തിരുവനന്തപുരം: സുരേഷ് ഗോപി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ തീയറ്ററുകളിലെത്തി. രഞ്ജി പണിക്കർ - സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും ചരിത്രം ആവർത്തിച്ചു എന്നാണ് പുറത്തുവരുന്ന പ്രേക്ഷക പ്രതികരണങ്ങൾ. സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ തിരിച്ചുവരവു ചിത്രമാണ് ഇതെന്നാണ് സിനിമാ പ്രേമികൾ അഭിപ്രായപ്പെടുന്നത്. ഇന്ന് രാവിലെയോടെയാണ് തിയേറ്ററിൽ റിലീസ് ചെയ്തത്.

ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോൾ പ്രേക്ഷകരുടെ പ്രതികരണവും പുറത്തുവന്നിരിക്കുകയാണ്. സിനിമയെ കുറിച്ച് മിശ്ര അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ പങ്കുവെച്ചിരിക്കുന്നത്. 90 കളിലെ സുരേഷ് ഗോപി സിനിമകളെ ഓർമ്മിപ്പിക്കും വിധത്തിലാണ് കാവലെന്നും അഭിപ്രായമുണ്ട്. ചിത്രത്തിലെ പഞ്ച് ഡയലോഗുകൾക്കും ആക്ഷൻ സീനുകൾക്കും മികച്ച പ്രതികരണമാണ് ഒരു വിഭാഗം പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. അതേസമയം ആക്ഷൻ സീനുകളെക്കാളും ഇമോഷണൽ സീനുകളായിരുന്നു കൂടുതലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

സുരേഷ് ഗോപി ആരാധകരെ പോലെ തന്നെ കുടുംബ പ്രേക്ഷകർക്കും ഒരുപോലെ കാണാൻ സാധിക്കുന്ന സിനിമയാണ് കാവലെന്നാണ് പ്രേക്ഷകർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. കാവൽ കേരളത്തിൽ 220 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. കേരളത്തിലെ 14 ജില്ലകളിലും ചിത്രത്തിന് ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു. ഗുഡ്വിൽ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. വിദേശത്തും സിനിമ റിലീസ് ചെയ്യുന്നുണ്ട്.

ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രൺജി പണിക്കരും ചിത്രത്തിൽ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷൻ ക്രൈം ത്രില്ലറാണ് 'കാവൽ'. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. നിഖിൽ എസ് പ്രവീണാണ് ഛായാഗ്രാഹകൻ.

സുരേഷ് ഗോപിയും രൺജി പണിക്കരും ഒന്നിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്നാണ് പ്രേക്ഷകർ പറയുന്നത്. കുടുംബ ബന്ധങ്ങളുടെയും ആത്മബന്ധങ്ങളുടെയും കഥ പറയുന്ന ചിത്രത്തിലെ വൈകാരിക രംഗങ്ങളിലും ഇരുവരും തിളങ്ങിയെന്നാണ് പ്രേക്ഷകർ പറയുന്നത്. പരിചയ സമ്പന്നർക്കൊപ്പം യുവതാരങ്ങളുടെ പ്രകടനവും എടുത്തുപറയണം.