തൃശ്ശൂർ: തമിഴ്‌നാട്ടിലെ ഈറോഡിൽ മരിച്ച തൃശ്ശൂർ എടമുട്ടം സ്വദേശിനി ശ്രുതിയുടെ മരണത്തിൽ അടിമുടി ദുരൂഹത. വിഷം കഴിച്ചാണ് ശ്രുതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് വാദം. എന്നാൽ, ഈ വാദങ്ങൾ ശരിവെക്കുന്ന കാര്യങ്ങളല്ല പൂർണമായും പുറത്തുവന്നിരിക്കുന്നത്. ശ്രുതിയുടെ മരണത്തിൽ ലഹരി മാഫിയക്കും പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. ഈ സംശയമാണ് കുടുംബവും പങ്കുവെക്കുന്നത്.

തമിഴ്‌നാട് പൊലീസ് പറയുന്ന കാര്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കാര്യങ്ങളും പരസ്പരവിരുദ്ധമാണെന്ന് കുടുംബം ആരോപിച്ചു. മരണം സംഭവിച്ച് ഒരുവർഷം കഴിഞ്ഞിട്ടും മകൾ എങ്ങനെ മരിച്ചുവെന്നതിന് ഉത്തരം കിട്ടിയിട്ടില്ലെന്നും അമ്മയെന്ന നിലയിൽ മകളുടെ മരണകാരണം അറിയണമെന്നും ശ്രുതിയുടെ അമ്മ മാതൃഭൂമി ന്യൂസ് ചാനലിനോട് പറഞ്ഞു.

2021 ഓഗസ്റ്റ് 17-നാണ് ഈറോഡുവെച്ച് ശ്രുതി മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്നാണ് ഈറോഡ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ, ഈ വാദം കുടുംബത്തിന് അത്രയ്ക്ക് വിശ്വാസമായില്ല. തുടർന്ന് വീട്ടുകാർ പോസ്റ്റുമോർട്ടം ചെയ്യണം എന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുമ്പോഴും ആന്തരികാവയവങ്ങളിൽ വിഷാംശം കണ്ടെത്താനായിട്ടില്ല.

ഏത് തരത്തിലുള്ള വിഷമാണ് ഉപയോഗിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലില്ല. മകളുടെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം. ലഹരി മാഫിയയുടെ പിടിയിൽ അകപ്പെട്ടാണ് ശ്രുതി ഈറോഡിൽ എത്തിയതെന്ന് വീട്ടുകാർ സംശയിക്കുന്നു. ശ്രുതിക്കൊപ്പം ഒരു യുവാവും താമസിച്ചിരുന്നു. ഈ യുവാവിൽ നിന്നും പൊലീസ് എംഡിഎംഎ പിടികൂടുകയും ചെയ്യുകയുണ്ടായി.

ശ്രുതിയുടെ ലാപ്ടോപ്പ്, മൊബൈൽ തുടങ്ങിയവയൊന്നും ഇതുവരെ വീട്ടുകാർക്ക് ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരളാ പൊലീസിൽ പരാതി നൽകിയെങ്കിലും സംഭവം നടന്നത് തമിഴ്‌നാട്ടിലാണെന്ന് പറഞ്ഞ അവർ കയ്യൊഴിയുകയായിരുന്നുവെന്നും നാട്ടിക എംഎ‍ൽഎ. ഉൾപ്പെടെയുള്ളവരേയും ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ലെന്നും ശ്രുതിയുടെ അമ്മ പറയുന്നു.

പെൺകുട്ടിയുടെ മരണത്തിന്റെ വിവരങ്ങൾ ഒപ്പമുണ്ടായിരുന്ന യുവാവിനോട് തേടാത്തതിലും ദുരൂഹത അവശേഷിക്കുന്നുണ്ട്. സംഭവത്തിൽ കേരളാ പൊലീസിന്റെ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. എന്നാൽ സംഭവം നടന്നത് ഈറോഡിൽ ആയതിനാൽ കേസ് അന്വേഷിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് പൊലീസും. സംഭവത്തിൽ ശ്രുതിക്ക് നീതിതേടി ആരംഭിച്ച ജനകീയ സമിതിയും രൂപം കൊണ്ടിട്ടുണ്ട്.