മലപ്പുറം: പ്ലസ്ടു വിദ്യാർത്ഥി പതിനാറുകാരിയെ ഗർഭിണിയാക്കിയെന്ന പീഡനക്കേസിൽ അകത്തായത് പൊലീസിന്റെ തിരക്കഥയെന്ന് മാതാപിതാക്കൾ മറുനാടനോട്. പൊലീസ് പറഞ്ഞു ചെയ്യിച്ച പോലെയാണ് തെളിവെടുപ്പിനെത്തിയപ്പോൾ പെൺകുട്ടി പെരുമാറിയതെന്നും മാതാപിതാക്കൾ പറഞ്ഞു. പീഡനക്കേസിൽ അറസ്റ്റിലായി ജയിലിൽകഴിയേണ്ടി വന്ന തിരൂരങ്ങാടി തെന്നല സ്വദേശി ശ്രീനാഥിന്റെ മാതാപിതാക്കളാണ് കൽപ്പകഞ്ചേരി പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

സംഭവത്തെ പറ്റി ശ്രീനാഥിന്റെ മാതാവ് ശ്രീമതി പറയുന്നതിങ്ങനെയാണ്: അറസ്റ്റ് ചെയ്തുകൊണ്ടു പോയ ശേഷം കൽപ്പകഞ്ചേരി പൊലീസ് പെൺകുട്ടിയുമായി വീട്ടിലെത്തി. തെളിവെടുപ്പിനായിട്ടായിരുന്നു എത്തിയത്. വീടിന് മുന്നിൽ പകച്ചു നിന്ന പെൺകുട്ടിയെ പൊലീസാണ് വീട്ടിനുള്ളിലേക്ക് കയറ്റിയത്. അകത്തൊക്കെ പരിഭ്രമിച്ചു നോക്കുന്ന കുട്ടി ആദ്യം പോയത് അടുക്കളയിലേക്കാണ്. പിന്നീട് അടച്ചിട്ടിരുന്ന പൂജാമുറിയുടെ മുന്നിൽ നിന്നു. പൂജാമുറിയാണെന്ന് ഞാൻ പറഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാർ പെൺകുട്ടിയെ ശ്രീനാഥും സഹോദരനും ഉപയോഗിക്കുന്ന മുറിയിലേക്ക് കൊണ്ടു പോയി. അവിടെ വച്ചാണ് പീഡനം നടത്തിയതെന്നാണ് പെൺകുട്ടി പറഞ്ഞത്.

ഏപ്രിൽ 11 ന് ഉച്ചയോടെയാണ് ശ്രീനാഥ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് പീഡനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കോലായിലേക്ക് കയറി മുറിയിലേക്ക് കൊണ്ടു പോയി എന്നും പറയുന്നു. എന്നാൽ ആ ദിവസം ഞായറാഴ്ചയായിരുന്നു. അന്ന് ഞാനും മൂത്ത മകനും വീട്ടിൽ തന്നെയുണ്ടായിരുന്നു. ഈ സമയം പെൺകുട്ടിയുമായി എത്തി എന്നു പറയുന്നത് പച്ചക്കള്ളമാണ്. വീട്ടിൽ എല്ലാവരും ഉള്ളപ്പോൾ ഒരു പെൺകുട്ടിയുമായി വീടിനുള്ളിലേക്ക് കയറിപോയാൽ എല്ലാവരും കാണും. അതുമല്ലെങ്കിൽ എപ്പോഴും തുറന്നു കിടക്കുന്ന മുറി അടഞ്ഞു കിടന്നാൽ തുറന്നു നോക്കും.

അപ്പോൾ തന്നെ ഇത് വ്യാജമായി കെട്ടിച്ചമച്ച കേസാണെന്ന് മനസ്സിലായി. കൂടാതെ പൊലീസ് തെളിവെടുപ്പിനെത്തിയപ്പോൾ പെൺകുട്ടി പീഡനം നടന്നു എന്ന് പറയുന്ന മുറിയിലേക്ക് കയറാതെ അടുക്കളയിലേക്കും പൂജാമുറിയുടെ മുന്നിലും ചെന്ന് നിന്നതും പെൺകുട്ടിക്ക് വീടറിയാത്തതിനാലാണ്. അതായത് മുൻപ് ഈ വീട്ടിലേക്ക് വന്നിട്ടില്ല. 16 വയസ്സുള്ള ഒരു പെൺകുട്ടിക്ക് തന്നെ ഉപദ്രവിച്ച മുറി മനസ്സിലാവാതിരിക്കാൻ സാധ്യതയില്ല. അപ്പോൾ പൊലീസ് കാട്ടിക്കൊടുത്ത മുറിയിലേക്ക് കയറിപ്പോകുകമാത്രമാണ് ചെയ്തത്-; ശ്രീമതി പറഞ്ഞു.

ആരെയോ രക്ഷിക്കാനായി കരുതിക്കൂട്ടി ചെയ്തപോലെയാണ് കൽപ്പകഞ്ചേരി പൊലീസ് പ്രവർത്തിച്ചതെന്ന് ശ്രീമതി പറയുന്നു. തെളിവെടുപ്പിനായി ശ്രീനാഥിനെ കൊണ്ടു പോയപ്പോൾ താൻ തെറ്റ് ചെയ്തിട്ടില്ല എന്ന് പറഞ്ഞപ്പോൾ പൊലീസുകാരൻ ചെകിടിന് അടിക്കുയും കേൾവിശക്തിക്ക് തകരാർ സംഭവിച്ചതായും പറയുന്നുണ്ട്. ആശുപത്രിയിൽ കൊണ്ടു പോയി വിശദമായി പരിശോധന നടത്തിയ ശേഷം കരാർ സംഭവിച്ചിട്ടുണ്ടെങ്കിൽ ആ റിപ്പോർട്ടുകളടക്കം പൊലീസിനെതിരെ പരാതി നൽകുമെന്നും ശ്രീമതി മറുനാടനോട് പറഞ്ഞു. നിരപരാധിയായ മകന് സംഭവിച്ചതു പോലെ മറ്റാർക്കും ഇത്തരത്തിൽ ഒരു ഗതി വരരുതെന്നും ശ്രീമതി കണ്ണീരോടെ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി ഗർഭിണിയായ കേസിൽ ഡി.എൻ.എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് കഴിഞ്ഞ 35 ദിവസമായി ജയിലിൽ കഴിഞ്ഞ ശ്രീനാഥിന് കോടതി ജാമ്യം അനുവദിച്ചത്. പരിശോധനഫലം ലഭിച്ചതിനു പിന്നാലെ സ്വന്തം ജാമ്യത്തിൽ പോക്സോ കോടതി ഉടൻ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു. താനും ആ പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമേയുള്ളൂവെന്നു ശ്രീനാഥ് പറഞ്ഞു. ഞാൻ പത്താം ക്ളാസിൽ പഠിക്കുമ്പോൾ അവൾ ഒൻപതിലാണ്. തെറ്റ് ചെയ്തെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ. ചെയ്യാത്ത കുറ്റത്തിനു പേടിയില്ലെന്നും ശ്രീനാഥ് ഉറപ്പിച്ചു പറഞ്ഞു.

പീഡനത്തിന് ഇരയായ പതിനേഴുകാരി ഗർഭിണിയായ കേസിലാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂൺ 22ന് ശ്രീനാഥ് പോക്സോ കേസിൽ റിമാൻഡിലായത്. ശ്രീനാഥിന്റെ അപേക്ഷ പ്രകാരം നടത്തിയ ഡി.എൻ.എ പരിശോധനയുടെ ഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി പോക്സോ കോടതി സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്. പോക്സോയ്ക്കു പുറമെ 346, 376, 342 ഐ.പി.സി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം മണിക്കൂറുകൾക്കുള്ളിൽ തിരൂർ സബ് ജയിൽ നിന്ന് പുറത്തിറക്കി.

പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടോ എന്നറിയാൻ ഇനിയും വിശദമായ പുനരന്വേഷണം വേണ്ടി വരും. അന്വേഷണത്തിൽ വീഴ്ച വരുത്തുകയും നിരപരാധിയെ പ്രതി ചേർക്കുകയും ചെയ്ത കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.