ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി തുടരുമ്പോൾ പുതിയ വീഡിയോയുമായി സിദ്ദു രംഗത്തുവന്നു. അവസാന ശ്വാസംവരെ സത്യത്തിനുവേണ്ടി പോരാടുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ച സിദ്ദു അറിയിച്ചു. ബുധനാഴ്ച ട്വീറ്റ്‌ചെയ്ത വീഡിയോയിലാണ് അവകാശവാദം. വ്യക്തിപരമായ പോരാട്ടമല്ല നടത്തുന്നത്. ആദർശത്തിന് വേണ്ടിയുള്ളതാണ്. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. കറപുരണ്ട മന്ത്രിമാരെ വീണ്ടും മന്ത്രിസഭയിൽ എടുത്തതിനെ അംഗീകരിക്കില്ലെന്നും സിദ്ദു പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ചതിൽ സിദ്ദുവിന് അതൃപ്തിയുണ്ടെന്ന സൂചനകൾ പുറത്തുവന്നിരുന്നു. റാണ ഗുർജിത് സിങ്ങിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതുതന്നെ സിദ്ദുവിനെ ചൊടിപ്പിച്ചിരുന്നു. മണൽ കടത്ത് വിവാദത്തെ തുടർന്ന് 2018 ൽ അദ്ദേഹം അമരീന്ദർ സിങ് മന്ത്രിസഭയിൽനിന്ന് രാജിവച്ചിരുന്നു. പിന്നീട് അന്വേഷണ സമിതി അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകി. ഉപമുഖ്യമന്ത്രി എസ്.എസ് രൺധാവയ്ക്ക് ആഭ്യന്തര വകുപ്പ് നൽകിയതിലും സിദ്ദുവിന് എതിർപ്പ് ഉണ്ടായിരുന്നുവെന്നാണ് വിവരം. അമരീന്ദർ രാജിവച്ചതിന് ശേഷം രൺധാവയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും നീക്കത്തെ സിദ്ദു എതിർത്തിരുന്നു.

ചരൺജിത് സിങ് ചന്നിയുടെ നേതൃത്വത്തിൽ അധികാരമേറ്റ മന്ത്രിസഭയിലെ അംഗങ്ങൾക്ക് വകുപ്പുകൾ അനുവദിച്ചതിന് പിന്നാലെയാണ് ഹൈക്കമാൻഡിനെപ്പോലും അമ്പരപ്പിച്ചുകൊണ്ട് സിദ്ദു പാർട്ടി അധ്യക്ഷസ്ഥാനം രാജിവച്ചത്. സിദ്ദുവിനു പിന്നാലെ പുതിയ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രി റസിയ സുൽത്താനയും രാജിവെച്ചിരുന്നു. സിദ്ദുവിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഇതെന്ന് മുഖ്യമന്ത്രിക്കയച്ച രാജിക്കത്തിൽ അവർ വ്യക്തമാക്കി. സിദ്ദുവിന്റെ അടുത്ത അനുയായിയാണ് റസിയ. ഭർത്താവും മുൻ ഐ.പി.എസ്. ഓഫീസറുമായ മുഹമ്മദ് മുസ്തഫ സിദ്ദുവിന്റെ മുഖ്യ ഉപദേഷ്ടാവുമാണ്.

മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ രാജിയിലേക്ക് നയിച്ചത് സിദ്ദുവിന്റെ നീക്കങ്ങളാണ്. തുടർന്നാണ് ചന്നി മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് നാലുമാസം മാത്രം ബാക്കിനിൽക്കെ ആയിരുന്നു മാറ്റങ്ങൾ. അതിനിടെ, സ്ഥിരതയില്ലാത്ത ആളാണ് സിദ്ദുവെന്നും അതിർത്തിസംസ്ഥാനമായ പഞ്ചാബിന് അദ്ദേഹം തീരെ യോജിച്ചയാളല്ലെന്നും മുന്മുഖ്യമന്ത്രി അമരീന്ദർസിങ് ട്വിറ്ററിലൂടെ പ്രതികരിച്ചു. അമരീന്ദർ രാജിവെച്ചതിനുശേഷം ഡൽഹിയിലെത്തിയ ദിവസംതന്നെയാണ് സിദ്ദു രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞ ജൂലായിൽ ആയിരുന്നു സിദ്ദു പഞ്ചാബ് പി.സി.സി. അധ്യക്ഷനായി ചുമതലയേറ്റത്. മുഖ്യമന്ത്രിയായിരുന്ന അമരീന്ദറിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ടായിരുന്നു സിദ്ദുവിന്റെ നിയമനം.

അതേസമയം കോൺഗ്രസിനെ നീക്കങ്ങൾ കരുതലോടെ നോക്കിക്കാണുകാണ് ആ ആദ്മി പാർട്ടിയും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ ഇന്ന് പഞ്ചാബിലെത്തും. നവ്‌ജോത് സിങ് സിദ്ദു പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ചതിന് തൊട്ടുടനെയാണ് കെജ്രിവാളിന്റെ പഞ്ചാബ് സന്ദർശനം. കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പരമാവധി മുതലെടുക്കാനാണ് ആം ആദ്മിയുടെ തീരുമാനം.സെപ്റ്റംബർ 30 ന് അദ്ദേഹം നടത്തുന്ന പത്രസമ്മേളനത്തിൽ വലിയ ചിലപ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പഞ്ചാബിന്റെ ഇലക്ഷൻ ചുമതലയുള്ള ആം.ആദ്മി പാർട്ടി ദേശീയ വക്താവ് രാഗവ് ചദ്ദ അറിയിച്ചു

2017 നിയമസഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടിയ ആം.ആദ്മി പഞ്ചാബിലെ മുഖ്യപ്രതിപക്ഷമാണ്. കോൺഗ്രസിന്റെ ആഭ്യന്തരപ്രശ്‌നങ്ങളെ മുതലെടുത്ത് പഞ്ചാബിൽ അധികാരത്തിലെത്താമെന്നാണ് ആം ആദ്മി കണക്ക് കൂട്ടുന്നത്. ഡൽഹി മോഡൽ മുൻ നിർത്തിയാണ് പഞ്ചാബിൽ ആം ആദ്മിയുടെ പ്രചാരണങ്ങൾ. അതിനിടെ കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ച നവ്‌ജോത് സിങ് സിദ്ദു ആം.ആദ്മി.പാർട്ടിയിലേക്ക് എന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.