തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരത്തിന് ഇറങ്ങിയ ബിജെപിയിൽ ആശയക്കുഴപ്പം ശക്തം. യുവതികൾ പ്രവേശിച്ചതോടെ ഇനി സമരം എങ്ങനെ കൊണ്ടുപോകണം എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം. മുഖ്യമന്ത്രിക്കും ഇടതു സർക്കാറിനും എതിരായ പ്രതിഷേധമാക്കി മാറ്റാനാണ് നീക്കം. എന്നാൽ, നിലവിൽ സുപ്രീംകോടതി വിധി നടപ്പിലാക്കി കഴിഞ്ഞു. അതുകൊണ്ട് ഇനി എന്തിന് എന്ന ചോദ്യവും ഉയരുന്നു.

അതിനിടെ ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന നിരാഹാര സമരത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോടിയേരി ബിജെപിയെ പരിഹസിച്ച് രംഗത്തു വന്നത്. ആളെ കിട്ടാതെ വന്നപ്പോൾ ഏതോ ഒരു നടേശനെയോ ഗോപാലനെയോ മറ്റോ കിടത്തിയിരിക്കുകയാണ്. ദയവു ചെയ്ത് അയാളെ കുഴപ്പത്തിലാക്കാതെ നാരങ്ങ നീര് കൊടുത്ത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

'ബിജെപിയുടെ സമരം ഇപ്പോൾ ആരും ശ്രദ്ധിക്കുന്നില്ല. ആരും അറിയാത്ത ആളെ കൊണ്ട് കിടത്തിയിരിക്കുകയാണ്. ആരാണ് ഇയാൾ. അവിടെ കിടക്കുന്ന അയാളെ ആർക്കെങ്കിലും അറിയുമോ. ബിജെപിയുടെ സംസ്ഥാന നേതാക്കന്മാർക്ക് ആർക്കും കിടക്കാൻ പറ്റാത്ത സ്ഥിതിയിൽ ഏതോ ഒരാളെ കാസർഗോഡ് നിന്നോ മറ്റോ കൊണ്ട് വന്ന് കിടത്തിരിക്കുകയാണ്. അയാൾ തന്നെ ഇപ്പോൾ എഴുന്നേറ്റ് പോകാൻ വേണ്ടി വെപ്രാളപ്പെടുകയാണ്. ദയവു ചെയ്ത് അയാളെ കുഴപ്പത്തിലാക്കാതെ നാരങ്ങ നീര് കൊടുത്ത് അവസാനിപ്പിക്കുന്നതാണ് നല്ലത്.

ബിജെപിയുടെ മുഖം ഓരോ ദിവസം കഴിയുമ്പോഴും പരിഹാസ്യമായി മാറുകയാണ്. എന്നാൽ പിന്നെ ശ്രീധരൻപിള്ളയ്ക്ക് കിടക്കരുതോ. അയാൾ എന്താണ് പ്രസ്താവന നടത്തി കിടക്കാതെ നടക്കുന്നത്. ബാക്കിയുള്ള ആളെ കിടത്തൽ ആണോ ശ്രീധരൻപിള്ളയുടെ പണി. അവസാനം ആയാൾ തന്നെ വന്ന് കിടക്കേണ്ട. ശ്രീധരൻ പിള്ള എല്ലാവരും കിടക്കാൻ വേണ്ടി പറയുക അവസാനം ആളെ കിട്ടാതെ വന്നപ്പോൾ ഏതോ ഒരു നടേശനയോ ഗോപാലനയോ മറ്റോ കിടത്തിയിരിക്കുകയാണ്. അതു കൊണ്ട് സമരം ഒന്നെങ്കിൽ നിർത്തുക. അല്ലെങ്കിൽ ശ്രീധരൻ പിള്ള കിടക്കുക. ഇനിയും ഇത് നാണംകെടുത്താതെ നോക്കാൻ ബിജെപി ശ്രദ്ധിക്കുക'യെന്നും കോടിയേരി കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു എന്നാണ് ഈ വിഷയത്തിൽ എം ടി രമേശ് അഭിപ്രായപ്പെട്ടത്. കോടിക്കണക്കിന് അയ്യപ്പവിശ്വാസികളുടെ വിശ്വാസങ്ങളെ വേദനിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശ് പറഞ്ഞു. ഇതിനെതിരെ ഇന്നും നാളെയും അയ്യപ്പഭക്തർ രാജ്യവ്യാപകമായി നാമജപ പ്രതിഷേധം നടത്തുമെന്നും രമേശ് പറഞ്ഞു. മുഖ്യമന്ത്രിയെക്കൊണ്ട് ഇതിന് മറുപടി പറയിക്കും. പമ്പയിൽ നിന്ന് ആംബുലൻസ് ഉപയോഗിച്ചാണ് സന്നിധാനത്തെത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയിൽ സിപിഎമ്മുകാരായ കണ്ണൂരിൽ നിന്നുള്ള പൊലീസുകാരെ കഴിഞ്ഞ ദിവസം നിയോഗിച്ച ശേഷമാണ് യുവതീ പ്രവേശനം സാധ്യമാക്കിയത്. ഇന്ന് പുലർച്ചെ ശബരിമലയിലേക്കുള്ള വഴിയിലെങ്ങും യുവതികളെ ഭക്തർ കണ്ടിട്ടില്ല. ആംബുലൻസിലാണ് യുവതികളെ പമ്പയിൽ നിന്നും സന്നിധാനത്ത് എത്തിച്ചത്. ശബരിമലയിൽ യുവതികളെ എത്തിക്കാൻ നേരത്തെ ശ്രമിച്ചതിന് പിന്നിലും സർക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുയാണ്. മകരവിളക്ക് സമയത്ത് ആയിരക്കണക്കിന് ഭക്തരുടെ ദർശനം മുടങ്ങിയിരിക്കുകയാണ്. സമാനതകളില്ലാത്ത ഈ സംഭവത്തിന് പിന്നിൽ മുഖ്യമന്ത്രിയാണ്. ഇതിന് മുഖ്യമന്ത്രി അയ്യപ്പഭക്തരോട് മാപ്പ് പറയണം. കോടിക്കണക്കിന് അയ്യപ്പവിശ്വാസികളെ വേദനിപ്പിച്ച് അധികാരത്തിൽ തുടരാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ഇന്നും നാളെയും ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനത്ത് വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രമേശ് വ്യക്തമാക്കി.

കെ സുരേന്ദ്രൻ ജയിലിൽ ആയ വേളയിലാണ് ബിജെപി സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റിയത്. കെ സുരേന്ദ്രന്റെ ജയിൽ മോചനത്തോടെ തന്നെ രാധാകൃഷ്ണന്റെ സമരത്തിന് ആവേശം കുറഞ്ഞു. പിന്നീട് സികെ പത്മനാഭൻ. അതിന് ശേഷം ശോഭാ സുരേന്ദ്രൻ എന്നിവരും നിരാഹാരം കിടന്നു. ഇതിനിടെ മനിതിക്കാർ ശബരിമലയിലെത്തി. ഇതോടെ വീണ്ടും സമരപന്തൽ ഉണർന്നു. ശോഭാ സുരേന്ദ്രന് ആരോഗ്യകാരണങ്ങളാൽ സത്യഗ്രഹം അവസാനിച്ചതോടെ പന്തലിലെ ആവേശവും കുറഞ്ഞു. ശിവരാജനാണ് ഇപ്പോൾ നിരാഹാഹം കിടക്കുന്നത്.

സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപി നടത്തുന്ന നിരാഹാര സത്യഗ്രഹം 30 ദിവസം പൂർത്തിയാക്കി. ഇന്നലത്തെ സത്യഗ്രഹം കലാമണ്ഡലം സത്യഭാമ ഉദ്ഘാടനം ചെയ്തു.വനിതകൾക്കു വേണ്ടി മതിൽ ഉയർത്താൻ സിപിഎമ്മിന് യാതൊരു യോഗ്യതയുമില്ലെന്നും കലാമണ്ഡലത്തിൽ ഒട്ടേറെ ദുരനുഭവങ്ങൾ നേരിട്ടെന്നും അവർ പറഞ്ഞു. ഇങ്ങനെ ചിലരെ സമരപന്തലിൽ ദിവസവും കൊണ്ടു വരാൻ കഴിയുന്നുവെന്നതാണ് ഏക ആശ്വാസം. ഓരോ ദിവസവും ഓരോ ജില്ലയെ നിശ്ചയിച്ച് നൽകിയാണ് സമരത്തിന് പദ്ധതി ഇട്ടത്. എന്നാൽ ഇപ്പോൾ തിരുവനന്തപുരത്തുകാർ മാത്രമാണുള്ളത്. ഇതോടെ തിരുവനന്തപുരത്തെ ബിജെപി നേതൃത്വത്തിനും മുഴുവൻ സമയം നിരാഹാരത്തെ ശ്രദ്ധിക്കേണ്ട അവസ്ഥയുമായി.

ഇപ്പോൾ നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ. ശിവരാജന് തിരുവനന്തപുരത്ത് കാര്യമായ സ്വാധീനമില്ല. പാലക്കാടുകാരനായ ശിവരാജന് അഭിവാദ്യമർപ്പിക്കാൻ എത്തുന്ന പ്രവർത്തകരുടെ എണ്ണവും കുറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി സമരം തുടങ്ങിയത്. ഇതിൽ കോടതിയും സർക്കാരും അനുകൂല തീരുമാനം എടുത്തില്ല. അയ്യപ്പഭക്തർക്കു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക,കള്ളക്കേസുകൾ പിൻവലിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. ഇതിനൊന്നും സർക്കാരും വഴങ്ങിയില്ല. ജാമ്യം എടുത്ത് കെ സുരേന്ദ്രൻ ജയിൽ മോചതിനായതും സമരത്തിന്റെ കരുത്തിൽ അല്ല. അങ്ങനെ എല്ലാ അർത്ഥത്തിലും ബിജെപിക്ക് തലവേദനയായി മാറുകയാണ് ഈ സമരം.