തിരുവനന്തപുരം: ക്ഷേമപെൻഷനായി എൽഡിഎഫ് സർക്കാർ നൽകി വരുന്ന 1500 രൂപ അപര്യാപ്തമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. എല്ലാ മാസവും രണ്ട് കപ്പ് ചായ കുടിച്ചാൽ ഈ തുക തീരുമെന്ന് ശശി തരൂർ പറയുന്നു. അതിനാലാണ് ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചതെന്നും ശശി തരൂർ പറഞ്ഞു.

1500 രൂപ സംസ്ഥാന സർക്കാർ കൊടുത്താൽ രണ്ട് കപ്പ് ചായ എല്ലാ ദിവസവും വാങ്ങിക്കുടിച്ചാൽ തീരും. എങ്ങനെയാണ് നമ്മളുടെ പ്രായമുള്ളവർ ജീവിക്കാൻ പോവുന്നത്. ഞങ്ങളാണ് അത് ഇരട്ടിയാക്കി 3000 എന്ന് പറഞ്ഞത്. എൽഡിഎഫിന് 2500 രൂപയാക്കി വർധിപ്പിക്കണമെന്നുണ്ടായിരുന്നെങ്കിൽ ഈ അഞ്ചു വർഷം അതെന്തുകൊണ്ട് ചെയ്തില്ലെന്നും ശശി തരൂർ ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സിന്ധു സൂര്യകുമാറിന് നൽകിയ അഭിമുഖത്തിലാണ് തരൂരിന്റെ പ്രതികരണം.

യുഡിഎഫ് ആരോപണങ്ങൾ മാത്രമല്ല നടത്തുന്നത്. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ആവശ്യമാണ്. അതോടൊപ്പം തന്നെ പ്രകടനപത്രികയിൽ യുഡിഎഫ് മുന്നോട്ട് വെക്കുന്ന ആശയങ്ങൾ പ്രത്യേകമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പല ക്ഷേമപദ്ധതികളും യുഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ശശി തരൂർ പറഞ്ഞു. ഇടത് ഭരണത്തിൽ ജനങ്ങളെ നാണം കെടുത്തുന്ന കാര്യങ്ങളാണ് നടന്നത്. കേരളത്തിൽ നിക്ഷേപകർക്ക് അടിസ്ഥാന സൗകര്യം ഇപ്പോഴുമില്ല. ഏകജാലകം ഫലപ്രദമല്ല. ഇത്രയും മതിയോ കേരളത്തിനെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

പത്തൊമ്പതാം നൂറ്റാണ്ടിലെ തത്വശാസ്ത്രം കേരളം തള്ളിക്കളയണം. എൽഡിഎഫ് സർക്കാരിലെ പല അഴിമതികളും പ്രശ്‌നങ്ങളും പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതാണ്. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് നിയമസഭയിലേക്കുള്ളത്. കോൺഗ്രസ് ചൂണ്ടിക്കാണിച്ചതിനാലാണ് ഇരട്ട വോട്ടിൽ ക്രമക്കേട് പുറത്ത് വന്നത്. എല്ലാ തെളിവുകളുമുണ്ട്.

കോൺഗ്രസ് ഭാവിയെ കുറിച്ച് ചിന്തിക്കുന്ന പാർട്ടിയാണ്. യുഡിഎഫ് വന്നാൽ സമഗ്ര വിദ്യാഭ്യാസ പരിഷ്‌ക്കരണം നടത്തും. ഇന്ധനവിലകയറ്റത്തിൽ എൽഡിഎഫ് സർക്കാർ കേരളത്തിലെ ജനങ്ങളെ സഹായിച്ചില്ല. പോസിറ്റിവ് കാഴ്ചപ്പാടിനാണ് യുഡിഎഫ് പ്രകടന പത്രികയിൽ മുൻതൂക്കം. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ആകെ കൂടിയത് മൂന്ന് തവണ മാത്രമാണ്. യുഡിഎഫിന് വേണ്ടി പാർട്ടി ആവശ്യപ്പെട്ട എല്ലായിടത്തും താൻ പ്രചാരണത്തിന് പോയിട്ടുണ്ടെന്നും തന്റെ തുറന്ന് പറച്ചിലുകൾ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വേണ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഗുജറാത്ത് കേരളത്തിന് വേണ്ടെന്നതിനാലാണ് നേമത്തെ പോരാട്ടം. കെ മുരളീധരന്റെ കഴിവ് മനസിലാക്കിയാണ് ഇവിടെ അവസരം നൽകിയത്. തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ മത്സരിക്കുമായിരുന്നു. പാർലമെന്റിൽ കോൺഗ്രസിനായി എനിക്ക് ചില ഉത്തരവാദിത്തങ്ങൾ കൂടിയുണ്ട്. അതുകൊണ്ടാകാം തനിക്ക് ഡൽഹിയിൽ കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നത്. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണ വിഷയത്തിൽ സർക്കാരിന്റെ എതിർപ്പ് കാര്യമില്ലാത്തത്. കളിച്ച് തോറ്റശേഷമാണ് സർക്കാർ കളിനിയമത്തെ പഴിക്കുന്നത്. ഐക്യ ജനാധിപത്യ മുന്നണിയുടെ പല ഘടകകക്ഷികളും ഈ വിഷയത്തിൽ എന്റെതാണ് ശരിയായ നിലപാടെന്ന് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും തരൂർ പ്രതികരിച്ചു.

കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ കുറിച്ച് പ്രതികരിച്ച ശശി തരൂർ കേരളത്തിൽ ഗ്രൂപ്പിസം വേണ്ടെന്ന് ചെന്നിത്തലയോടും ഉമ്മൻ ചാണ്ടിയോടും അഭ്യർത്ഥിച്ചു. താൻ ഗ്രൂപ്പ് വിശ്വാസിയല്ല. അത്തരം യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. സീറ്റോ സ്ഥാനങ്ങളോ ഗ്രൂപ്പാണ് നിർണയിക്കുന്നതെന്നത് ശരിയായ നിലപാടല്ല. സ്ഥാനങ്ങൾ ഗ്രൂപ്പാണ് നിർണയിക്കുന്നതെങ്കിൽ പാർട്ടിയെന്തിനാണ് ? അത് പാർട്ടിയെയാണ് ഇല്ലാതാക്കുക. കോൺഗ്രസിനെ കുറിച്ച് എന്തെങ്കിലും തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്