കോട്ടയം: മുഖ്യമന്ത്രിയുടെ ഓഫിസിൽ ഒനിഷ്ടകാരനുണ്ടെങ്കിൽ നിങ്ങളുടെ ജീവിതം തീർന്നു. ഈ പകപൊക്കലിന്റെ ഇരയാണ് ഇടുതുപക്ഷത്തോടൊപ്പം ചേർന്ന് നിൽക്കുന്ന മാധ്യമ പ്രവർത്തകനായ സുമോദ് കോവിലകം. സുമോദിനെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന വാർത്ത്ക്ക് പിന്നിൽ ഈ പ്രതികാരമാണ്. വ്യാജ പരാതി നൽകി പൊലീസിനെ കൊണ്ട് കേസെടുപ്പിക്കുന്ന തന്ത്രം. ഇതിനെതിരെ സുമോദ് ഇന്നലെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ഇതുകൂടാതെ മാനനഷ്ടത്തിന് കോടതിക്കും അപേക്ഷ നൽകി.

2012 ൽ ഒൻപത് വർഷങ്ങൾക്ക് മുൻപ് തനിക്ക് സുമോദ് ലക്ഷക്കണക്കിന് രൂപ നൽകുവാൻ ഉണ്ടെന്ന കോട്ടയം സ്വദേശിസേജുലാലിന്റെ പരാതിയാണ് വിവാദമായിരിക്കുന്നത്. എന്നാൽ 29/06/2015 ൽ ഇതേ വ്യക്തിക്കും ഇദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്തായ ഡാനി പ്രകാശിനുമെതിരെ സുമോദ് കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിനും പെറ്റീഷൻ 46553/2015/K കോട്ടയം ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടറിനും പരാതി നൽകിയിട്ടുണ്ട്. ഈ സമയത്തൊന്നും 2012 ൽ സുമോദ് പൈസ വാങ്ങി പറ്റിച്ചെന്ന പരാതി മേൽ കക്ഷികൾ പൊലീസിലോ കോടതിയിലോ പരാതിപ്പെട്ടിട്ടില്ല. 2016 ൽ സേജുലാലിന്റെ സുഹൃത്തായ സി.എസ്. പ്രഭാകരൻ സുമോദിനെതിരെ കോട്ടയംപ്രിൻസിപ്പൽ സബ് കോടതിയിൽ ഒരു സിവിൽ കേസ് ഫയൽ ചെയ്യുകയുണ്ടായി. (OS No. 38/16, Prl. Subcourt) കേസിൽ സുമോദിന് അനുകൂലമായ വിധി ഉണ്ടായി.

സുമോദിന്റെ ഒപ്പ് വ്യാജമായി ഇട്ട് കോടതിയിൽ കേസ് കൊടുത്തതിന് സി.എസ്. പ്രഭാകരനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുവാൻ കോടതിയുടെ മൊഴി പകർപ്പ് ആവശ്യപ്പെട്ട് സുമോദ് ഹർജി കൊടുത്തതിനെ തുടർന്ന് സി.എസ്. പ്രഭാകരൻ ആ കേസിൽ നിന്ന് രക്ഷപ്പെടുവാൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ പീരിഡിന്റെ സമയ പരിധികഴിഞ്ഞാണ് അപ്പീലിന് മേൽ വ്യക്തി പോയിരിക്കുന്നത്. സിപിഐയുടെ സോഷ്യൽ മീഡിയ വിഭാഗത്തിൽ ജോലി ചെയ്യുന്ന സുമോദിനെ 2019 ൽ ചീഫ് വിപ്പായ കെ. രാജന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുവാൻ പാർട്ടിതീരുമാനിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ഫയൽ മുഖ്യമന്ത്രിയുടെ മുൻപിൽ എത്തിയതിനു പിന്നാലെ സേജുലാൽ എന്ന വ്യക്തി (സുമോദ് വർഷങ്ങൾക്കുമുൻപ് കേസ് കൊടുത്ത വ്യക്തി) സുമോദ് അയാൾക്ക് പൈസ കൊടുക്കാനുണ്ടെന്ന പരാതി മുഖ്യമന്ത്രിക്ക് നൽകി. ഇതോടെ എന്നെ ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ട എന്ന് സുമോദ് പാർട്ടിയെ അറിയിച്ചു. സുമോദിന്റെ പദവി തകർക്കുകയും സുമോദിനെ അപമാനിക്കുകയും ചെയ്യകയായിരുന്നു ഈ പരാതിയുടെ പിന്നിലുള്ള ലക്ഷ്യം എന്ന് വ്യക്തമാണ്. പിന്നീട് ഇദ്ദേഹത്തിന്റെ പരാതി ചൂണ്ടിക്കാട്ടി സുമോദ് കോട്ടയം ഡിസ്ട്രിക്റ്റ് കോടതിയിൽ അപേക്ഷ നൽകുകയും 2012 ൽ നടന്നു എന്നുപറയുന്ന പരാതിയുടെ സുതാര്യത ചോദ്യം ചെയ്തുകൊണ്ടുള്ള പരാമർശത്തോടെ സുമോദിന് മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു.

ഈ കേസ് കാൻസൽ ചെയ്യണമെന്ന് അഭ്യർത്ഥിച്ച് സുമോദ് ഹൈക്കോടതിയെ സമീപിക്കുന്ന സമയത്താണ് കോവിഡ് മൂലം കോടതി നടപടികൾ വൈകിയത്. ഇതിനിടെ മുഖ്യമന്ത്രിക്ക് കിട്ടിയ പരാതി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ തീർപ്പിനായി എത്തി. സുമോദ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി നൽകി. അന്ന് ഇരുന്ന സബ് ഇൻസ്പെക്ടർ സുമോദിന്റെ വാദങ്ങൾ അംഗീകരിച്ചു. പിന്നീട് ഒരു വർഷത്തിനുശേഷം ഇതേ സ്റ്റേഷനിൽ നിന്ന് മറ്റൊരു സബ് ഇൻസ്പെക്ടർ ഇതേ കേസിന്റെ നടപടിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. സ്റ്റേഷനിൽ എത്തിയപ്പോൾ പുതിയതായി ചാർജ്ജ് എടുത്ത സർക്കിൾ ഇൻസ്പെക്ടർ മുൻവിധിയോടെ സുമോദിനോട് പെരുമാറുകയും കേസ് ചാർജ്ജ് ചെയ്യുകയാണ് എന്ന് പറയുകയു ചെയ്തു.

അപ്പോൾ തന്നെ സുമോദ് അതിന് സമ്മതം അറിയിക്കുകയും സ്റ്റേഷനിൽ നിന്ന് പോരുകയും ചെയ്തു. പിറ്റേദിവസം രാവില കേരളത്തിലെ പ്രമുഖമായ ഒരു പത്രത്തിൽ സുമോദ് ഒരു തട്ടിപ്പുകാരൻ ആണെന്ന തരത്തിലുള്ള വാർത്തവരുകയും അപമാനം ഉണ്ടാകുകയും ചെയ്തു. എട്ട് വർഷമായി തലസ്ഥാനത്ത് മാധ്യമ പ്രവർത്തനം ചെയ്യുന്ന സുമോദ് പൊലീസ്ഹെഡ് ക്വാർട്ടേഴ്സിൽ ജോലി ആണെന്ന് പറഞ്ഞ് സേജുലാലിനെയും, മിഥുനിനെയും പറ്റിച്ച് പൈസ വാങ്ങിച്ചു എന്നാണ് വാർത്തയിൽ പറഞ്ഞത്. കഴിഞ്ഞ വർഷങ്ങളിൽ എല്ലാ പ്രമുഖ മാധ്യമങ്ങളിലും കോളനിസ്റ്റ് ആയി ജോലി നോക്കുന്ന സുമോദിന്റ ബൈലൈനുകൾ വച്ചാണ് വാർത്തകൾ വരാറുള്ളത്.

2015ൽ മേൽ പറഞ്ഞ കക്ഷികൾക്കെതിരെ സുമോദ് കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിന് കൊടുത്ത പരാതിയിൽ തന്നെ താൻ ഒരു മാധ്യമ പ്രവർത്തകനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു വ്യക്തി പൊലീസിൽ ജോലി ഉണ്ടെന്ന് പറഞ്ഞു പറ്റിച്ചു എന്നാണ് പരാതിക്കാർ ആരോപിച്ചിരിക്കുന്നത്. വാർത്ത വന്നതിന്റെ പിറ്റേദിവസം സുമോദ് ആ മാധ്യമ സ്ഥാപനത്തിൽ എത്തുകയും സത്യാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ അദ്ദേഹം പോയതിന്റെ പിന്നാലെ സുമോദ് 2015 ൽ പരാതികൊടുത്തിരുന്ന ഡാനിപ്രകാശ് എന്ന വ്യക്തി പൊലീസ് സ്റ്റേഷനിൽ എത്തി സുമോദ് അദ്ദേഹത്തിന് പണം നൽകുവാൻ ഉണ്ടെന്ന വ്യാജ പരാതി നൽകി. പിറ്റേദിവസത്തിലെ പത്രത്തിൽ ഇതും വാർത്തയാക്കി അപമാനിച്ചു.

ഇതിനെ തുടർന്ന് സംസ്ഥാന മുഖ്യമന്ത്രിക്കും കോടതിക്കും ഇന്നലെ സുമോദ് പരാതി നൽകി. ഈ കാര്യത്തിൽ അന്വേഷണം നടത്തണമെന്നും നിരന്തരം വാർത്ത നൽകി തന്നെ അപമാനിക്കുന്ന കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിരിക്കുകയാണ്. തനിക്ക് വന്ന അപമാനത്തിന് ഹൈക്കോടതിയിൽ മാനനഷ്ടക്കേസിനുള്ള നടപടികൾ തുടങ്ങിയിരിക്കുകയാണ്. നിരന്തരമായി അടിസ്ഥാന രഹിതമായ പരാതികൾ നൽകി തന്നെ അപമാനിക്കുകയാണ് മേൽ കക്ഷികളുടെ ലക്ഷ്യം. ഇന്ന് 35 ലക്ഷം രൂപ നൽകാനുണ്ടെന്ന് പറഞ്ഞ് കേസ് കൊടുത്ത ഡാനി പ്രകാശ് 7 ലക്ഷം രൂപ തനിക്ക് നൽകുവാനുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

നിരന്തരമായ പരാതികളിലൂടെ സമൂഹത്തിൽ നല്ല രീതിയിൽ ജീവിക്കുന്ന വ്യക്തിയെ വ്യക്തിഹത്യ നടത്തുകയും കരിയർ നശിപ്പിക്കുകയുമാണ് ഇവരുടെ ലക്ഷ്യം ഇവർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുവാനാണ് സുമോദിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് തനിക്ക് പിന്നാലെയുള്ളതെന്ന തിരിച്ചറിവുണ്ടെന്ന് സുമോദ് മറുനാടനോട് പറഞ്ഞു.