കൊച്ചി: നാളത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പത്തനംതിട്ട യാത്ര റദ്ദാക്കി. ശബരിമലയിലെ പ്രതിഷേധങ്ങൾക്കിടെ മോദി പോയാൽ മതിയായ സുരക്ഷയൊരുക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ കണ്ടെത്തൽ. ഇത് എൻ എസ് ജിയും അംഗീകരിച്ചു. ഈ സാഹചര്യത്തിലാണ് യാത്ര റദ്ദാക്കുന്നത്.ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ സജീവമായി സാഹചര്യത്തിലായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തുന്ന ആദ്യ റാലി പത്തനംതിട്ടയിൽ ആസൂത്രണം ചെയ്തത്.

എന്നാൽ 'ചില പ്രത്യേക കാരണങ്ങളാൽ ജനുവരി 6 ന് നടത്തുമെന്നറിയിച്ച പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദർശനം മാറ്റിവച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും ചെയ്യാനില്ലെങ്കിലും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല'. മുതിർന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, യുവതീ പ്രവേശനത്തെ തുടർന്ന് സംസ്ഥാനത്ത് രൂപം കൊണ്ട അക്രമസംഭവങ്ങൾ നേതാക്കളുടെ വീട് ആക്രമിക്കപ്പെടുന്നതിൽ ഉൾപ്പെടെ എത്തിനിൽക്കുകയാണ്. ബിജെപി-സംഘപരിവാർ പ്രതിഷേധം പരിധിവിടുകയും കലാപ സമാനമായ അക്രമങ്ങളിലേക്ക് വഴിതിരിയുകയും ചെയ്തു. പിന്നീടത് സിപിഎം-ബിജെപി ഏറ്റമുട്ടലിലേക്കും എത്തിയതോടെ സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്. ഇതിന്റെ തുടർച്ചയാണ് വെള്ളിയാഴ്‌ച്ച എഎൻ ഷംസീർ എംഎൽഎയുടെയും വി. മുരളീധരൻ എം പിയുടേയും വീടുകൾക്ക് നേരെ ഉണ്ടായ ബോംബേറുകൾ.

കണ്ണൂർ തലശ്ശേരി മാടപ്പീടികയിലുള്ള എ എൻ ഷംസീറിന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടാകുന്നത്. വെള്ളിയാഴ്‌ച്ച രാത്രി പത്തേകാലോടെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. ശബരിമല വിഷയം മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപിയുടെ ലക്ഷ്യം.കഴിഞ്ഞ ദിവസത്തെ ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 1718 പേരെ പൊലീസ് അറസ്റ്റ് ചെയ്ത്ട്ടുണ്ട്. പത്തനംതിട്ടയിലും വ്യാപകമായ അക്രമം നടന്നിട്ടുണ്ട്. ഏകദേശം നാൽപ്പതോളം വീടുകൾ ഇവിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ടയിൽ അക്രമം തുടരുന്നു

ഹർത്താലിന് പിന്നാലെ കണ്ണൂരും പത്തനംതിട്ടയിലെ അടൂരും അക്രമങ്ങൾ തുടരുന്നു. പയ്യന്നൂർ ചെറുതാഴത്ത് ആർ.എസ്.എസ് ഓഫീസിന് തീയിട്ടു. കോഴിക്കോട് പേരാമ്പ്രയിലും പത്തനംതിട്ടയിലെ അടൂരും സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി. മലപ്പുറം ചേളാരിയിൽ ബിജെപി പ്രവർത്തകന്റെ കട രാത്രി അടിച്ചു തകർത്തു.

കണ്ണൂർ ഇരിട്ടി പെരുവരമ്പിൽ വെള്ളിയാഴ്ച രാത്രി സിപിഎം പ്രവർത്തകൻ വി.കെ വിശാഖിന് വെട്ടേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്. കൊളക്കോട്ട് ആർഎസ്എസ് വിഭാഗ് സംഘചാലക് ചന്ദ്രശേഖരന്റെ വീടിന് നേരേയും ആക്രമണമുണ്ടായി. എൻ.എം ഷംസീർ എംഎ‍ൽഎയുടേയും വി.മുരളീധരൻ എംപിയുടേയും സിപിഎം നേതാവ് പി.ശശിയുടേയും വീടിന് നേരേ ആക്രമണമുണ്ടായതോടെയാണ് രാത്രി അക്രമം വ്യാപിച്ചത്.

പേരാമ്പ്ര കണ്ണിപ്പൊയിലിലെ സിപിഎം നേതാവ് രാധാകൃഷ്ണന്റെ വീടിന് നേരേയാണ് ബോംബേറുണ്ടായത്. വീട്ടിൽ ഇദ്ദേഹവും കുടുംബവും ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. അടൂരിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗം രവീന്ദ്രന്റെ വീടിന് നേരെ ബോംബേറുണ്ടായി. ഏനാത്ത് ബിജെപി മേഖലാപ്രസിഡന്റ് അനിലിന്റെ വീടിന് നേരെ ആക്രമണമുണ്ടായി.മലപ്പുറം ചേളാരിയിൽ ബിജെപി പ്രവർത്തകൻ പുരുഷോത്തമന്റെ ബാർബർഷോപ്പ് അടിച്ചു തകർത്തു. പൂട്ടു തകർത്ത് അകത്ത് കയറി ശേഷം എ.സി ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ തകർക്കുകയായിരുന്നു.

അടൂരിൽ മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിൽ എ.ആർ ക്യാമ്പിലെ പൊലീസുകാരേയും സി.ആർ.പി.എഫുകാരേയും വിന്യസിച്ചിട്ടുണ്ട്. അവധിയിൽ പോയ പൊലീസുകാരോട് തിരിച്ച് ജോലിക്ക് കയറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂരിൽ 34 പേരെ കരുതൽ തടങ്കലിലെടുത്തു. കണ്ണൂരിൽ 260 പേരേയും പത്തനം തിട്ടയിൽ 110 പേരേയും അറസ്റ്റ് ചെയ്തു.