കട്ടപ്പന: പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ച് ബിജെപി എംപി സുരേഷ് ഗോപി. സർക്കാറിന്റെ ഭാഗത്ത് നിന്നും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും നല്ല ബുദ്ധിയുള്ള സർക്കാരാണ് ഇവിടെയുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല. അദ്ദേഹം രാഷ്ട്രീയക്കാരൻ മാത്രമല്ല, ഭരണകർത്താവ് കൂടിയാണ്. അദ്ദേഹം പറയേണ്ടതില്ല. ചെയ്താൽ മതിയെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

സർക്കാരിന് നല്ല ബുദ്ധിയുണ്ട്. അവർ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. എല്ലാത്തിനും മറുപടി പറയേണ്ട കാര്യം മുഖ്യമന്ത്രിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.'സർക്കാരിന് നല്ല ബുദ്ധിയുണ്ട്. അവർ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാർക്കും നന്നായിട്ട് കാര്യങ്ങൾ മനസിലായിട്ടുണ്ട്. അവരെന്തെങ്കിലും ചെയ്യട്ടെ. ചെയ്തിട്ട് അതിലെന്തെങ്കിലും രാജ്യതാൽപര്യത്തിന് എതിരാണെങ്കിൽ കുറ്റം പറഞ്ഞോളൂ. രാജ്യതാൽപര്യമാണ് പ്രധാനം. രാജ്യത്തെ പൗരന്മാരുടെ താൽപര്യം. മുഖ്യമന്ത്രി എല്ലാത്തിനും വന്ന് മറുപടി പറഞ്ഞുകൊണ്ടിരിക്കണോ? മുഖ്യമന്ത്രി രാഷ്ട്രീയക്കാരനല്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കസേരയുടെ മഹത്വം കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ചെയ്താൽപോരെ പറയണോ? '- സുരേഷ് ഗോപി ചോദിച്ചു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പറയുന്നകാര്യങ്ങൾക്ക് മറുപടി നൽകേണ്ട കാര്യം സർക്കാരിനില്ലെന്നായിരുന്നു പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ പരിഗണിച്ചില്ല.

നേരത്തെ സുരേഷ് ഗോപി പാലാ ബിഷപ്പിനെ കാണാൻ എത്തിയിരുന്നു. നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ്പ് സഹായം തേടിയാൽ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു. നാർക്കോട്ടിക് ജിഹാദിൽ കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്നുമായിരുന്നു ദിവസങ്ങൾക്ക് മുമ്പ് സുരേഷ് ഗോപി പറഞ്ഞത്.