അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര ഉപേക്ഷിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി പൊലീസിന് ഫോൺ കോൾ. ഗുജറാത്തിൽ കോവിഡ് കേസുകൾ ഉയരുന്നത് ചൂണ്ടിയാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഉപേക്ഷിക്കണമെന്ന ആവശ്യം.

ഗുജറാത്ത് ഗാന്ധിനഗർ പൊലീസിനാണ് ആത്മഹത്യാ ഭീഷണി സന്ദേശം ലഭിച്ചത്. ആത്മഹത്യാ സന്ദേശം ലഭിച്ചതിന് പിന്നാലെ അഹമ്മദാബാദിലെ ചന്ദ്ഖേഡ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പങ്കജ് പട്ടേൽ എന്നയാൾ ആണ് മാർച്ച് 12ന് വിളിച്ച് ഭീഷണി സന്ദേശം മുഴക്കിയത്.

ആത്മഹത്യ ഭീഷണിയുടെ ശബ്ദരേഖ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി. 75000ഓളം ആളുകൾ സ്റ്റേഡിയത്തിലേക്ക് എത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഇയാൾ പറയുന്നത്. കോവിഡ് കേസുകൾ ഉയരുന്നത് തടയുന്നതിൽ ഗുജറാത്ത് മുഖ്യമന്ത്രി പരാജയപ്പെട്ടതായും ഫോൺ വിളിച്ചയാൾ ആരോപിക്കുന്നു.

ഗുജറാത്തിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അവസാന മൂന്ന് ടി20കളും അടച്ചിട്ട സ്റ്റേഡിയത്തിലാവും നടത്തുക. ആദ്യ രണ്ട് ടി20യിലേക്കും കാണികളെ പ്രവേശിപ്പിച്ചിരുന്നു.