തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തായിരിക്കെ ഭരണഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട ഫയലിൽ മറ്റാരോ ഒപ്പിട്ടെന്ന വാദം സർക്കാർ അംഗീകരിക്കുന്നില്ല. ഇത് വ്യാജ ആരോപണമാണെന്നാണ് പറയുന്നത്. എന്നിട്ടും വിവാദത്തെ തുടർന്ന്, ഔദ്യോഗിക ഭാഷാവിഭാഗത്തിലെ വനിതാ ഡപ്യൂട്ടി സെക്രട്ടറിയെ സാമൂഹികനീതി വകുപ്പിലേക്കു സ്ഥലം മാറ്റി.

വ്യാജ ഒപ്പാണെന്ന ആരോപണം മുഖ്യമന്ത്രി തള്ളിയിരുന്നു. ഫയൽ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും അറിയിച്ചിരുന്നു. ആഭ്യന്തര അന്വേഷണത്തിൽ, ഈ ഫയലിന്റെ കാര്യത്തിൽ സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥ അനാവശ്യ താൽപര്യം കാട്ടിയെന്നാണു കണ്ടെത്തിയത്. ഒഎൽ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന അവർ കൈകാര്യം ചെയ്തിരുന്ന ഫയലായിരുന്നില്ല ഇത്. ഇവർ വഴിയാണ് ഫയൽ ചോർന്നതെന്നാണ് സർക്കാരിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് അവരെ സ്ഥലം മാറ്റുന്നതെന്നാണ് പൊതുവേ ഉയരുന്ന വാദം.

സിപിഎം അനുകൂല സംഘടനയിലെ അംഗമാണെങ്കിലും ബിജെപി അനുകൂല സംഘടന നടത്തിയ അനുമോദനച്ചടങ്ങിൽ അവർ പങ്കെടുത്തതും ചർച്ചയായിരുന്നു. ഉദ്യോഗസ്ഥ ഭരണാനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ അംഗമാണ്. എങ്കിലും ഇവർക്ക് പരിവാർ ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ചിത്ര എം എസിനാണ് സ്ഥലമാറ്റം. സ്വാഭാവിക സ്ഥലം മാറ്റമെന്ന തരത്തിലാണ് സർക്കാർ ഉത്തരവ്. അച്ചടക്ക നടപടിയായി കാണിക്കുന്നതുമില്ല.

2018ൽ മുഖ്യമന്ത്രി വിദേശത്തായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേരിൽ വ്യാജ ഒപ്പിട്ടുവെന്ന ആരോപണവുമായി ബിജെപി. രംഗത്തുവന്നിരുന്നു. ഒപ്പിട്ട ഫയലിന്റെ പകർപ്പും പുറത്തുവിട്ടിരുന്നു. എന്നാൽ, ഇത് വ്യാജ ഒപ്പല്ലെന്നും വിദേശത്തായിരുന്നപ്പോൾ ഫയലുകൾ ഡിജിറ്റലായി സ്വീകരിച്ച് ഒപ്പിട്ടതാണെന്നും മുഖ്യമന്ത്രി വിശദീകരണം നൽകി. ഫയലുകൾ ചോർന്നത് എങ്ങനെയെന്ന് അന്വേഷിക്കാനും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സ്ഥലംമാറ്റം.

വിവരാവകാശ നിയമപ്രകാരമാണ് രേഖകൾ പുറത്തേക്കുപോയതെങ്കിലും ഉദ്യോഗസ്ഥഭരണപരിഷ്‌കാരവകുപ്പിലെ ഉദ്യോഗസ്ഥ ഫയൽ നൽകാൻ അമിത താത്പര്യമെടുത്തുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. എന്നാൽ ഇവരെ കൂടുതൽ മെച്ചപ്പട്ട സീറ്റിലേക്കാണ് മാറ്റുന്നതെന്നതും നിർണ്ണായകമാണ്. ഒപ്പു വിവാദത്തിൽ മുഖ്യമന്ത്രി ചില വാദങ്ങൾ മുന്നോട്ട് വച്ചെങ്കിലും അതൊന്നും ബിജെപി അംഗീകരിച്ചിട്ടില്ല.