തലശേരി: പോക്‌സോ കേസിലെ പ്രതിയായ വ്യവസായ പ്രമുഖനെ രക്ഷിക്കാൻ തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർ ശ്രമിച്ചുവെന്ന് വ്യക്തമായാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഇരയായ പെൺകുട്ടിക്കായി ഹാജരായ പ്രൊസിക്യൂഷൻ' ഇതിനായി പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ ലൈംഗികശേഷി പരിശോധന ഫലത്തിനായി പോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

തലശേരി ഗുഡ്‌ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദീ (68) ന്റെ ലൈംഗികശേഷി പരിശോധനാ ഫലത്തിനായാണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.വി മൃദുലയ്ക്ക് പ്രോസിക്യൂഷൻ അപേക്ഷ നൽകിയത്. ജില്ലാ മെഡിക്കൽ ഓഫിസർ കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ, സർജൻ, ഫോറൻസിക് സർജൻ തുടങ്ങിയ വിദഗ്ധ സംഘമാണ് ഷറഫുദീനെ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നത്.

നേരത്തെ തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഷറഫുദീന് ലൈംഗിക ക്ഷമതയില്ലെന്ന റിപ്പോർട്ടായിരുന്നു നൽകിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പുതിയ റിപ്പോർട്ടിൽ ഫലം മറിച്ചാണെങ്കിൽ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരേ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യുമെന്ന് പോക്‌സോ സ്‌പെഷൽ പ്രോസിക്യൂട്ടർ ബീനാ കാളിയത്ത് പറഞ്ഞു. മെഡിക്കൽ റിപ്പോർട്ടിൽ അവ്യക്തത ഉണ്ടെന്ന് കാണിച്ച് ഷറഫുദീനെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ബീനാകാളിയത്ത് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.

കേസിൽ തലശേരി ജില്ലാസെഷൻസ് കോടതി ഷറഫുദീന് കഴിഞ്ഞദിവസം ജാമ്യം നൽകിയിരുന്നു.കേസിലെ മറ്റു പ്രതികളായ രണ്ടു പേർക്ക് കോടതി ജാമ്യം നൽകിയിരുന്നില്ല. പീഡിക്കപ്പെട്ട കുട്ടിയുടെ മാതൃസഹോദരിയുടെ ഭർത്താവ് ഒന്നാം പ്രതിയും മാത്യ സഹോദരി രണ്ടാം പ്രതിയുമാണ്.ഇതിൽ മാതൃസഹോദരിയുടെ ഭർത്താവ് തന്നെ പല തവണ ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്ന് കുട്ടി മജിസ്‌ട്രേറ്റിന് മുൻപിൽ മൊഴി നൽകിയിട്ടുണ്ട്. വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മാതൃസഹോദരിയും ഭർത്താവും വീട് നിർമ്മിക്കാൻ പണം നൽകാമെന്ന ഷറഫുദ്ദീന്റെ വാഗ്ദ്ധാനത്തിൽ വിശ്വസിച്ചാണ് കുട്ടിയെ ഇയാളുടെ ബംഗ്‌ളാവിൽ ജോലിക്കാരിയെന്ന വ്യാജേനെ കാഴ്‌ച്ച വയ്ക്കാൻ കൊണ്ടുവന്നത്.