തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്‌കൻ പിടിയിൽ. മകനെ പിടികൂടാൻ പൊലീസിനെ സഹായിച്ചു എന്നാരോപിച്ചായിരുന്നു വധശ്രമം. കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ ജ്യോതി എന്ന സുനിൽ കുമാറിനെ ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചതിന് പ്രതിയുടെ മകൻ സുബീഷിനെ ആര്യനാട് പൊലീസ് പിടികൂടിയിരുന്നു.

രാത്രി കാലങ്ങളിൽ സ്ത്രീകൾ ഉള്ള വീടുകളിൽ കടന്നു കയറി അവരെ ഉപദ്രവിക്കുകയും, കുളിക്കുന്ന സമയം എത്തിനോക്കുകയും, വീഡിയോ എടുക്കുകയും ചെയ്യുന്നതിനാണ് സുബീഷിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി വസ്തുക്കൾക്ക് അടിമയായ ഇയാൾ കുളപ്പട ശ്രീധർമ്മ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകളെ  ഉപദ്രവിക്കുന്നത് പതിവായിരുന്നു. ശല്യം വർദ്ധിച്ചപ്പോൾ ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഭാരവാഹികളാണ് ആര്യനാട് പൊലീസിൽ പരാതി നൽകിയത്.

നിരവധി സ്ത്രീകൾ ഒപ്പിട്ട പരാതിയാണ് കുളപ്പട റസിഡൻസ് അസോസിയേഷൻ പൊലീസിന് നൽകിയത്. കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധം കൊണ്ട് ഗൃഹസ്ഥനെയും മകളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഇയാളെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.

സുബീഷിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് കുളപ്പട സ്വദേശി ദീപുവാണെന്ന് ആരോപിച്ചാണ് സുനിൽ കുമാർ ദീപുവിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സുനിൽകുമാറിനെതിരെയും ആര്യനാട് പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് ആര്യനാട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എൻ.ആർ.ജോസ് പറഞ്ഞു. എസ്‌ഐ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.