കൊച്ചി: മലയാള സിനിമയിൽ എന്തും തുറന്നു പറയാൻ ലൈസൻസുള്ളയാളാണ് നടൻ ശ്രീനിവാസൻ എന്ന് ചലച്ചിത്രലോകത്ത് തന്നെയുള്ളവർ പറയാറുണ്ട്. സൂപ്പർ താരങ്ങളെ വരെ മുഖം നോക്കാതെ വിമർശിക്കും. കാരണം മറ്റൊന്നുമല്ല. സീനിയോറിറ്റി തന്നെ. ഇടക്കാലത്ത് ഉദയനാണ് താരം എന്ന ചിത്രത്തിലും, രണ്ടാം ഭാഗമായ സരോജ് കുമാറിലും മോഹൻലാലിനെ വിമർശിച്ചുവെന്ന് പറഞ്ഞ് ആരാധകരുടെ കോലാഹലമായിരുന്നു. എന്നാൽ, തനിക്ക് ശ്രീനിവാസനോട് വിരോധമൊന്നുമില്ലെന്ന് മോഹൻലാൽ പലവട്ടം പറയുകയും ചെയ്തു. ഏറ്റവുമൊടുവിൽ പണ്ടൊരിക്കൽ സിനിമ നിർമ്മിക്കാൻ തയ്യാറെടുത്തപ്പോൾ ഉണ്ടായ അനുഭവമാണ് 'കൈരളിയിലെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിൽ അദ്ദേഹം തുറന്ന് പറയുന്നത്.

ശ്രീനിവാസൻ ജി.അരവിന്ദന്റെ ചിദംബരം സിനിമയിൽ അഭിനയിച്ച് ഷൈൻ ചെയ്ത് നിൽക്കുന്ന കാലം. ആ സിനിമയിലെ ശമ്പളം ഒരുസിനിമയുടെ നിർമ്മാണത്തിൽ ചെലവഴിച്ച കഥയാണ് ശ്രീനിവാസൻ പറയുന്നത്. ഒരിക്കൽ പ്രിയദർശനും മോഹൻലാലും ശങ്കറും നിർമ്മാതാവ് ആനന്ദുമെല്ലാം ചേർന്ന് സിനിമ നിർമ്മിക്കാൻ ഒരുങ്ങിയെന്നും അങ്ങനെ താനും ഒരു നിർമ്മാതാവായി മാറിയെന്നും ശ്രീനിവാസൻ പറയുന്നു. എല്ലാവരും ചേർന്ന് സിനിമ നിർമ്മിക്കാമെന്നുള്ള എഗ്രിമെന്റിൽ ഒപ്പിട്ടതിന് ശേഷം ഒരു പാർട്ടിയുണ്ടായിരുന്നു. പാർട്ടിയിൽ ഗാന്ധിമതി ബാലൻ എന്ന ഡിസ്ട്രിബ്യൂട്ടർ ബിയർ ഗ്ലാസുമായി എണീറ്റ് നിന്ന് നമ്മൾ ഈ നായന്മാരുടെ സംരംഭം വൻ വിജയമാവട്ടെ എന്ന് പറഞ്ഞുവെന്നും ശ്രീനിവാസൻ പറയുന്നു.

അപ്പോൾ താൻ നായരാണോ എന്ന സംശയത്തോടെ മണിയൻപിള്ളരാജുവും പ്രിയദർശനും നോക്കിയെന്നും അവരോട് തന്റെ അച്ഛൻ തീയ്യനാണെന്നും അമ്മ നമ്പ്യാരാണെന്നും പറഞ്ഞുവെന്നും ശ്രീനിവാസൻ പറയുന്നു. ഇതു കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമായെന്നും അമ്മ നമ്പ്യാരാണെന്ന് പറഞ്ഞാൽ നായർ തന്നെയാണെന്ന് പറഞ്ഞ് ഗാന്ധിമതി ബാലൻ വീണ്ടും ചിയേഴ്‌സ് പറഞ്ഞുവെന്നും ശ്രീനിവാസൻ പറഞ്ഞു.

എന്നാൽ പിന്നീടൊരിക്കൽ മോഹൻലാൽ തന്നോട് അമ്മ നമ്പ്യാരാണോ എന്ന് ചോദിച്ചുവെന്നും ആണെന്ന് പറഞ്ഞപ്പോൾ വീണ്ടും അതേ ചോദ്യം ആവർത്തിച്ചുവെന്നും പരിപാടിയിൽ ശ്രീനിവാസൻ പറഞ്ഞു. താൻ എന്തുകൊണ്ട് ഇക്കാര്യം ഇതുവരെ പുറത്തു പറഞ്ഞില്ലെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ തന്റെ അമ്മ നമ്പ്യാരല്ല എന്ന് ഇതുവരെ എവിടെയും പറഞ്ഞിട്ടില്ലല്ലോ എന്നാണ് താൻ മറുപടി പറഞ്ഞതെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

എത്രയൊക്കെ ഇല്ലായെന്ന് പറഞ്ഞാലും സെലിബ്രിറ്റികൾ അടക്കമുള്ളവരുടെ മനസ്സിൽ പോലും അബോധമായി ജാതി പ്രവർത്തിക്കുന്നതിന്റെ അനുഭവമാണ് ശ്രീനിവാസൻ തുറന്നടിച്ചത്.