ന്യൂഡൽഹി: ഐഎസിൽ സ്വർഗം തേടിപ്പോയ നിമിഷ ഫാത്തിമയ്ക്കും കൂട്ടർക്കും തിരികെ നാട്ടിലെത്താൻ സാധിക്കുമോ? ആടു മെയ്‌ക്കാൻ പോയവർക്ക് ഇപ്പോൾ ഏതു വിധേനയും കേരളത്തിൽ തിരിച്ചെത്തിയാൽ മതിയെന്നാണ്. ഇതിനായി ഇവർ ബന്ധുക്കളെ വിളിച്ചു നിലവിളിക്കുമ്പോൾ അതിന് ഒപ്പം ബന്ധുക്കൾ നിയമ നടപടിയുമായി മുന്നോട്ടു പോകുകയും ചെയ്യുന്നു. നിമിഷയുടെ മാതാവിന് ശേഷം ഇപ്പോൾ ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്റെ പിതാവാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഐഎസിൽ ചേർന്ന് നാടു വിട്ടു പോയ ആയിഷയെന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യത്തിൽ എട്ടാഴ്ചക്കുള്ളിൽ കേന്ദ്രം തീരുമാനമറിയിക്കണമെന്ന് സുപ്രീം കോടതി. സോണിയ സെബാസ്റ്റ്യന്റെ പിതാവ് സെബാസ്റ്റ്യൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിർദ്ദേശം. സോണിയ നിലവിൽ അഫ്ഗാൻ ജയിലിലുണ്ടെന്നും തന്റെ മകൾ ഐഎസിൽ ചേർന്നതിൽ പശ്ചാത്തപിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.

നാട്ടിലേക്ക് തിരിച്ചു വരണമെന്ന് മകൾക്ക് ആഗ്രഹമുണ്ട്. എന്നാൽ ഇതിന് കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ലെന്നും ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. മതം മാറി ഭർത്താവ് അബ്ദുൾ റാഷിദിനൊപ്പമാണ് സോണിയ നാടു വിട്ട് പോവുന്നത്. 2019 ൽ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ അബ്ദുൾ റാഷിദ് കൊല്ലപ്പെട്ടു. നാട്ടിലെത്തി വിചാരണ നേരിടാനും മകൾ ആഗ്രഹിക്കുന്നതായി വിജെ സെബാസ്റ്റ്യൻ സേവ്യർ നൽകിയ ഹർജിയിൽ പറയുന്നു.സോണിയ സെബാസ്റ്റ്യൻ2019 ലാണ് സോണിയ സെബാസ്റ്റ്യൻ അഫ്ഗാനിൽ സുരക്ഷാ സേനയുടെ പിടിയിലാവുന്നത്.

പിടിയിലായി രണ്ട് മാസത്തിനുള്ളിൽ തന്നെ ഇവരെയും ഒപ്പം പിടിയിലായ നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, റഫീല എന്നീ മലയാളി സ്ത്രീകളെയും ചോദ്യം ചെയ്തതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. വീഡിയോയിൽ നിമിഷ ഫാത്തിമയുടെയും സോണിയ സെബാസ്റ്റ്യനും ഒപ്പം കുട്ടികളുണ്ട്.2016 ലാണ് സോണിയ സെബാസ്റ്റ്യൻ ഭർത്താവ് അബ്ദുൾ റാഷിദ് അബ്ദുല്ലയ്ക്കൊപ്പം ഐഎസിൽ ചേരാൻ അഫ്ഗഗാനിസ്താനിലേക്ക് പോയത്. 2011 ൽ ഇരുവരും വിവാഹിതരാവുകയും സോണിയ ഇസ്ലാം മതം സ്വീകരിക്കുകയുമായിരുന്നു.

എൻഐഎയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം ഐഎസിലേക്ക് കേരളത്തിൽ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലെ മാസ്റ്റർ മൈൻഡ് ആയിരുന്നു അബ്ദുൾ റാഷിദ് അബ്ദുല്ല.ചോദ്യം ചെയ്യലിൽ ഐഎസിൽ ചേർന്നത് തെറ്റായ തീരുമാനമായെന്ന് സോണിയ പറയുന്നുണ്ട്. തന്റെ മകളോടൊപ്പം തിരിച്ച് നാട്ടിൽ പോവണമെന്നും ഭർത്താവിന്റെ കുടുംബത്തോടൊപ്പം താമസിക്കണമെന്നുമാണ് സോണിയ പറയുന്നത്.' എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോവുകയും സംഭവിച്ചതെല്ലാം മറക്കുകയും വേണം. എന്റെ ഭർത്താവ് ജീവിച്ചിരിപ്പില്ല,ഭർത്താവിന്റെ കുടുംബം മാത്രമാണുള്ളത്,' സോണിയ വീഡിയോയിൽ പറയുന്നു.

തന്റെ ഭർത്താവിനും ഐഎസ് ചേർന്നതിൽ ഖേദമുണ്ടായിരുന്നെന്ന് സോണിയ പറയുന്നു. അഫ്ഗാനിസ്താനിലെ ഖോറാസാനിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇസ്ലാമിക ജീവിതം ആഗ്രഹിച്ച് വന്നിട്ട് സംഭവിച്ചത് മറിച്ചാണെന്ന് സോണിയ വെളിപ്പെടുത്തി.' അവിടെ ഒരു സംവിധാനവുമില്ല. ഒന്നും സംഭവിക്കുന്നില്ല. ആളുകൾ മസ്ജിദിൽ പോവുന്നില്ല. അദ്ദേഹം ( റാഷിദ്) ഇക്കാര്യത്തിൽ വളരെ ചിട്ടയുള്ളയാളായിരുന്നു. മസ്ജിദിലേക്ക് ഒരിക്കൽ പോലും വരാത്ത ധാരാളം ആളുകളുണ്ടായിരുന്നു അവിടെ. പക്ഷെ നേതാക്കൾ ഇതിൽ ഒന്നും ചെയ്തില്ല.

മരിക്കുന്നതിനു കുറച്ചു ദിവസം മുമ്പ് വരെ അദ്ദേഹം അദ്ദേഹം വളരെ നിരാശനായിരുന്നു. അദ്ദേഹം ശബ്ദരേഖകൾ തയ്യാറാക്കുന്നതും നിർത്തി. ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. വീട്ടുകാര്യങ്ങൾ നോക്കുകയായിരുന്നു,' സോണിയ പറയുന്നു. എന്നാൽ തിരിച്ചു വരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും മരിക്കുന്നതിന് മുമ്പ് എനിക്ക് ലോകം മതിയായി എന്നാണ് ഭർത്താവ് പറഞ്ഞെതെന്നും സോണിയ പറഞ്ഞിരുന്നു.