കടുത്തുരുത്തി: പൊലീസ് സ്റ്റേഷനിൽ ജാമ്യം എടുക്കാനെത്തിയ സ്ത്രീധന പീഡനക്കേസിലെ പ്രതിയിൽനിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ.എ. അനിൽകുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയും ദുബായിൽ സ്വകാര്യവ്യക്തിയുടെ സെക്രട്ടറിയുമായ വിനോയ് എന്നയാൾ വിജിലൻസിനു നൽകിയ പരാതിയിലാണ് അറസ്റ്റ്.

കോട്ടയം വിജിലൻസ് ഡിവൈ.എസ്‌പി. വി.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കുറുപ്പന്തറ മാഞ്ഞൂർ സ്വദേശിനി സ്ത്രീധനത്തിന്റെ പേരിൽ തന്നെ പീഡിപ്പിക്കുന്നതായി 2021 മാർച്ചിൽ നൽകിയ പരാതിയിൽ ഭർത്താവ് പാലക്കാട് സ്വദേശിയായ വിനോയ് വിക്ടർ ജോർജിനും മാതാപിതാക്കൾക്കും എതിരെ കടുത്തുരുത്തി പൊലീസ് കേസ് എടുത്തിരുന്നു.

ഭാര്യ പരാതി നൽകിയതിന് മുന്നേതന്നെ ഭാര്യയുടെ ബന്ധുക്കൾ ആക്രമിച്ചതായി കാട്ടി താൻ കടുത്തുരുത്തി പൊലീസിൽ പരാതിപ്പെട്ടെങ്കിലും അന്വേഷണം ഉണ്ടായില്ലെന്ന് വിനോയി പറയുന്നു. കഴിഞ്ഞ മാർച്ചിൽ വിദേശത്തേക്ക് വിനോയി പോയെങ്കിലും മാതാപിതാക്കൾ കോട്ടയം സെഷൻസ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.

എന്നാൽ, ജാമ്യ ഉത്തരവുമായി കടുത്തുരുത്തി സ്‌റ്റേഷനിൽ എത്തിയ വിനോയിയുടെ മാതാപിതാക്കളിൽനിന്ന് ജാമ്യം സംബന്ധിച്ച സ്‌റ്റേഷൻ നടപടികൾ വേഗത്തിലാക്കാനെന്ന പേരിൽ അനിൽകുമാർ 20,000 രൂപ കൈക്കൂലി ചോദിച്ച് വാങ്ങി.

ജൂലായ് ആദ്യവാരം നാട്ടിലെത്തിയ വിനോയിയും കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടി. ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഹാജരാകാനിരുന്ന വിനോയിയോട് 20,000 രൂപ കൈക്കൂലിയായി നൽകണമെന്ന് അനിൽകുമാർ ആവശ്യപ്പെട്ടു. 5000 രൂപ ജാമ്യം എടുക്കാൻ വരുമ്പോഴും ബാക്കി തുകയായ 15,000 അടുത്ത ദിവസവും നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോൾ ആദ്യ ഗഡുവായി 5000 രൂപയും ബാക്കി ഗഡുക്കളായും നൽകാൻ പറഞ്ഞു. വിനോയ് വിവരം വിജിലൻസിന്റെ കിഴക്കൻ മേഖല എസ്‌പി വിനോദ്കുമാറിനെ അറിയിച്ചു.

നിരന്തരമായി പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതിനാലാണ് വിജിലൻസിനെ സമീപിച്ചതെന്ന് പരാതിക്കാരനായ വിനോയി പറഞ്ഞു. വ്യാഴാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ വിനോയിയോട് ജാമ്യം നൽകണമെങ്കിൽ പണം തരണമെന്ന് അനിൽകുമാർ ആവശ്യപ്പെട്ടു.

അയ്യായിരം രൂപ സ്റ്റേഷനുപുറത്ത് കാറിനുള്ളിൽ ഇരുന്ന വിനോയിയിൽനിന്ന് വാങ്ങുന്നതിനിടെ സമീപത്ത് നിലയുറപ്പിച്ചിരുന്ന വിജിലൻസ് സംഘം അനിൽകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കിഴക്കന്മേഖല ഡിവൈ.എസ്‌പി എ.കെ. വിശ്വനാഥന്റെയും കോട്ടയം യൂനിറ്റ് ഡിവൈ.എസ്‌പി വി.ജി. രവീന്ദ്രനാഥിന്റെയും നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് കടുത്തുരുത്തി സ്‌റ്റേഷന് മുന്നിൽ കാറിനുള്ളിൽ വെച്ച് കൈക്കൂലി വാങ്ങിയ അനിൽകുമാറിനെ പിടികൂടിയത്.

ഇൻസ്‌പെക്ടർമാരായ റെജി കുന്നിൻപറമ്പിൽ, വിനീഷ്‌കുമാർ, നിസാം, രാജേഷ്‌കുമാർ, എസ്‌ഐമാരായ അനിൽകുമാർ, സന്തോഷ്, പ്രസന്നകുമാർ, എഎസ്ഐമാരായ തുളസീധരക്കുറുപ്പ്, സ്റ്റാൻലി, അനിൽകുമാർ, സാബു, കുര്യാക്കോസ്, പ്രസാദ്, സൂരജ് തുടങ്ങിയവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.