തിരുവനന്തപുരം: മേൽവിലാസത്തിലെ പ്രശ്‌നം മൂലം സമൻസ് മടങ്ങുന്ന പ്രശ്‌നത്തിനു അധികം താമസിയാതെ പരിഹാരമാകും. ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി സമൻസ് അയക്കുന്നതിന് നിയമപ്രാബല്യം നൽകാൻ സർക്കാർ നിയമ നിർമ്മാണം നടത്താൻ ഒരുങ്ങുകയാണ്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഇത്തരമൊരു നടപടികയിലേക്ക് സർക്കാർ കടകക്ുന്നത്.

1973 ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ വകുപ്പുകൾ ഭേദഗതി ചെയ്യണമെന്ന ഹൈക്കോടതി രജിസ്റ്റ്രാറുടെ ശുപാർശയെ തുടർന്നാണു നിയമനിർമ്മാണത്തിനു മന്ത്രിസഭ തീരുമാനിച്ചത്. ക്രിമിനൽ നടപടി നിയമ സംഹിതയിലെ 69, 91 വകുപ്പുകളാണു ഭേദഗതി ചെയ്യുക. ഹാജരാകുന്നതിനു സാക്ഷികൾക്കു തപാൽ വഴി സമൻസ് അയയ്ക്കുന്നതുമായി ബന്ധപ്പെട്ടും വ്യക്തികളിൽ നിന്നു കേസുമായി ബന്ധപ്പെട്ട രേഖകളോ വസ്തുക്കളോ ഹാജരാക്കുന്നതിന് അറിയിപ്പു നൽകുന്നതുമായി ബന്ധപ്പെട്ടുമാണ് ക്രിമിനൽ നടപടി സംഹിതയിലെ വകുപ്പുകൾ. ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി സമൻസ് അയയ്ക്കണമെങ്കിൽ നിയമ നിർമ്മാണം വേണം.

സംസ്ഥാന കോർട്ട് മാനേജ്‌മെന്റ് സിസ്റ്റം കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതി രജിസ്റ്റ്രാർ സർക്കാരിനു ശുപാർശ സമർപ്പിച്ചത്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സമൻസ് അയയ്ക്കുന്ന സംവിധാനമുണ്ടായാൽ മേൽവിലാസത്തിലെ പ്രശ്‌നം മൂലം സമൻസ് മടങ്ങുന്ന പ്രശ്‌നത്തിനു പരിഹാരമാകും. തപാൽ മുഖേന സമൻസ് അയയ്ക്കുന്നതിനുള്ള സമയ നഷ്ടവും പരിഹരിക്കപ്പെടും.

നേരത്തെ കോടതികളിലെ ഫയലിങ് നടപടികൾ ഓൺലൈനാക്കുന്നതിനുള്ള ശുപാർശയ്ക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരുന്നു. ഹൈക്കോടതി ഫുൾ കോർട്ട് അംഗീകാരം നൽകുന്നതോടെ ഇലക്ട്രോണിക് ഫയലിങ് ചട്ടങ്ങൾ നിലവിൽ വരും. കേരളത്തിലെ കോടതി നടപടികൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടാണ് ഹൈക്കോടതി ഇലക്ട്രോണിക് ഫയലിങ് ചട്ടത്തിന് രൂപം നൽകിയത്. ഇതനുസരിച്ച് കോടതികളുടെ വെബ് പോർട്ടൽ മുഖേന ഓൺലൈനായിട്ടായിരിക്കും ഹർജികളും അനുബന്ധ പത്രികകളും നൽകേണ്ടത്.

കേസ് ഫയൽ ചെയ്യുന്ന വ്യക്തി ഇ ഫയലർ എന്നായിരിക്കും അറിയപ്പെടുക. കോടതി ഫീസും മറ്റും ഓൺലൈനായി തന്നെ അടയ്ക്കാം. കേസിലെ രേഖകൾ സ്‌കാൻ ചെയ്തു ഹർജിയോടൊപ്പം പിഡിഎഫ് ഫോർമാറ്റിൽ നൽകണം. സത്യവാങ്മൂലങ്ങളും എതിർ സത്യവാങ്മൂലങ്ങളും മറുപടികളുമെല്ലാം ഇത്തരത്തിൽ ഓൺലൈനായി സമർപ്പിക്കാം. കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ഇ മെയിൽ വഴി വ്യവഹാരികൾക്കും ബന്ധപ്പെട്ട കക്ഷികൾക്കും നൽകും.

ഒപ്പുകൾ ഡിജിറ്റൽ സിഗ്‌നേച്ചറായി രേഖപ്പെടുത്താം. അല്ലാത്ത പക്ഷം ആധാർ നമ്പർ നൽകി സ്വയം സാക്ഷ്യപ്പെടുത്താം. ഓൺലൈൻ കോടതി നടപടികളുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക സഹായം നൽകാൻ എല്ലാ കോടതികളിലും പ്രത്യേകം കൗണ്ടറുകളുണ്ടാകും. അതേസമയം ഓൺലൈൻ കോടതി ചട്ടം ആവിഷ്‌കരിച്ചതിൽ അഭിഭാഷക സംഘടനകളുടെ അഭിപ്രായം ആരാഞ്ഞില്ലെന്നും വിമർശനമുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഹൈക്കോടതിയിലടക്കം ഇ ഫയലിങ് സംവിധാനം ഇപ്പോൾ തന്നെ നിലവിലുണ്ട്.