ഫേസ്‌ബുക്കിന്റെ ബിജെപി ചായ്വ് സംബന്ധിച്ച വിവാദത്തിൽ തന്റെനിലപാടിൽ നിന്നും പിന്നോട്ട് പോകാതെ കോൺ​ഗ്രസ് നേതാവും പാർലമെന്ററി ഐടി സമിതി ചെയർമാനുമായ ശശി തരൂർ. വിവാദ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്ക് പ്രതിനിധികളുമായി ചർച്ച തുടരാനാണ് തരൂരിന്റെ തീരുമാനം. അമേരിക്കൻ പ്രസിദ്ധീകരണമായ വാൾ സ്ട്രീറ്റ് ജേണലിൽ, ഫേസ്‌ബുക്ക് ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്നു എന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതോടെയാണ് ഫേസ്‌ബുക്കിനെതിരെ ആരോപണം ശക്തമായത്. തുടർന്ന് പാർലമെന്ററി സമിതി മുൻപാകെ ഫേയ്സ്ബുക്ക് ഉന്നത ഉദ്യോഗസ്ഥനോട് ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.

ഇതേ തുടർന്ന് ഫേസ്‌ബുക്ക് ഇന്ത്യ മേധാവി അജിത് മോഹൻ കഴിഞ്ഞ ദിവസം പാർലമെന്ററി സമിതിക്ക് മുൻപാകെ ഹാജരായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടികളുമായും അടുപ്പം പുലർത്തുന്നില്ലെന്ന് അജിത് മോഹൻ പാർലമെന്റ് സമിതിയെ അറിയിച്ചു. ബുധനാഴ്ച ചേർന്ന മൂന്നര മണിക്കൂർ നീണ്ടുനിന്ന യോഗത്തിന് ശേഷമാണ് സമിതി ചെയർമാനും കോൺഗ്രസ് നേതാവുമായ ശശി തരൂർ ചർച്ചകൾ തുടരുമെന്ന് അറിയിച്ചത്.അജിത് മോഹനെ കൂടാതെ ചില സർക്കാർ ഉദ്യോഗസ്ഥരും ഏതാനും വിദഗ്ധരും പാനലിനു മുന്നിൽ ഹാജരായി.

ചർച്ചയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാൽ ഫേസ്‌ബുക്ക് അധികൃതരുമായുള്ള ചർച്ച ഇനിയും തുടരാൻ പാനൽ തീരുമാനിച്ചതായി യോഗത്തിന് ശേഷം തരൂർ ട്വീറ്റ് ചെയ്തു. "അമിതമായി മാധ്യമങ്ങൾ താൽപ്പര്യം പ്രകടിപ്പിക്കുന്ന ഇപ്പോൾ നിർത്തിവച്ച പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലെ നടപടികളോടുള്ള മാധ്യമങ്ങളുടെ താൽപ്പര്യത്തിന് മറുപടിയായി എനിക്ക് പറയാൻ കഴിയുന്നത് ഇതാണ്: ഞങ്ങൾ മൂന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി, പിന്നീട് ഫേസ്‌ബുക്ക് പ്രതിനിധികളടക്കമുള്ളവരുമായി ചർച്ച പുനരാരംഭിക്കാൻ ഏകകണ്ഠമായി സമ്മതിച്ചു," അദ്ദേഹം ട്വീറ്റ് ചെയ്തു.

യോഗവുമായി ബന്ധപ്പെട്ട് എംപി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സെപ്റ്റംബർ 10 ന് ഫേസ്‌ബുക്ക് പ്രതിനിധികളുമായുള്ള ചർച്ച പുനരാരംഭിക്കുന്നതിന് നിർദ്ദേശം വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സമവായത്തിലെത്താൻ സാധിച്ചില്ല. ചില അംഗങ്ങൾ കമ്മിറ്റി പുനഃസംഘടിപ്പിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ചവരാണ് ചർച്ച 10ന് വീണ്ടും നടത്തുന്നതിനെ എതിർത്തത്.

"പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഡിജിറ്റൽ സുരക്ഷ, സ്ത്രീകളുടെ സുരക്ഷ, ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയുക എന്നീ വിഷയങ്ങളിൽ തരൂറിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി, ഫേസ്‌ബുക്കിന്റെ പ്രതിനിധികളോട് അവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നു. ഫേസ്‌ബുക്ക് ഇന്ത്യയുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥർ സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട നയങ്ങളിൽ ഭരണകക്ഷി ബിജെപിക്ക് അനുകൂലമായി ഇടപെടുന്നുവെന്ന് യുഎസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ (ഡബ്ല്യുഎസ്ജെ) റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്നുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് പാർലമെന്റ് സമിതി ഫേസ്‌ബുക്ക് അധികൃതരെ വിളിപ്പിച്ചത്.

ബിജെപിയുമായി ബന്ധപ്പെട്ടതും, ഹിംസാത്മകമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ അത്തരം കാര്യങ്ങളിൽ പങ്കാളിയാവുന്നതോ ആയ തരത്തിൽ ഫ്ലാഗ് ചെയ്തതും ആയ ചുരുങ്ങിയത് നാല് വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ അക്കൗണ്ടുകളുടെ കാര്യത്തിലാണ് വിദ്വേഷ പ്രചാരണത്തിനെതിരായ നിയമം ഉപയോഗിക്കുന്നതിനെ കമ്പനി എതിർത്തതെന്ന് ഡബ്ല്യുഎസ്ജെ റിപ്പോർട്ടിൽ പറയുന്നു. ബിജെപി നേതാക്കൾക്കെതിരേ "നിയമലംഘനങ്ങൾക്ക് നടപടിയെടുക്കുന്നത് രാജ്യത്തെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകർക്കും, ഉപയോക്താക്കളുടെ എണ്ണമനുസരിച്ച് ഫേസ്‌ബുക്കിന്റെ ഏറ്റവും വലിയ ആഗോള വിപണിയാണിത്," എന്ന് ഫേസ്‌ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ അൻകി ദാസ് സ്റ്റാഫ് അംഗങ്ങളോട് പറഞ്ഞതായും ഡബ്ല്യുഎസ്ജെ റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ, ഫേസ്‌ബുക്ക് നിഷ്പക്ഷമാണെന്നും ജനങ്ങൾക്ക് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദിയായി തന്നെ ഈ പ്ലാറ്റ്‌ഫോമിനെ നിലനിർത്തുന്നുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും ഫേസ്‌ബുക്ക് മറുപടി നൽകി. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ കൈകടത്തുകയാണ് സമൂഹമാധ്യമമായ ഫേസ്‌ബുക്ക് എന്ന് ആരോപിച്ചുക്കൊണ്ട് കെ.സി വേണുഗോപാൽ ഫേസ്‌ബുക്കിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് ഫേസ്‌ബുക്ക് തങ്ങൾ നിഷ്പക്ഷരാണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തിയത്. ‘ഞങ്ങൾ നിഷ്പക്ഷരാണ്. ജനങ്ങൾക്ക് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദിയായി തുടരുകയും ചെയ്യും. ഞങ്ങൾ പക്ഷപാതിത്വപരമായി പെരുമാറിയെന്ന ആരോപണങ്ങളെ ഗൗരവതരമായി തന്നെയാണ് കാണുന്നത്. ഏതു രീതിയിലുമുള്ള വിദ്വേഷത്തെയും മതഭ്രാന്തനെയും ഞങ്ങൾ അപലപിക്കുകയും ചെയ്യുന്നു.' ഫേസ്‌ബുക്കിന്റെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ഡയറക്ടറായ നീൽ പോട്‌സ് എഴുതിയ കത്തിൽ പറയുന്നു.

ഒടുവിൽ ബിജെപി എംഎൽഎക്കും വിലക്ക്

വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ച ബിജെപി എംഎൽഎ രാജ സിംഗിനെ ഒടുവിൽ ഫേസ്‌ബുക്ക് വിലക്കി. വിദ്വേഷവും അക്രമവും പ്രോത്സഹിപ്പിക്കുന്ന ഉള്ളടക്കം സംബന്ധിച്ച നയം ലംഘിച്ചതിനാണു വിലക്കെന്നു ഫേസ്‌ബുക്ക് വക്താവ് അറിയിച്ചു. ഫേസ്‌ബുക്കിന്റെ നയങ്ങൾ ലംഘിക്കുന്നവർക്കെതിരേ പരിശോധന സമഗ്രമായി നടക്കുകയാണെന്നും അതാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്താൻ കാരണമെന്നും കമ്പനി അറിയിച്ചു.

ബിജെപിക്കുവേണ്ടി വിദ്വേഷ ഉള്ളടക്കം സംബന്ധിച്ച നയത്തിൽ ഫേസ്‌ബുക്ക് വിട്ടുവീഴ്ച ചെയ്‌തെന്ന ആരോപണത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു തെലങ്കാനയിലെ ബിജെപി എംഎൽഎയായ രാജ സിങ്. ഫേസ്‌ബുക്കിന്റെ എല്ലാ പ്ലാറ്റ് ഫോമുകളിൽനിന്നും അദ്ദേഹത്തെ വിലക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഇന്ത്യയിലെ കന്പനിയുടെ നടത്തിപ്പുകാർ തീരുമാനം നടപ്പിലാക്കിയില്ലെന്ന ആക്ഷേപം വലിയ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചു.