കോട്ടയം: മന്നം സമാധിദിനത്തിൽ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തെ വിമർശിച്ച് എൻഎസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ഭരണകർത്താക്കൾ അവർക്ക് ആവശ്യമുള്ളപ്പോൾ മന്നത്ത് പത്മനാഭനെ നവോത്ഥാന നായകനാക്കുകയും അവസരം കിട്ടുമ്പോൾ അവഗണിക്കുകയും ചെയ്യുകയാണെന്നും ഇതിന് ഉദാഹരണമാണ് ദേശാഭിമാനിയിൽ വന്ന ലേഖനമെന്നും ജി സുകുമാരൻ നായർ വിമർശിച്ചു. ഗുരുവായൂർ സത്യാഗ്രഹത്തിൽ നിന്നും മന്നത്തെ ഒഴിവാക്കി. ഇത് അധാർമ്മികമാണ്. ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് എൻഎസ്എസ് തിരിച്ചറിയുന്നുണ്ടെന്നും സുകുമാരൻ നായർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.

മന്നം സമാധി ദിനത്തിലെ ദേശാഭിമാനി ലേഖനം വലിയ ശ്രദ്ധ നേടിയിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മന്നത്തിന്റെ നവോത്ഥാന സംഭാവനകൾ ചെറുതായി കാണാനാവില്ല എന്നായിരുന്നു ലേഖനം. വൈക്കം ഗുരുവായൂർ സമരങ്ങളുടെ വേരുകൾ വർഗ സമര രാഷ്ട്രീയത്തിലായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മന്നത്തിന്റെ സംഭാവനകളെ ചെറുതായി കാണാനാവില്ലെന്നും ലേഖനത്തിൽ പരാമർശമുണ്ടായിരുന്നു.

നേരത്തെ എൻഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടായിരുന്നു ശബരിമല യുവതി പ്രവേശനത്തിന് എതിരായ നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറായത്. ഈ ആവശ്യത്തിന് സർക്കാർ അംഗീകാരം നൽകുകയുമുണ്ടായി. ഇതോടെ എൻഎസ്എസുമായുള്ള ഏറ്റുമുട്ടൽ പാത ഒഴിവാക്കുകയാണ് സർക്കാർ ചെയ്തിരുന്നത്. തെരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തിൽ എല്ലാ വിഭാഗത്തെയും ഒപ്പംനിർത്തുക എന്ന തന്ത്രമാണ് സർക്കാർ പയറ്റിയത്.

സർക്കാറിന്റെ ഈ തീരുമാനത്തിൽ സുകുമാരൻ നായരും സന്തുഷ്ടിയാണ് രേഖപ്പെടുത്തിയത്. അതേസമയം, സർക്കാരിന്റേത് ആത്മാർത്ഥമായ നടപടിയാണോ എന്ന കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നായിരുന്നു ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞത്. ഇപ്പോഴെങ്കിലും സർക്കാർ ഔചിത്യപൂർവം പെരുമാറി എന്നാണ് കരുതുന്നത്. ഇതുകൊണ്ട് ശബരിമല വിഷയം തീരുമെന്ന് കരുതേണ്ടതില്ല. ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തിന്റെ നിലപാടിൽ മാറ്റമെന്തെങ്കിലും ഉണ്ടായി എന്ന് ഇതുകൊണ്ട് കരുതേണ്ടതില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

തെരഞ്ഞെടുപ്പു അടുത്തിരിക്കവേ സമദൂരമാണ് സിദ്ധാന്തമെന്ന് പറയുമ്പോഴും എൻഎസ്എസ് നേതൃത്വം കോൺഗ്രസുമായി അടുക്കുന്നു എന്ന സൂചനയാണ് മന്നം വിഷയത്തിൽ ദേശാഭിമാനി വിമർശനത്തിലൂടെ വ്യക്തമാകുന്നത്.