ന്യൂഡൽഹി: നിരോധിത പുസ്തകം കൈവശം വയ്ക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്താൽ എങ്ങനെയാണ് യുഎപിഎ വകുപ്പിൽ കേസെടുക്കുന്നത് ചോദിച്ചു സുപ്രീംകോടതി. . പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട നടപടികൾക്കിടെയാണ് സുപ്രീം കോടതി ദേശീയ അന്വേഷണ ഏജൻസിയോട് സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചത്. ബുധനാഴ്ചയായിരുന്നു കോടതി കേസ് പരിഗണിച്ചത്.

മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം ആരോപിച്ച് കോഴിക്കോട് നിന്ന് അറസ്റ്റിലായ നിയമ വിദ്യാർത്ഥിയായ അലൻ ഷുഹൈബിന് വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് സ്ഥിരീകരിച്ച കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യ്തുകൊണ്ട് എൻഐഎ സമർപ്പിച്ച ഹർജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ പരാമർശങ്ങൾ. ജസ്റ്റിസുമാരായ അജയ് റസ്തോഗി, അഭയ് ശ്രീനിവാസ് ഓഖ, എന്നവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

പന്തീരങ്കാവ് യുഎപിഎ കേസിൽ വിചാരണ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത കേസിലെ മറ്റൊരു പ്രതിയായ ജേർണലിസം വിദ്യാർത്ഥി ത്വാഹ ഫസൽ സമർപ്പിച്ച ഹർജിയും കോടതിയുടെ മുന്നിലെത്തിയിരുന്നു. ഒരു വ്യക്തിയിൽ നിരോധിത സാഹിത്യം കണ്ടെടുത്താൽ, നിരോധിത സംഘടനയിയിൽ അംഗത്വം, മുദ്രാവാക്യം വിളികൾ എന്നിവയുടെ പേരിൽ യുഎപിഎ നിയമപ്രകാരം കുറ്റം ചുമത്താനാകുമോ എന്നായിരുന്നു സുപ്രീം കോടതി ദേശീയ അന്വേഷണ ഏജൻസിയോട് ചോദിച്ചത്.

ഒരു വ്യക്തിയുടെ വീട്ടിൽ കണ്ടെത്തിയ വസ്തുക്കളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഭീകര സംഘടനയിലെ അംഗമാണെന്ന് നിങ്ങൾക്ക് അനുമാനിക്കാൻ കഴിയുമെന്നാണോ പറയുന്നത്?. നിങ്ങളുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അവർ മാസങ്ങളോളം തടവിൽ കിടന്നിട്ടുണ്ടോ? പ്രതികൾ കുറ്റകരമായ പ്രവർത്തികൾ നടത്തിയെന്ന് തെളിയിക്കുന്നതിന് ആവശ്യമായ വസ്തുക്കൾ എവിടെയാണെന്നും 'ജസ്റ്റിസ് റസ്തോഗി ചോദിച്ചു.

ഇതിന് മറുപടി പറഞ്ഞ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ജമ്മു കശ്മീരിനെ സ്വാതന്ത്ര്യമാക്കുന്നതിനും സായുധ വിപ്ലവത്തിനും പ്രേരിപ്പിക്കുന്ന പുസ്തകത്തിന് ഒപ്പം ധാരാളം ഇലക്ട്രോണിക് തെളിവുകളും പ്രതികളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. 15 മാവോയിസ്റ്റ് അനുകൂല നോട്ടീസുകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, അറിയപ്പെടുന്ന ഒരു 'സെമിഅണ്ടർഗ്രൗണ്ട്' മാവോയിസ്റ്റ് നേതാവുമായി ഇരുവരും രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പിടിയിലായത്.

'ഒരു വിദ്യാർത്ഥിക്ക് നിരോധിത സംഘടനയുടെ 15 നോട്ടീസുകളോ നിരോധിത സംഘടനയിലെ അംഗങ്ങളുമായി കൂടിക്കാഴ്ചകളോ ഉണ്ടാകില്ല. ഈ സാഹചര്യങ്ങൾ പരിശോധിച്ചാൽ പ്രതികൾ ഇത്തരം സംഘടനയിൽ അംഗമാണെന്ന് അനുമാനിക്കാം'. എന്നാൽ മാവോയിസ്റ്റ് സംഘടനയിൽ ഒരു വ്യക്തിയുടെ അംഗത്വം കാണിക്കുന്ന സ്ലിപ്പുകൾ അന്വേഷണ ഏജൻസി ഹാജരാക്കുമെന്ന് കോടതിക്ക് പ്രതീക്ഷിക്കാനാവില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.

അതിനിടെ, അലൻ ഷുഹൈബ് താഹ ഫസൽ എന്നിവരുടെ പ്രായം സംബന്ധിച്ചും ഇന്നലെ കോടതിയിൽ ചർച്ച ഉയർന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേസെടുക്കുമ്പോൾ കേസെടുക്കുമ്പോൾ അലൻ ഷുഹൈബിന് 19തും, താഹ ഫസലിന് 23 വയസുമായിരുന്നു പ്രായം. എന്നാൽ, തീവ്രവാദത്തിന് പ്രായമില്ലെന്നായിരുന്നു എൻഐഎ ഇക്കാര്യത്തിൽ നൽകിയ മറുപടി.