ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ആവശ്യപ്പെട്ടുള്ള കേരളാ പത്രപ്രവർത്തക യൂണിയന്റെ ഹർജി നിലനിൽക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. നിയമപ്രകാരം നിർദ്ദേശിച്ചിട്ടുള്ള നടപടി ക്രമങ്ങൾക്ക് അനുസൃതമായാണ് കാപ്പന്റെ കസ്റ്റഡിയെന്നും അപേക്ഷ നിലനിൽക്കില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത കോടതിയെ അറിയിച്ചു. നിയമപ്രകാരം ജാമ്യത്തിന് അപേക്ഷിക്കാമെന്നും എന്നാൽ ഹേബിയസ് കോർപ്പസ് ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു മേത്ത വാദിച്ചത്.

അതേസമയം, കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ടിരിക്കുകയാണെന്ന കെയുഡബ്ലുജെയുടെയും കാപ്പന്റെ ഭാര്യയുടെയും വാദം തള്ളിയ യുപി സർക്കാർ അത്തരം നടപടികളുണ്ടായിട്ടില്ലെന്ന് കോടതിയിൽ പറഞ്ഞു. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, എ എസ് ബോപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ കോടതി നാളെ വീണ്ടും വാദം കേൾക്കും. കോവിഡ് സംബന്ധിച്ച അടിയന്തര ഹർജികൾ പരിഗണിക്കേണ്ടതിനാലാണ് അഭിഭാഷകന്റെ സമ്മതത്തോടെ കേസ് നാളത്തേക്ക് മാറ്റിവെച്ചത്.

കാപ്പന്റെ മെഡിക്കൽ രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്ന കാപ്പന്റെ അഭിഭാഷകൻ വിൽസ് മാത്യുവിന്റെ ആവശ്യം അംഗീകരിച്ച കോടതി ബുധനാഴ്ച കേസ് പരിഗണിക്കുമ്പോൾ മെഡിക്കൽ രേഖകൾ സമർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കോവിഡ് ബാധിതനായ സിദ്ദിഖ് കാപ്പന്റെ ആരോഗ്യ നില ഗുരുതരമാണെന്നും യുപി ആശുപത്രിയിൽ നിന്ന് ഡൽഹി എയിംസിലേക്ക് മാറ്റണമെന്നുമായിരുന്നു കെയുഡബ്ലുജെയുടെ ഹർജി.

സിദ്ദിഖ് കാപ്പനെ പാർപ്പിച്ചിരുന്ന മധുര ജയിലിൽ അൻപതോളം പേർക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയായിരുന്നു സിദ്ദിഖ് കാപ്പനും രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. കോവിഡ് സ്ഥിരീകരിച്ച വിവരം കാപ്പന്റെ അഭിഭാഷകനാണ് കുടുംബത്തെ അറിയിച്ചത്. മുൻപ് കടുത്ത പ്രമേഹമടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന സിദ്ദിഖ് കാപ്പന്റെ കെയുഡബ്ലുജെ ഡൽഹി ഘടകം ഉത്തർപ്രദേശ് സർക്കാരിനും കത്ത് നൽകിയിരുന്നു. തുടർന്ന് മധുര ജയിൽ ആശുപത്രിയിൽനിന്ന് യുപിയിലെ ആശുപത്രിയിലേക്ക് കാപ്പനെ മാറ്റിയിരുന്നു.

യുപിയിലെ ഹാത്രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റുചെയ്തത്. രാജ്യദ്രോഹം, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ഭീകരപ്രവർത്തനത്തിന് ഫണ്ട് സമാഹരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കാപ്പനെതിരെ ചുമത്തിയിരിക്കുന്നത്.