കൊച്ചി: പാലാരിവട്ടം ചിക്കിങ്ങിൽ ശുചി മുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മൊബൈൽ ക്യാമറയിൽ മുൻപ് ആരുടെയെങ്കിലും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന അന്വേഷണമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം പകർത്തിയ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. അതിനാൽ ഫോറൻസ്‌ക് വിഭാഗത്തിന് മൊബൈൽ കൈമാറിയിരിക്കുകയാണ്. ഇതോടെ ഇവിടെ മുൻപ് ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകൾ ഏറെ ആശങ്കയിലാണ്. പാലാരി വട്ടം പൊലീസ് സ്റ്റേഷനിൽ പലരും ഇപ്പോൾ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ് പൊലീസ്.

മുൻപും സമാനമായ രീതിയിൽ ഇവിടെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് സംഭവം ഒതുക്കി തീർത്തതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസമാണ് പാലാരിവട്ടത്തെ ചിക്കിങ് റെസ്റ്റൊറന്റ് ശുചിമുറിയിൽ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. പാലാരിവട്ടം ചിക്കിങ് റസ്റ്റോറന്റ് ജീവനക്കാരനായ പാലക്കാട് സ്വദേശി വേൽമുരുകനാണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈൽ ഫോണും പാലാരിവട്ടം പൊലീസ് പിടിച്ചെടുത്തു.

ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ പെൺകുട്ടിയാണ് ശുചിമുറിയിൽ മൊബൈൽ ഫോൺ വീഡിയോ റെക്കോഡിങ് ഓണാക്കിയ നിലയിൽ കണ്ടത്. ശുചിമുറിയിൽ നിന്നും പെട്ടെന്ന് പുറത്തിറങ്ങിയ പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. ഈ സമയം കൊണ്ട് ശുചിമുറിയിൽനിന്ന് ഫോൺ കൈക്കലാക്കിയ വേൽമുരുകനും മറ്റൊരു ജീവനക്കാരനും മുറിയിൽ കയറി കതകടച്ചിരുന്നു. അൽപ്പസമയം കഴിഞ്ഞ് മുറിവിട്ടു പുറത്തിറങ്ങിയ രണ്ടുപേരും ആരോപണം നിഷേധിച്ചു. ഇതോടെ കുടുംബം പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

ഇയാളുടെ മൊബൈലിൽ നിന്നും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോൺ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ വീണ്ടെടുക്കും. കൂടുതൽ ആളുകളുടെ ദൃശ്യങ്ങൾ ഇത്തരത്തിൽ പകർത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.