അടിമാലി: പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ കേസിൽ പ്രതിയായത ബിനോയി ക്രിമിനൽ പ്രവണതയുള്ളയാൽ. സംശയരോഗി കൂടിയായിരുന്നു ഇയാൾ. തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്താൽ അതിന്റെ പേരിൽ ആരെയും ആക്രമിക്കാൻ മടിയില്ലാത്ത ക്രൂരൻ. ഈ ക്രിമിനൽ പശ്ചാത്തലം അറിയാതെയാണ് സിന്ധു ബിനോയിയുടെ കെണിയിൽ വീണതും ജീവൻ ഹോമിച്ചതും.

ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് ജയിൽവാസം അനുഭവിച്ചിട്ടുള്ള ഇയാളുടെ പേരിൽ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ 8 കേസുകളുണ്ട്. അടിപിടി, ആക്രമണം തുടങ്ങിയ കേസുകളാണു കൂടുതലും. കാമാക്ഷി താമഠത്തിൽ സിന്ധുവിനെയാണ് അയൽവാസിയായ ബിനോയി കൊന്നുകുഴിച്ചുമൂടിയത്. ഇയാളുടെ വീടിന്റെ അടുത്ത് ചക്കാലയ്ക്കൽ ബെന്നി എന്നയാളുടെ വീട്ടിലാണ് സിന്ധുവും 12 വയസ്സുകാരൻ മകനും താമസിച്ചിരുന്നത്. ഭർത്താവുമായി അകന്നുകഴിയുന്ന സിന്ധുവും ബിനോയിയുമായി അടുപ്പത്തിലായിരുന്നു. സിന്ധു വീണ്ടും ഭർത്താവുമായി അടുത്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ചക്കാലയ്ക്കൽ ബെന്നിയിൽനിന്ന് 80 സെന്റ് ഭൂമി വാങ്ങി ബിനോയിയുമായി ചേർന്ന് സിന്ധു ഏലം കൃഷിയും നടത്തിയിരുന്നു.

പ്രതി ബിനോയിയെ കണ്ടെത്തുന്നതിന് ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പ സ്വാമി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്‌പി ഇമ്മാനുവൽ പോളിനാണ് അന്വേഷണച്ചുമതല. വെള്ളത്തൂവൽ എസ്എച്ച്ഒ ആർ.കുമാർ, എസ്‌ഐമാരായ രാജേഷ്‌കുമാർ, സി.ആർ.സന്തോഷ്, സജി എൻ.പോൾ എന്നിവരാണ് സംഘത്തിലുള്ളത്.

വളരെ കൗശലക്കാരനായ പ്രതിയാണ് ബിനോയി എന്നാണ് പൊലീസുകാർ പറയുന്നത്. സിന്ധുവിനെ കാണാതായത വിവരം പുറത്തുവന്നതുമുതൽ ഇയാളുടെ പെരുമാറ്റവും സംസാരവും ഇക്കാര്യം ശരിവയ്ക്കുന്നതായിരുന്നു. കഴിഞ്ഞ മാസം 15-ന് മകളെ കാണാൻ ഇല്ലെന്നറിഞ്ഞ് സിന്ധുവിന്റെ അമ്മ കുഞ്ഞുമോൾ പണിക്കൻകുടിയിൽ എത്തി ബിനോയിയെ കണ്ടിരുന്നു.സിന്ധുവിനെ അന്വേഷിച്ചപ്പോൾ അവൾ ഇഷ്ടമുള്ള ആരൂടെയെങ്കിലും പിന്നാലെ പോയിട്ടുണ്ടാവുമെന്നായി ബിനോയിയുടെ മറുപടി. തെല്ലൊരു ഈർഷ്യത്തോടെ, എന്നാൽ വിഷമം ഉണ്ടെന്നും തോന്നിക്കുന്ന ഭാവം മുഖത്തുപ്രകടമാക്കിയായിരുന്നു ഇയാളുടെ മറുപടി.

ഇതിൽ സംശയം തോന്നിയ കുഞ്ഞുമോൾ നേരെ വെള്ളത്തൂവൽ പൊലീസ്റ്റേഷനിലെത്തി. വിശദമായ മൊഴി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്തു. വൈകുന്നേരത്തോടെയാണ് മൊഴിയെടുക്കലും മറ്റും പൂർത്തിയായത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പൊലീസ് സംഘം ഉടൻ ബിനോയിയുടെ വീട്ടിലേക്ക് തിരിച്ചു.

പൊലീസ് എത്തുമ്പോൾ ബിനോയി വീട്ടിലില്ല.പരിസരപ്രദേശങ്ങളിലെ ഏലക്കാട്ടിലും വേസ്റ്റ്കുഴിയിലും പടുതക്കുളത്തിലുമെല്ലാം വിശദമായി പരിശോധന നടത്തി പൊലീസ് സംഘം സ്റ്റേഷനിൽ മടങ്ങിയെത്തിയപ്പോൾ ഉദ്യോഗസ്ഥരിൽ ഒരാളുടെ ഫോണിലേക്ക് ബിനോയിയുടെ വിളിയെത്തി. സാർ വന്നിരുന്നല്ലെ..ഞാൻ സാധനങ്ങൾ വാങ്ങാൻ സിറ്റിക്കുപോയതാ .എന്നും പറഞ്ഞായിരുന്നു പൊലീസ് ഉദ്യോഗസ്ഥനുമായി ബിനോയി സംഭാഷണത്തിന് തുടക്കമിട്ടത്. പൊലീസ് തേടിയെത്തിയത് എന്തിനെന്ന് അറിയാനുള്ള വ്യഗ്രത ബിനോയിയുടെ പിന്നീടുള്ള സംഭാഷണങ്ങളിൽ വ്യക്തമായിരുന്നു.

സിന്ധുവിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാനാണ് എത്തിയതെന്ന് അറിയിച്ചപ്പോൾ കുഞ്ഞുമോളോട് വെളിപ്പെടുത്തിയ കാര്യങ്ങൾ, ശബ്ദത്തിൽ കുറച്ചുകൂടി ദുഃഖഭാവം ഉൾക്കൊള്ളിച്ച് ബിനോയി പൊലീസ് ഉദ്യോഗസ്ഥനെ ബോദ്ധ്യപ്പെടുത്തി. നിന്റെ കൂടെയല്ലെ താമസിച്ചിരുന്നത്, അതുകൊണ്ട് നീ നാളെ സ്റ്റേഷനിലേക്ക് വരണമെന്നും പറയാനുള്ളത് സ്റ്റേറ്റ്‌മെന്റ് ആക്കാമെന്നും അറിയിച്ച് ഉദ്യോഗസ്ഥൻ സംഭാഷണം ചുരുക്കി.

പിറ്റേന്ന് ബിനോയി പറഞ്ഞ സമയത്ത് സ്റ്റേഷനിൽ എത്തിയില്ല. അന്വേഷിച്ചപ്പോൾ ദൂരയാത്രയ്ക്കുള്ള തയ്യാറെടുപ്പോടെ ഇയാൾ നാടുവിട്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പിന്നെ ഇയാളെ കണ്ടെത്താൻ വെള്ളത്തൂവൽ പൊലീസ് ഊർജ്ജിതമായ തിരച്ചിൽ നടത്തി. മൊബൈൽ കയ്യിലുണ്ടെങ്കിലും വല്ലപ്പൊഴും മാത്രമാണ് ഓൺ ചെയ്യുന്നത്. ഇടയ്ക്കിടക്ക് സിംകാർഡുകൾ മാറ്റി മാറ്റിയാണ് ബിനോയി മൊബൈൽ ഉപയോഗിക്കുന്നത് എന്നാണ് പൊലീസ് അന്വേഷത്തിൽ വ്യക്തമായിട്ടുള്ളത്.

ഇതിനിടെ തൃശൂർ ഭാഗത്തുവച്ച് എ ടി എമ്മിൽ നിന്നും ബിനോയി പണം പിൻവലിച്ചതായി പൊലീസിന് വിവരം കിട്ടി. തുടർന്ന് ബാങ്കിലെത്തി വിവരങ്ങൾ ശേഖരിച്ച പൊലീസ് സംഘം അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. ഇതിനിടെയാണ് വെള്ളിയാഴ്ച സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീടിന്റെ അടുക്കളയിൽ അടുപ്പിനു താഴെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതായുള്ള വിവരം ബന്ധുക്കൾ പൊലീസിൽ അറിയിക്കുന്നത്.

പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിലെ സൂചനപ്രകാരം ശ്വാസം മുട്ടിയാണ് മരണപ്പെട്ടിട്ടുള്ളത്. ബിനോയിയുടെ ഭാര്യ ഇയാളുമായി പിരിഞ്ഞ് കോതമംഗലം ഭാഗത്ത് താമസിക്കുന്നതായിട്ടാണ്് നാട്ടുകാരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. ഭാര്യയെ ബിനോയി തല്ലിയോടിച്ചതാണെന്നും ചാക്കും ദേഹത്തുചുറ്റി വീട്ടിൽ നിന്നും ഇങ്ങിയോടിയാണ് ഇവർ മർദ്ദനത്തിൽ നിന്നും രക്ഷപെട്ടതെന്നുമാണ് പ്രദേശവാസികളിൽ ചിലർ പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഏലത്തോട്ടം ഉണ്ടായിരുന്നതിനാൽ സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടിലാണ് ബിനോയി ജീവിച്ചിരുന്നത്. ആരെയും കൂസാതെ എന്തിനും തയ്യാറെന്ന മട്ടിൽ ഒറ്റയാനെ പോലുള്ള ഇയാളുടെ നടപ്പും പ്രവർത്തികളും പ്രദേശവാസികളിൽ ഭയപ്പാടും സൃഷ്ടിച്ചിരുന്നു.

പൊലീസിനെതിരെ എന്തെങ്കിലും കിട്ടിയാൽ ഡി ജി പിക്കുവരെ പരാതി അയക്കുന്ന സ്വഭാവക്കാരനായിരുന്നു ബിനോയി. ഇതുകൊണ്ടുതന്നെ മേഖലയിലെ പൊലീസുകാരിൽ പലർക്കും ബിനോയിയെ അറിയാം. മൂന്നര അടി മാത്രം താഴ്ചയുള്ള കുഴിയിൽ മൃതദേഹം ചവിട്ടി താഴ്‌ത്തിയതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ വ്യക്തമാവുന്നത്. അടുപ്പ് തറക്ക് കഷ്ടി രണ്ടരയടിയോളമായിരുന്നു ഉയരം. നിർമ്മാണത്തിന് മണ്ണിഷ്ടികകളും ഉപയോഗിച്ചിരുന്നു. ഈ മണ്ണിഷ്ടികൾ ഇളക്കി മാറ്റാതെ ഇതിനുള്ളിൽ വരുന്ന ഭാഗത്ത് മാത്രം മണ്ണുമാറ്റിയാണ് മൃതദ്ദേഹം മറവുചെയ്യാൻ ബിനോയി കുഴിയൊരുക്കിയത്.

വിസ്താരം കുറഞ്ഞ കുഴിയിൽ ഇറക്കിയപ്പോൾ ശരീരഭാഗങ്ങൾ പുറത്തേക്ക് നീണ്ടുനിന്നിരിക്കാമെന്നും ഇതിനെത്തുടർന്ന് മൃതദേഹം താഴ്ന്നിരിക്കാൻ ചവിട്ടിയൊതുക്കിയെന്നുമാണ് സംയമുയർന്നിട്ടുള്ളത്. വാരിയെല്ലുകൾ പലതും ഒടിഞ്ഞും നട്ടെല്ലിന് പൊട്ടലേറ്റ നിലയിലുമാരിയിരുന്നു ജഡം കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒൻപതോടെയാണ് മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. കാലുകൾ വളഞ്ഞ് ഇരിക്കുന്ന തരത്തിലായിരുന്നു സിന്ധുവിന്റെ ശരീരം.