നാദാപുരം: സിജോ സ്‌കറിയയുടെ തിരോധാനത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. ഏഴു വർഷത്തോളം ആരും പരാതി നൽകാതിരുന്ന സിജോ സ്‌കറിയയുടെ തിരോധാനത്തിൽ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. ദുരൂഹത നീക്കാൻ വേണ്ടി സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം ശക്തമാകുന്നത്.

ഭാര്യയുടെ വീടായ ഇരിട്ടിയിൽ കഴിയുകയാണെന്നു കരുതിയതായി സ്വന്തം വീട്ടുകാർ പൊലീസിനോടു പറഞ്ഞപ്പോൾ സ്വദേശമായ വാളൂക്കിൽ കഴിയുകയാണെന്നു കരുതിയെന്നാണ് ഭാര്യയും അവരുടെ വീട്ടുകാരും പറഞ്ഞത്. ഈ മൊഴികളിലെ വസ്തുത എന്താണെന്ന് അറിയാൻ വേണ്ട അന്വേഷണം നടന്നില്ലെന്നതാണ് വസ്തുത.

2014ൽ സിജോയെയും ഭാര്യ നിഖിലയെയും കുഞ്ഞിനെയും ഭാര്യയുടെ പിതാവ് ഇരിട്ടി വാണിയംപാറയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയെന്നാണ് സിജോയുടെ പിതാവ് ആലപ്പാട്ട് സ്‌കറിയ പറയുന്നത്. പിന്നീട് സിജോയെ കുറിച്ച് വിവരം ഒന്നും ഇല്ലായിരുന്നു. ഭാര്യയും കുഞ്ഞും അടുത്തിടെ വാളൂക്കിൽ എത്തിയപ്പോഴാണ് മകനെ കാണാതായതായി അറിയുന്നതെന്നും ഇരിട്ടിയിൽ കഴിയുകയാണ് എന്നാണ് കരുതിയതെന്നും സ്‌കറിയ പറയുന്നു.

എന്നാൽ 2014ൽ, കടയിൽ പോകുന്നെന്നു പറഞ്ഞ് ഇരിട്ടിയിലെ വീട്ടിൽനിന്നു പോയ സിജോ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് ഭാര്യ നിഖില പറയുന്നത്. ഈ വർഷം വാളൂക്കിൽ എത്തിയപ്പോഴാണ് സിജോ ഇവിടെ ഇല്ലെന്ന് അറിയുന്നത്. തുടർന്ന് കുറ്റ്യാടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുക്കുകയും കുറച്ച് പേരെ ചോദ്യം ചെയ്യുകയും ചെയ്‌തെങ്കിലും പിന്നീട് കാര്യമായ അന്വേഷണമൊന്നും ഉണ്ടായില്ല. 7 വർഷത്തോളം ആരും പരാതി നൽകാതിരുന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.