കോഴിക്കോട്: തോൽവിയുടെ ആഘാതത്തിൽ നിന്നും എങ്ങനെ കരകയറും എന്ന ഉഴറുന്ന കോൺഗ്രസിൽ മുല്ലപ്പള്ളിയുടെ തല ഉരുളുമോ? കെപിസിസി അധ്യക്ഷൻ രാജിവെക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ശക്തമായി ഉയരുകയാണ്. മുസ്ലിംലീഗ് വലിയ തോൽവി ഏറ്റു വാങ്ങിയിട്ടും സമസ്ത മുഖപത്രമായ സുപ്രഭാതം കോൺഗ്രസിനെയും നേതൃത്വത്തെയും കുറ്റപ്പെടുത്തി രംഗത്തെത്തി. മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമർശിച്ച കൊണ്ടാണ് സുപ്രഭാതത്തിന്റെ എഡിറ്റോറിയൽ.

പരാജയ കാരണങ്ങൾ വിശദമായി പഠിച്ച് പാളിച്ചകൾ മനസിലാക്കാമെന്ന പതിവു പല്ലവി തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ കോൺഗ്രസ് നേതൃത്വം ആവർത്തിക്കുകയാണെന്ന് സുപ്രഭാതം കുറ്റപ്പെടുത്തി. കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ മനസിലിരിപ്പ് മാനത്തുകണ്ട കേരളത്തിലെ മതനിരപേക്ഷ സമൂഹം ഇടത് മുന്നണിക്കൊപ്പം നിന്നുവെന്നും പത്രം പറഞ്ഞു.

ന്യൂനപക്ഷ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും സുപ്രഭാതം പറഞ്ഞു. സി.എ.എ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പലവട്ടം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചുകൊണ്ടിരുന്നപ്പോഴും അതേപ്പറ്റി ക, മ എന്നുപോലും ഉരിയാടാത്ത പല കോൺഗ്രസ് നേതാക്കളും കേരളത്തിലുണ്ടായിരുന്നെന്നും പത്രം പറയുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അവരിൽ പ്രധാനിയായിരുന്നുവെന്നും എഡിറ്റോറിയലിൽ പറഞ്ഞു.

'നേമത്ത് കെ. മുരളീധരൻ മത്സരിച്ചപ്പോൾ അങ്ങോട്ടൊന്ന് എത്തിനോക്കാൻ പോലും മുല്ലപ്പള്ളി രാമചന്ദ്രൻ തയാറായില്ല. ഇത്തരം കെപിസിസി പ്രസിഡന്റുമാരുണ്ടാകുമ്പോൾ എങ്ങനെയാണ് യു.ഡി.എഫ് ജയിച്ചുകയറുക. എല്ലാ മണ്ഡലങ്ങളും നോക്കാൻ ഉണ്ടാകുമ്പോൾ താൻ എങ്ങനെ മത്സരിക്കുമെന്നു ചോദിച്ച നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രൻ,' സുപ്രഭാതം മുഖ്രസംഗം പറഞ്ഞു. ശശി തരൂർ, വി.ഡി സതീശൻ, കെ. മുരളീധരൻ, കെ. സുധാകരൻ എന്നിവരെപ്പോലുള്ള, ജാതി, മത വ്യത്യാസം കാണിക്കാത്ത, ഗ്രൂപ്പുകൾക്ക് അതീതരായ, കറ കളഞ്ഞ മതനിരപേക്ഷ ജനാധിപത്യ കാവലാളുകളായ നേതാക്കൾക്ക് മാത്രമേ കോൺഗ്രസിനെ രക്ഷിക്കാനാകൂ എന്നും സുപ്രഭാതം പറഞ്ഞു.

അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തോൽവിക്ക് പിന്നാലെയുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡിനു വിട്ടിരിക്കയാണ് മുല്ലപ്പള്ളി. മുല്ലപ്പള്ളി രാജി സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചുവെന്നാണ് സൂചനകൾ. അതേസമയം, മുല്ലപ്പള്ളി ഇക്കാര്യം സ്ഥിരീകിരിച്ചിട്ടില്ല. എല്ലാ തീരുമാനവും ഹൈക്കമാൻഡ് എടുക്കട്ടെ എന്ന നിലപാടാണ് നേതാക്കളുമായുള്ള ചർച്ചകളിൽ മുല്ലപ്പള്ളി സ്വീകരിച്ചത്. തോൽവി സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് അദ്ദേഹം എ.ഐ.സി.സിക്ക് കൈമാറിയെന്നാണു വിവരം.

കെപിസിസി പ്രസിഡന്റ് രാജി സന്നദ്ധത എ.ഐ.സി.സിയെ അറിയിച്ചുവെന്നാണു എ.ഐ.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ് വ്യക്തമാക്കിയത്. രാജിവെക്കുന്നതിന് മുമ്പ് രാഷ്ട്രീയകാര്യ സമിതിയും നിർവാഹക സമിതിയും വിളിച്ചു പരാജയം ഗൗരവമായി ചർച്ച ചെയ്യണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോൽവി കാര്യമായി ചർച്ചക്കെടുത്ത് പരിഹാരം കാണാത്തത് കൂടിയാണ് ഈ തോൽവിയെന്നും ശരത്ചന്ദ്ര പറഞ്ഞു. അതേസമയം, ജില്ലയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം. ലിജു ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. കണ്ണൂരിൽ സതീശൻ പാച്ചേനിയും ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.