ വട്ടു കളിപ്പിച്ചെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

ഷമ്മി തിലകന്റെ വാക്കുകൾ ഇങ്ങനെ: എന്റെ നോമിനേഷൻ തള്ളിയത് മനഃപൂർവം തന്നെയാണ്. ഞാൻ പലരെയും ഫോണിൽ വിളിച്ചപ്പോൾ അവരെയെല്ലാം ഭീഷണിപ്പെടുത്തി എന്ന തരത്തിൽ കേട്ടു. ഞാൻ ഒപ്പിടാൻ ചെന്നപ്പോൾ പറ്റില്ല എന്ന് പറഞ്ഞു. വളരെ സ്നേഹത്തോടെ തന്നെ ഷമ്മി ഒരു റിബൽ അല്ലേ എന്ന് ചോദിച്ചു. ഡിസംബർ മൂന്ന് ആയിരുന്നു അവസാന തീയതി. രണ്ടാം തീയതി വരെ എന്നെ വട്ടു കളിപ്പിച്ചു.മോഹൻലാൽ തന്നെയാണ് പല അവസരങ്ങളിലും പല ആവശ്യങ്ങൾ ഉന്നയിക്കണം എന്ന് പറഞ്ഞത്. സുതാര്യമാകണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിലെ അദ്ദേഹത്തിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് തൽക്കാലം ഞാൻ പറയുന്നില്ല.

വിവരാവകാശ പ്രകാരം അമ്മയുടെ പല രേഖകളും ഞാൻ പരിശോധിച്ചു. അമ്മയുടെ ഓഫീസിൽ നിന്നുമല്ല എനിക്ക് ആ രേഖകൾ ലഭിച്ചത്. എനിക്ക് അത് നൽകേണ്ട എന്നാണ് ജനറൽ സെക്രട്ടറി പറഞ്ഞത്. പിന്നീട് രജിസ്ട്രാർ വഴിയാണ് രേഖകൾ ലഭിച്ചത്. അമ്മ ഒട്ടും സുതാര്യമല്ല. അച്ഛൻ പറഞ്ഞതിന് അപ്പുറമാണ് 'അമ്മ'. അച്ഛൻ പറഞ്ഞു അമ്മ ഒരു മാഫിയ സംഘമാണ് എന്ന്. എന്നാൽ അതിനും അപ്പുറമാണ് അമ്മ.- ഷമ്മി പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം അമ്മയ്‌ക്കെതിരെ ഷമ്മി തിലകൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഡിസംബർ 19നാണ് അമ്മ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ മോഹൻലാൽ പ്രസിഡന്റായും ഇടവേള ബാബു ജനറൽ സെക്രട്ടറിയായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ദിഖ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെടും. അതേസമയം മുകേഷ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്.

മുകേഷും കെബി ഗണേശ് കുമാറുമായിരുന്നു നേരത്തെയുള്ള വൈസ് പ്രസിഡന്റുമാർ. വനിതാ സംവരണമാക്കാം വൈസ് പ്രസിഡന്റ് പദവിയെന്ന നിർദ്ദേശം അംഗീകരിച്ച് ഗണേശ് മത്സരത്തിൽ നിന്ന് സ്വയം പിന്മാറി. കുറച്ചു കാലം മുമ്പ് തന്നെ ഇനി അമ്മയുടെ ഭാരവാഹിത്വം വേണ്ടെന്ന നിലപാട് ഗണേശ് എടുത്തിരുന്നു. എന്നാൽ കൊല്ലത്തു നിന്നുള്ള എംഎൽഎയായ മുകേഷ് മത്സരിക്കുമെന്ന നിലപാടിലാണ്. വൈസ് പ്രസിഡന്റുമാരായി ആശാ ശരത്തിനേയും ശ്വേതാ മേനോനേയും കൊണ്ടു വരാനാണ് മോഹൻലാലിന്റെ നേതൃത്വത്തിലെ ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം.

അമ്മയുടെ 2021-24 ലെ ഭരണസമിതി തെരഞ്ഞെടുപ്പ് നടപടികളാണ് പുരോഗമിക്കുന്നത്. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഇത് രണ്ടാംവട്ടമാണ് മുൻ തൂക്കം നേടാൻ പോകുന്നത്. ഇടവേളബാബു ജനറൽ സെക്രട്ടറിയായി 21 വർഷം തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുകയാണ്. കഴിഞ്ഞ ഭരണസമിതിയിൽ ജയസൂര്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ഇക്കുറി ജോയിന്റ് സെക്രട്ടറിയായി. സിദ്ദിഖ് ജോയിന്റ് സെക്രട്ടറിയായിരുന്നത് ഇക്കുറി ട്രഷററായി.

ഇക്കുറി രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പതിനൊന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കുംവേണ്ടിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കമ്മിറ്റി അംഗങ്ങളായി ഹണിറോസ്, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി എന്നിവരുമുണ്ട്. ബാബുരാജ്, നിവിൻപോളി, സുധീർ കരമന, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായുള്ളത്.