തിരുവനന്തപുരം: തനിക്കെതിരെയുള്ള യുഡിഎഫിന്റെ അവിശ്വാസ പ്രമേയം നിലനിൽക്കില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സ്പീക്കർക്കെതിരായ അവിശ്വാസത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടം. ഈ ചട്ടം അനുസരിച്ചുള്ള നോട്ടീൽ ലഭിച്ചിട്ടില്ലെന്് സ്പീക്കർ പറഞ്ഞു. അവിശ്വാസപ്രമേയത്തിന്റെയും സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന്റെയും നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സ്പീക്കർ വ്യക്തമാക്കിയത്.

നിയമസഭാ സമ്മേളനം 24 ന് തീരുമാനിച്ചതോടെയാണ് സർക്കാരിനെതിരെ വീണ്ടും അവിശ്വാസ പ്രമേയ നോട്ടിസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചത്. 24നു രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഉള്ളതിനാൽ എംഎൽഎമാർക്കെല്ലാം തിരുവനന്തപുരത്ത് എത്തേണ്ടതിനാലാണ് അന്നു തന്നെ സഭയും വിളിച്ചത്.

സ്വർണക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ടതു വഴി സ്പീക്കർ പദവിയുടെ മഹിമ നഷ്ടപ്പെടുത്തിയെന്ന ആരോപണമാണു പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്. എംഎൽഎമാരായ വി ഡി സതീശനും എം ഉമ്മറുമാകും സർക്കാരിനും സ്പീക്കർക്കുമെതിരെ നോട്ടീസ് നൽകുക എന്നാണ് സൂചന.

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും എതിരെയുള്ള ആക്ഷേപങ്ങളുടെ പേരിലാണ് അവിശ്വാസ നീക്കം. രാജ്യസഭാ തെരഞ്ഞെടുപ്പിനായി എം വി ശ്രേയാംസ്‌കുമാറും (എൽഡിഎഫ്) ലാൽ വർഗീസ് കൽപകവാടിയും (യുഡിഎഫ്) പത്രിക നൽകി. 24 ന് രാവിലെ 9 മുതൽ വൈകിട്ടു 4 വരെയാണു വോട്ടിങ്. കോവിഡ് ലക്ഷണമുള്ളവർക്കു 4 മുതൽ 5 വരെ വോട്ടു ചെയ്യാം.