കോട്ടയം: പാലാ ബിഷപ്പിനെ പിന്തുണച്ച് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ബിഷപ്പ് ഒരു മതത്തേയും പരാമർശിച്ചിട്ടില്ല. വർഗീയ പരാമർശം നടത്തിയിട്ടുമില്ല എന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഇന്ന് രാവിലെ പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് സുരേഷ് ഗോപി ചോദിച്ചു. നാർക്കോട്ടിക് ജിഹാദ് പരാമർശം ചർച്ച ചെയ്തോ എന്ന ചോദ്യത്തിന് അങ്ങനെയുള്ള വൃത്തികെട്ട വാക്കുകളൊന്നും ഉപയോഗിക്കരുത്, എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. ഒരു മതത്തിനെയും അദ്ദേഹം റഫർ ചെയ്തിട്ടില്ല. ചില ആക്ടിവിറ്റീസിനെ റഫർ ചെയ്തിട്ടുണ്ടാകാമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

ബിഷപ്പ് പ്രാതലിന് ക്ഷണിച്ചു. ഞാൻ വന്നു, കഴിച്ചു. സൗഹൃദം പങ്കുവച്ചു. ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അദ്ദേഹം കൂട്ടിച്ചേർത്തു. ബിഷപ്പും താനുമായി മാധ്യമങ്ങൾ അറിയേണ്ട കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും എംപി വ്യക്തമാക്കി. നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ്പ് സഹായം തേടുകയാണെങ്കിൽ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു. അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കില്ല. കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ.

ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്നും ചൊവ്വാഴ്ച സുരഷ് ഗോപി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സന്ദർശനം. പാലാ ബിഷപ് ആവശ്യപ്പെട്ടതു പ്രകാരമാണോ കൂടിക്കാഴ്ച എന്ന് വ്യക്തമല്ല. നേരത്തെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്ന് പ്രതിഷേധമുയർന്നുപ്പോൾ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ബിജെപി കത്തയച്ചത്. കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് ബിഷപ്പിനെതിരെ നീങ്ങുകയാണ്. ഈ ധൈര്യത്തിലാണ് തീവ്രവാദ സംഘടനകൾ മുന്നോട്ടുപോകുന്നത്. ഇത് കണക്കിലെടുത്ത് ബിഷപ്പിനും ക്രൈസ്തവ വിശ്വാസികൾക്കും സുരക്ഷ ഒരുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ജോർജ് കുര്യൻ പ്രതികരിച്ചു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തിയ പ്രസ്താവനകളാണ് തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്താൻ ധൈര്യം നൽകിയതെന്നും ഭീഷണിപ്പെടുത്തുന്ന തരം ഭാഷയാണ് പ്രതിഷേധ ജാഥയിൽ ഉപയോഗിച്ചതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്നും ബിജെപി സംരക്ഷിക്കുമെന്നും നേരത്തെ കേന്ദ്ര മന്ത്രി വി.മുരളീധരൻ, ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് തുടങ്ങിയവർ വ്യക്തമാക്കിയിരുന്നു. ബിഷപ്പിന് പിന്തുണയുമായി നേതാക്കൾ എത്തുകയും ചെയ്തിരുന്നു.