പത്തനംതിട്ട: ശബരിമലയിലെ ക്ഷേത്രദർശനം കഴിഞ്ഞിറങ്ങിയ യുവതികൾ വീണ്ടും രഹസ്യ കേന്ദ്രത്തിലേക്ക് മടങ്ങി. ഇവർ കണ്ണൂരിലേക്ക് പോയെന്നാണ് പുറത്തുവരുന്ന വിവരം. അയ്യപ്പനെ ദർശിച്ച് മടങ്ങിയ കനകദുർഗ്ഗയ്ക്കും ബിന്ദുവിനും കർശന സുരക്ഷ ഒരുക്കുകയാണ് പൊലീസ് ചെയ്തത്. പത്ത് മണി മുതൽ 2 മണിക്കുർ അങ്കമാലിയിൽ ഉണ്ടായിരുന്ന ഇരുവരെയും തൃശ്ശൂർ റൂട്ടിലേക്ക് 12.30 ഓടെ കൊണ്ടുപോയി. പൊലീസ് സുരക്ഷയിൽ ഇവരെ കണ്ണൂരിലേയ്ക്ക് കൊണ്ടുപോകുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ബിന്ദുവിനെയും കനകദുർഗയെയും പൊലീസ് വാഹനത്തിൽ തൃശൂർ ഭാഗത്തേക്കു കൊണ്ടുപോയി. ഇന്നു പുലർച്ചെ 3.48നാണ് ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയത്. ഇവർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതുസംബന്ധിച്ച വിഡിയോയും പുറത്തുവന്നിരുന്നു. ഡിസംബർ 24നും ഇവർ മല കയറാനെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്നു തിരിച്ചിറങ്ങുകയായിരുന്നു.

ഐജിയുടെ അതിഥികൾ എന്നു മാത്രം ഡ്യൂട്ടിയിലുള്ള പൊലിസുദ്യോഗസ്ഥർക്കു സൂചന നൽകിയാണു യുവതികളെ സന്നിധാനത്ത് പൊലീസ് എത്തിച്ചത്. മൂന്നു പൊലീസുകാർ കറുത്ത വേഷത്തിൽ അനുഗമിച്ചു. സ്റ്റാഫ് ഗേറ്റ് കടന്നു യുവതികളെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന പൊലീസുകാർക്കു കൃത്യമായ നിർദ്ദേശം ലഭിച്ചിരുന്നതിനാൽ അവർ ആ സമയത്തു മാറിനിന്നു എന്നാണു സൂചന.

ഇന്നലെ സുരക്ഷ ആവശ്യപ്പെട്ട് ഇവർ പൊലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്കു പോകുമെന്ന് ഇവർ വ്യക്തമാക്കി. തുടർന്നു പരിമിതമായ തോതിൽ പൊലീസ് സംരക്ഷണം നൽകിയെന്നാണു സൂചന. പുലർച്ചെ ദർശനം നടത്തിയ ശേഷം അപ്പോൾ തന്നെ ഇവർ മലയിറങ്ങിയെന്നുമാണു റിപ്പോർട്ട്. രാത്രി ഒരു മണിയോടെ പമ്പയിൽനിന്നു ഇവർ മല കയറി. മഫ്തിയിലാണ് പൊലീസ് ഇവരെ പിന്തുടർന്നത്. ബിന്ദുവും കനകദുർഗയും ആറുപേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകുളത്തുനിന്നാണ് എത്തിയത്. പമ്പ വഴി സന്നിധാനത്തെത്തിയ ഇവർ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സോപാനത്തെത്തി ദർശനം നടത്തി ഉടൻ മടങ്ങി.

യുവതിപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം മല കയറാൻ പലരെത്തിയെങ്കിലും ആർക്കും സന്നിധാനത്തെത്താൻ കഴിഞ്ഞിരുന്നില്ല. പൊലീസ് സുരക്ഷയിൽ മലകയറാൻ ഒരുങ്ങി ആദ്യ ശ്രമം പരാജയപ്പെട്ട ശേഷമാണ് ബിന്ദുവും കനകദുർഗയും സംഘവും വീണ്ടും ശബരിമലയിലെത്തിയത്.

പ്രതിഷേധം കണക്കിലെടുത്താണ് ഇരുവരെയും സുരക്ഷിത കേന്ദ്രത്തിലേക്കാണ് ഇപ്പോൾ മാറ്റിയത്. കനകദുർഗയുടെ പെരിന്തൽമണ്ണയിലെ വീട്ടിലും കോഴിക്കോടുള്ള ബിന്ദുവിന്റെ വീട്ടിലും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 24 ന് കനകദുർഗയും ബിന്ദുവും ശബരിമല സന്ദർശനത്തിനെത്തിയിരുന്നു. എന്നാൽ, കടുത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഇവരെ തിരിച്ചിറക്കി.

ഈ സംഭവത്തെ തുടർന്ന് ഇരുവരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. നേരത്തെ, ശബരിമല സന്ദർശനം നടത്തുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ച യുവതിയുടെ വീടിനു നേരെയും പ്രതിഷേധക്കാരുടെ ആക്രമണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കനകദുർഗയുടെയും ബിന്ദുവിന്റെയും വീടിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം ആവേശപൂർവ്വം മല കയറിയവർ ഇപ്പോൾ ജീവൽഭയത്തോടെ പരക്കംപായുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.