തലശ്ശേരി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പോളിങ് സ്റ്റേഷനിൽ വെച്ച് സ്റ്റുഡന്റ് പൊലിസിനെ ലൈംഗിക ചൂഷണത്തിനിരയാക്കാൻ ശ്രമിച്ച പൊലിസുകാരനെതിരെ വകുപ്പുതല നടപടിയില്ലെന്ന പരാതി ശക്തമാകുന്നു. സിപിഎം അനുകൂലിയായ പൊലിസുകാരനെതിരെ കോടതിയിൽ കേസ് നിൽക്കുന്നുണ്ടെങ്കിലും ഇന്നേക്കു വരെ വകുപ്പുതല അന്വേഷണമോ നടന്നിട്ടില്ലെന്നാണ് ആരോപണം.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടം പരിധിയിൽ താമസിക്കുന്ന 45 വയസുകാരനായ പൊലിസുകാരന് അടുത്ത സിപിഎം ബന്ധമാണുള്ളത്. അതു കൊണ്ടു തന്നെ പോക്‌സോ കേസിൽ ഉൾപ്പെടുത്താവുന്ന ഗൗരവകരമായ കുറ്റം ചെയ്തിട്ടും ഇയാൾക്കെതിരെ കാര്യമായ നടപടി സ്വീകരിക്കാത്തതാണ് പരക്കെ വിമർശനത്തിനിടയാക്കുന്നത്.നിലവിൽ റെയിൽവേ പൊലിസിലാണ് ആരോപണ വിധേയനായ പൊലിസുകാരൻ ജോലി ചെയ്യുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തലശേരി മേഖലയിലെ ഒരു പോളിങ് ബൂത്തിൽ സ്‌പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരൻ അതേ ബൂത്തിൽ നിയോഗിക്കപ്പെട്ട സ്റ്റുഡന്റ് പൊലിസിനെ തലേന്ന് രാത്രി സ്‌കൂളിൽ ഒരുക്കിയ ബൂത്തിൽ അർധരാത്രിയിൽ ഉറങ്ങാൻ കിടക്കവെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കുട്ടി ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്.

സംഭവം വിവാദമായതിനെ തുടർന്ന് കുട്ടിയുടെ പരാതിയിൽ കേസെടുത്ത് പൊലിസ് കോടതിയിൽ റിപ്പോർട്ടു സമർപ്പിക്കുകയായിരുന്നു.എന്നാൽ കേസ് തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയെങ്കിലും ഒത്തുതീർക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങളും മറുവശത്തു നിന്നും നടന്നു 'രാഷ്ട്രീയ സമ്മർദ്ദം ഉപയോഗിച്ച് പരാതി പിൻവലിപ്പിക്കാൻ കുട്ടിയുടെ വീട്ടുകാരെ കൊണ്ട് നിർബന്ധിക്കുകയായിരുന്നുവെന്നാണ് വിവരം.

പീഡിപ്പിച്ച പൊലിസുകാരനും പീഡിപ്പിക്കപ്പെട്ട കുട്ടിയും ഒരേ പാർട്ടി കുടുംബത്തിൽ ഉൾപ്പെട്ടവരായതിനാൽ രാഷ്ട്രീയ ഭരണതല ഇടപെടലുകൾ ഉണ്ടായെന്നാണ് വിവരം.ഹൈക്കോടതിയിൽ കേസ് ജോയന്റ് പെറ്റിഷൻ നൽകി പിൻവലിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. എന്നാൽ കേസ് കോടതിയിൽ പരിഗണനയിൽ വന്നാലും അതിനു മുൻപായി നടക്കേണ്ട വകുപ്പുതല അന്വേഷണമോ മറ്റു കാര്യങ്ങളോ നടക്കാത്തത് പൊലിസ് സേനയിൽ തന്നെ ചർച്ചയായിട്ടുണ്ട്.