ചങ്ങനാശ്ശേരി: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്. ഇപ്പോഴും അത് നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് സമദൂരം എന്ന മുൻ നിലപാട് തിരുത്തിക്കൊണ്ട് സുകുമാരൻ നായർ പ്രസ്താവന നടത്തിയത്. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളിലാണ് സുകുമാരൻ നായർ വോട്ട് രേഖപ്പെടുത്തിയത്.

ഇവിടെ പ്രധാന മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല എന്ന അഭിപ്രായമാണ് തനിക്കുള്ളത്. ആ മൂല്യങ്ങൾ സംരക്ഷിക്കാൻ ജനങ്ങൾ മുൻകൈ എടുക്കും എന്നാണ് പ്രതീക്ഷ. ഈ തിരഞ്ഞെടുപ്പ് അതിന് ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നു. വിശ്വാസികളുടെ പ്രതിഷേധത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. കുറവ് സംഭവിച്ചു കാണണമെന്ന് ആരും ആഗ്രഹിച്ചിട്ടില്ല.

അതിന്റെ പ്രതികരണം തീർച്ചയായിട്ടും ഉണ്ടാകുമെന്നും സുകുമാരൻ നായർ പറഞ്ഞു.ഭരണമാറ്റം വേണമോയെന്ന് ജനങ്ങൾ തീരുമാനിക്കേണ്ടതാണ്. ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്നാണ് താൻ മനസിലാക്കുന്നത്. അത് ജനങ്ങൾ ജനഹിതം അനുസരിച്ച് ചെയ്യട്ടെ. അതേപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.