ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണാ നടപടികൾ പൂർത്തിയാക്കാൻ സുപ്രീംകോടതി ആറ് മാസത്തെ സമയം കൂടി അനുവദിച്ചു. ഇനി സമയം നീട്ടി നൽകില്ല എന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിർദേശിച്ച സമയത്തിന് ഉള്ളിൽ പൂർത്തിയാക്കാൻ സഹകരിക്കണം എന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീം കോടതി പുറത്ത് ഇറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികൾ ഫെബ്രുവരി ആദ്യ വാരം പൂർത്തിയാകേണ്ടത് ആയിരുന്നു. എന്നാൽ പ്രോസിക്യുഷന്റെ ട്രാൻസ്ഫർ പെറ്റിഷനുകളും, പ്രോസിക്യുട്ടർ ഹാജരാകാത്തതിനാലും സുപ്രീം കോടതി നിർദേശിച്ച സമയത്തിന് ഉള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്ന് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് സുപ്രീം കോടതിയെ കത്തിലൂടെ അറിയിച്ചു. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ച് കൊണ്ട് ഓഗസ്റ്റ് മാസത്തിന് ഉള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണം എന്ന് സുപ്രീം കോടതി നിർദേശിച്ചു.

കേസിലെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ആയിരുന്നു 2019 നവംബർ 29 ന് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാൽ കോവിഡും ലോക്ഡോണും കാരണം വിചാരണ നടപടി നീണ്ടു പോയിരുന്നു. ഇത് രണ്ടാം തവണ ആണ് വിചാരണ പൂർത്തിയാക്കാൻ ഉള്ള സമയം സുപ്രീം കോടതി നീട്ടി നൽകുന്നത്.

നേരത്തെ നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണ കോടതി തള്ളിയിരുന്നു. ഈ വിധി ദിലീപിന് വലിയ ആശ്വാസമാണ് ഉണ്ടായത്. സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഹർജിയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. നടൻ ദിലീപിന്റെ പ്രേരണയിലും ആസൂത്രണത്തിലുമാണ് നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത് എന്നാണ് കേസിലെ പ്രധാന ആരോപണം. കേസുമായി ബന്ധപ്പെട്ട വിവിധയാളുകൾക്ക് കോവിഡ് രോഗബാധയുണ്ടായതിനെത്തുടർന്നും കോടതി മാറ്റണം എന്ന ആവശ്യത്തെത്തുടർന്നുമൊക്കെ ഇതുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ പലവട്ടം മുടങ്ങിയിരുന്നു.

മാപ്പുസാക്ഷികളിൽ ഒരാളായ വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിൽ കെ.ബി. ഗണേശ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറിയെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന് വേണ്ടിയാണ് ഗണേശിന്റെ സെക്രട്ടറി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ഇതാണ് അംഗീകരിക്കാത്തത്. സമർത്ഥമായ വാദങ്ങൾ ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ള ഉയർത്തി. ഇതാണ് അംഗീകരിക്കപ്പെട്ടത്.

കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രധാന സാക്ഷികളായ വിപിൻ ലാൽ, ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ശ്രമിച്ചെന്നും വ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപ് കോടതിയിൽ വാദിച്ചത്.

പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താൻ ആയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഹർജി തള്ളണമെന്നും ദിലീപിനായി രാമൻപിള്ള വാദിച്ചു. ഇത് കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ്. ദിലീപിന് ജാമ്യത്തിൽ തുടരാമെന്ന് കോടതി വ്യക്തമാക്കി. സിനിമാമേഖലയിൽനിന്നടക്കമുള്ള സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ ഈ വാദങ്ങളെല്ലാം വിചാരണ കോടതി നിരാകരിക്കുകയായിരുന്നു. ദിലീപ് നേരിട്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയതെന്നാണ് റിപ്പോർട്ട്.