പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്കും. ഒരു വർഷം മുമ്പ് സക്കീർ ഹുസൈൻ എന്ന എസ്ഡിപിഐ പ്രവർത്തകനെ എരട്ടക്കുളം തിരിവിൽ വച്ച് വെട്ടിയ കേസിലെ പ്രതികളായ സുദർശനൻ, ശ്രീജിത്ത്, ഷൈജു ഉൾപ്പടെ അഞ്ച് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവർ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്. ഇവരുടെ പ്രവർത്തനം കോയമ്പത്തൂർ കേന്ദ്രീകരിച്ചാണ്. പ്രതികൾ കൊലപാതകത്തിന് ശേഷം കേരളത്തിന് പുറത്തേക്ക് കടന്നുവെന്ന സംശയത്തിലാണ് പൊലീസ്.

ക്ഷേത്രദർശനത്തിന് പോകുമെന്ന് പറഞ്ഞാണ് ബിജെപി പ്രവർത്തകനായ രമേശ് കാറ് കൊണ്ടുപോയതെന്ന് കാർ വാടകക്ക് നൽകുന്ന അലിയാർ പറയുന്നു. എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകികൾ സഞ്ചരിച്ചിരുന്ന കാർ കൃപേഷിന്റെ പേരിലാണ് വാങ്ങിയതെങ്കിലും രണ്ടുവർഷമായി കാർ ഉപയോഗിക്കുന്നത് അലിയാരാണ്. KL9 AQ 7901 മാരുതി അൾട്ടോ കാറാണ്‌കൊലപാതകികൾ ഉപയോഗിച്ചത്. കൊലപാതകത്തിന് ശേഷം ഈ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

'രമേശിനെ സ്ഥിരമായി കാണുന്നതാണ്. മുമ്പും ഇത്തരത്തിൽ വാഹനം കൊണ്ടുപോയിട്ടുണ്ട്. ഇന്നലെ രാവിലെ ഒമ്പതേ മുക്കാലിനാണ് കാർ നൽകിയത്. കൊലപാതകം നടന്ന ശേഷം മറ്റുള്ളവർ പറഞ്ഞപ്പോഴാണ് കാർ അവർ ഉപയോഗിച്ചതായി അറിയുന്നത്. അതിന് ശേഷം അവരെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഉച്ചക്ക് ഒരുമണി മുതൽ അവരെ ഫോൺ വിളിച്ചുകൊണ്ടിരിക്കുയാണ്.രമേശിന്റെ ഫോട്ടോയും ഫോൺ നമ്പറും സംസാരിച്ചതിന്റെ റെക്കോർഡും കയ്യിലുണ്ട്. പൊലീസ് വന്നപ്പോൾ ഇതെല്ലാം കൊടുത്തിട്ടുണ്ട്.

കുടുംബത്തോടൊപ്പം വിഷുവിന് അമ്പലത്തിൽ പോകണം എന്ന് പറഞ്ഞാണ് കാർ കൊണ്ടുപോയത്. മുമ്പും ഇത്തരത്തിൽ കാർ കൊണ്ടുപോയിരുന്നു. കാറിന്റെ ആർ.സി ഉടമ കൃപേഷ് എന്റെ കൂടെ ഡ്രൈവറായി ജോലി ചെയ്തിരുന്നു.അന്ന് അവന്റെ പേരിലാണ് കാർ എടുത്തതെന്നും' അലിയാർ പറഞ്ഞു. കാർ ദിവസവാടകക്ക് നൽകുന്നയാളാണ് അലിയാർ. പ്രതികൾ ഉപയോഗിച്ച കാർ കഞ്ചിക്കോട് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് അരും കൊലപാതകമുണ്ടായത്. പള്ളിയിൽ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്‌ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്.

സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാറും പൊലീസ് കണ്ടെത്തിയിരുന്നു. കഞ്ചിക്കോട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. കാർ കെ.കൃപേഷ് എന്നയാളുടെ പേരിലുള്ളതാണ്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ഹൈവേക്ക് അടുത്ത് കാർ കണ്ടതെന്നും സംശയം തോന്നിയതോടെ രാത്രി 10 മണിയോടെ പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നുമാണ് കാറിനെ കുറിച്ച് വിവരം നൽകിയ കടയുടമ രമേശ് കുമാർ അറിയിച്ചു.

കൊലപാതകം നടന്ന സ്ഥലത്ത് നിന്നും 10 കിലോമീറ്റർ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. കാർ ഉപേക്ഷിച്ച് കൊലയാളിസംഘം തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്. അതിനിടെ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ഒരു കാർ മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് കാർ അറ്റകുറ്റപ്പണിക്ക് വേണ്ടി വർക്ക്‌ഷോപ്പിലേക്ക് മാറ്റിയിരുന്നുവെന്നും പിന്നീട് സഞ്ജിത്ത് മരിച്ച ശേഷം കാറിനെ കുറിച്ച് അറിയില്ലെന്നുമാണ് സഞ്ജിത്തിന്റെ പിതാവ് ആറുമുഖം പറഞ്ഞത്.

സഞ്ജിത്തിന്റെ കാർ സുബൈറിന്റെ കൊലയാളി സംഘം ഉപയോഗിച്ചു എന്ന് വാർത്തകളിലൂടെയാണ് അറിഞ്ഞത്. സഞ്ജിത്തിന് വലിയ സുഹൃദ് വലമുണ്ട്. അവരാരെങ്കിലുമാണോ കാർ ഉപയോഗിച്ചതെന്നതിൽ വ്യക്തതയില്ലെന്നും കാർ ഏത് വർക്ക്‌ഷോപ്പിലാണെന്നും അറിയില്ലാത്തതിനാലാണ് കാർ തിരികെയെടുക്കാഞ്ഞതെന്നും ആറുമുഖൻ പറയുന്നു. ഇക്കാര്യം സഞ്ജിത്തിന്റെ ഭാര്യ അർഷികയും സ്ഥിരീകരിച്ചു. ഏത് വർക്ക്‌ഷോപ്പ് എന്നറിയില്ലെന്നും ആർഷിക കൂട്ടിച്ചേർത്തു. സഞ്ജിത്തിന്റെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് മമ്പറത്തെ വീട്ടിലെത്തി ചോദ്യം ചെയ്തത്.

അതേസമയം, സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. സംഭവത്തിൽ ആസൂത്രണമുണ്ട്. അഞ്ചുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായാണ് പൊലീസിനു ലഭിച്ച വിവരം. എന്നാൽ എഫ്‌ഐആറിൽ ആരെയും പ്രതിചേർത്തിട്ടില്ല.